സ്റ്റാമ്പ് ,തപാല്‍ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ച് ആന്‍ പോസ്റ്റ്

author-image
athira kk
New Update

ഡബ്ലിന്‍: ഫെബ്രുവരി മാസം മുതല്‍ തപാല്‍ നിരക്കില്‍ നേരിയ വര്‍ദ്ധനവ് പ്രഖ്യാപിച്ചു. സ്റ്റാമ്പിന്റെ വില 10 സെന്റാണ് വര്‍ദ്ധിപ്പിച്ചത്.അയര്‍ലണ്ടിനുള്ളിലേയ്ക്ക് അയയ്ക്കുന്ന കത്തുകളില്‍ ആവശ്യമായ സ്റ്റാമ്പിന്റെ വില നിലവിലെ 1.25 യൂറോയില്‍ നിന്ന് 1.35 യൂറോയിലേക്ക് ( 8% ) വര്‍ദ്ധിക്കും.

Advertisment

publive-image

എന്നാല്‍ വിദേശങ്ങളിലേക്കുള്ള ലെറ്റര്‍ സ്റ്റാമ്പ് നിലവിലെ 2.20 യൂറോയില്‍ തന്നെ തുടരും.

നിലവില്‍ €2.00 വിലയുള്ള ഒക്ടോബറില്‍ അവതരിപ്പിച്ച ഡിജിറ്റല്‍ സ്റ്റാമ്പും മാറ്റമില്ലാതെ തുടരും. പാക്കേജിന്റെ സേവനവും അളവും അനുസരിച്ച് രജിസ്റ്റര്‍ ചെയ്ത പോസ്റ്റിന്റെയും വലിയ എന്‍വലപ്പുകളുടെയും നിരക്കും വര്‍ദ്ധിക്കും.

കഴിഞ്ഞ മാര്‍ച്ചില്‍, ആന്‍ പോസ്റ്റ് ഒരു ആഭ്യന്തര സ്റ്റാമ്പിന്റെ വില 15 സെന്റ് വര്‍ധിപ്പിച്ച് 1.25 യൂറോ ആയും വിദേശത്തേക്ക് ഒരു കത്ത് അയക്കുന്നതിനുള്ള ചെലവ് 20 സെന്റ് വര്‍ധിപ്പിച്ച് 2.20 യൂറോയുമാക്കിയിരുന്നു.

ഗതാഗതം, ഇന്ധനം, ഊര്‍ജം, പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ മേഖലകളിലെ ചെലവ് വര്‍ധിച്ചതാണ് പുതിയ തീരുമാനത്തിന് കാരണമെന്ന് കമ്പനി വെളിപ്പെടുത്തി..

‘എല്ലാ ഉപഭോക്താക്കള്‍ക്കും അവര്‍ എവിടെ താമസിക്കുന്നു എന്നത് പരിഗണിക്കാതെ തന്നെ ഉയര്‍ന്ന നിലവാരമുള്ളതും സുസ്ഥിരവുമായ സേവനങ്ങള്‍ ഉറപ്പാക്കാന്‍ പ്രവര്‍ത്തിക്കുമ്പോഴും വിലവര്‍ദ്ധന കുറയ്ക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും അതിന് കഴിയുന്നില്ലെന്ന് കമ്പിനി പറയുന്നു’, മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലെ തപാല്‍ സേവനങ്ങള്‍ ഈടാക്കുന്നതിനേക്കാള്‍ (ശരാശരി €1.69) താഴെയാണ് ആന്‍ പോസ്റ്റ് നിരക്കുകള്‍ നിലനില്‍ക്കുന്നതെന്നാണ് കണക്കുകള്‍.

Advertisment