ന്യൂയോർക്ക് : മുതിർന്ന പൗരന്മാരെ കബളിപ്പിച്ചു കോടികൾ തട്ടിയ ടെലിമാർക്കറ്റിംഗ് പദ്ധതി നടത്തിയതിനു ഇന്ത്യൻ അമേരിക്കൻ റിയാലിറ്റി ടെലിവിഷൻ താരം ജെനിഫർ ഷായ്ക്ക് (49) കോടതി 78 മാസത്തെ തടവ് ശിക്ഷ വിധിച്ചു. പുറമെ, തട്ടിപ്പിലൂടെ സമാഹരിച്ച $6.5 മില്യൺ കണ്ടുകെട്ടും.
കൂടാതെ, മുപ്പതു ആർഭാട വസ്തുക്കളും 78 വ്യാജ ആർഭാട വസ്തുക്കളും. മാത്രമല്ല, $9.5 മില്യൺ നഷ്ടപരിഹാരമായി അടയ്ക്കുകയും വേണം. ജയിൽ ശിക്ഷ കഴിഞ്ഞാൽ അഞ്ചു വർഷത്തെ നിരീക്ഷണവും ഉണ്ടാവും.
ഒരു വർഷം മുൻപു കുറ്റക്കാരിയെന്നു തെളിഞ്ഞ ഷാ പ്രോസിക്യൂഷനുമായി ഉണ്ടാക്കിയ ധാരണയ്ക്ക് ശേഷം ജനുവരി 6 നാണു മൻഹാട്ടനിലെ ജഡ്‌ജ് സിഡ്‌നി സ്റ്റീൻ പല തവണ നീട്ടി വച്ച വിധി അന്തിമമായി പ്രഖ്യാപിച്ചത്.
'റിയൽ ഹൗസ്‌വൈവ്സ് ഓഫ് സോൾട് ലേക്ക് സിറ്റി' എന്ന ടി വി പരമ്പരയിൽ അഭിനയിച്ചിരുന്ന ഷായ്ക്കു ധാരണ മൂലം ഏതാനും കുറ്റാരോപണങ്ങൾ ഒഴിവാക്കി കിട്ടി.
അറ്റോണി ഡേമിയൻ വില്യംസ് പ്രസ്താവനയിൽ പറഞ്ഞു: "ഇന്നത്തെ കോടതി വിധിയോടെ, നിരവധി വർഷങ്ങൾ മുതിർന്നവരെ ലക്‌ഷ്യം വച്ചു നടത്തിയ തട്ടിപ്പിന്റെ ഫലങ്ങൾ അവർ അനുഭവിക്കാൻ പോകുന്നു. ഈ വ്യക്തികളെ സാമ്പത്തിക സുരക്ഷയെ കുറിച്ചുള്ള വ്യാജ വാഗ്‌ദാനങ്ങൾ നൽകി മോഹിപ്പിച്ചു കെണിയിൽ പെടുത്തുകയായിരുന്നു.
"അവരുടെ സമ്പാദ്യം തട്ടിയെടുത്തു. ഈ ശിക്ഷ കൊണ്ട് ഞങ്ങൾ ഒരിക്കൽ കൂടി തെളിയിക്കുന്നത് സാമ്പത്തിക തട്ടിപ്പു നടത്തുന്ന ഒരു കുറ്റവാളിയെയും വെറുതെ വിടില്ല എന്നാണ്."
ഷായുടെ തട്ടിപ്പു പദ്ധതി 2012ൽ ആരംഭിച്ചു എന്നാണ് കോടതി രേഖകളിൽ പറയുന്നത്. 2021 മാർച്ചിലാണ് അവരും ദീർഘകാല സഹായി ആയ സ്റ്റുവർട്ട് സ്മിത്തും അറസ്റ്റിലായത്. ആ വർഷം നവംബറിൽ സ്മിത്ത് എല്ലാ കുറ്റങ്ങളും സമ്മതിച്ചു.
ഷാ പക്ഷെ പിടിച്ചു നില്ക്കാൻ നോക്കി. 2022 ജൂലൈയിലാണ് അവർ ഒടുവിൽ യുഎസ് ഡിസ്‌ട്രിക്‌ട് കോർട്ട് ഓഫ് ദ സതേൺ ഡിസ്‌ട്രിക്‌ട് ഓഫ് ന്യു യോർക്കിൽ കുറ്റം സമ്മതിക്കാൻ തയാറായത്.
പ്രായം ചെന്നവരും സാമ്പത്തിക ക്ലേശം ഉളവരുമായിരുന്നു ഇരകൾ. സുരക്ഷിതമായി പണം നിക്ഷേപിക്കാം എന്ന വാഗ്‌ദാനത്തിൽ അവരിൽ നിന്ന് ആകെയുള്ളതു കൂടി മൊത്തമായി ഊറ്റിയെടുത്തു.
ഈ പദ്ധതി നടപ്പാക്കാൻ ഷാ വ്യാപകമായി നുണയും കുതന്ത്രങ്ങളും ഉപയോഗിച്ചെന്ന് പ്രോസിക്യൂഷൻ ആരോപിച്ചിരുന്നു. അവരുടെ കംപ്യൂട്ടറുകൾ പോലും എത്തിപ്പിടിക്കാൻ അന്വേഷണ സംഘം ബുദ്ധിമുട്ടി.
ജെൻ ഷായ്ക്കു ചെയ്തതിനെ കുറിച്ചെല്ലാം ഏറെ ഖേദമുണ്ടെന്നു അഭിഭാഷക പ്രിയ ചൗധുരി പറഞ്ഞു. ഷായുടെ നിരവധി സഹായികളെയും അറസ്റ്റ് ചെയ്തിരുന്നു. അതിൽ മിക്കവരും കുറ്റം സമംത്തിച്ചു. രണ്ടു പേർക്കു തടവ് ശിക്ഷയും ലഭിച്ചു.