ലണ്ടന്‍: വിമാനത്തില്‍നിന്ന് റോക്കറ്റ് ഉപയോഗിച്ച് ഉപഗ്രഹ വിക്ഷേപണം നടത്താനുള്ള ശ്രമം പരാജയപ്പെട്ടു. സ്വകാര്യ സ്ഥാപനമായ വിര്‍ജിന്‍ ഓര്‍ബിറ്റാണ് ഇംഗ്ളണ്ടിലെ കോണ്‍വാളില്‍ അത്ലാന്റിക് സമുദ്രത്തിനു മുകളില്‍ നൂതന പരീക്ഷണം നടത്തിയത്.
/sathyam/media/post_attachments/eRjn0eBuu1rtXAuWWlkZ.jpg)
പരിഷ്കരിച്ച ബോയിങ് 747 വിമാനമാണ് ഇതിനുപയോഗിച്ചത്. ആദ്യഘട്ടമായ വിമാനത്തില്‍നിന്നുള്ള വിക്ഷേപണം വിജയിച്ചെങ്കിലും രണ്ടാം ഘട്ടത്തില്‍ റോക്കറ്റിന് സംഭവിച്ച തകരാറിനെ തുടര്‍ന്ന് ഉപഗ്രഹങ്ങളെ ഭ്രമണപഥത്തില്‍ എത്തിക്കാനായില്ല.
റോക്കറ്റ് ബഹിരാകാശ ഉയരത്തില്‍ എത്തി. റോക്കറ്റിന്റെ മുകളിലെ ഘട്ടത്തിന്റെ ജ്വലനവും നടന്നു. ലക്ഷ്യത്തിലെത്താന്‍ ഏകദേശം 180 കിലോമീറ്റര്‍ ഉള്ളപ്പോഴാണ് പിഴവുണ്ടായത്. റോക്കറ്റ് ഘടകങ്ങളും ഉപഗ്രഹങ്ങളും നശിക്കുകയും ചെയ്തു.
ഈ വര്‍ഷാവസാനം മറ്റൊരു വിക്ഷേപണം നടത്താന്‍ യു.കെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയാണെന്നു കമ്പനി അറിയിച്ചു.
2017ല്‍ ബ്രിട്ടീഷ് ശതകോടീശ്വരന്‍ റിച്ചാര്‍ഡ് ബ്രാന്‍സണ്‍ സ്ഥാപിച്ചതാണ് വിര്‍ജിന്‍ ഓര്‍ബിറ്റ്. 2021 മുതല്‍ വാണിജ്യ വിക്ഷേപണ സേവനങ്ങള്‍ നല്‍കിവരുന്നു.