ന്യൂയോര്‍ക്ക്: യുഎസില്‍ വ്യോമ ഗതാഗതം താറുമാറാകാന്‍ കാരണമായ സാങ്കേതിക പിഴവിനു കാരണം സൈബര്‍ ആക്രമണമാണെന്നതിനു തെളിവില്ലെന്ന് വൈറ്റ് ഹൗസ്. എന്നാല്‍, പ്രസിഡന്റ് ജോ ബൈഡന്റെ നിര്‍ദേശപ്രകാരം സംഭവത്തെക്കുറിച്ച് ഗതാഗത വകുപ്പ് അന്വേഷിക്കുകയാണന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാരിന്‍ ജീന്‍ പിയെറി പറഞ്ഞു.
/sathyam/media/post_attachments/VQscHhMsWDI2Or41MCzE.jpg)
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ യു.എസില്‍ വിമാനങ്ങള്‍ ഒന്നിച്ച് നിലത്തിറക്കുന്നതും ഇതാദ്യമാണ്. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണ സമയത്താണ് ഇതിനുമുമ്പ് യു.എസില്‍ ഇത്തരത്തില്‍ വിമാന സര്‍വീസ് ഒന്നാകെ സ്തംഭിച്ചിരുന്നത്.
ബുധനാഴ്ച പുലര്‍ച്ചെ രണ്ടിനാണ് (ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.30) കംപ്യൂട്ടര്‍ സംവിധാനത്തിലെ തകരാര്‍ എഫ്.എ.എ. കണ്ടെത്തിയത്. തുടര്‍ന്ന് എല്ലാ സര്‍വീസുകളും നിര്‍ത്താന്‍ വിമാനകമ്പനികളോടു നിര്‍ദേശിക്കുകയായിരുന്നു. ഇതോടെ 9600 വിമാനങ്ങള്‍ വൈകുകയും 1300 സര്‍വീസുകള്‍ റദാക്കുകയും ചെയ്തു. സാങ്കേതിക പ്രശ്നങ്ങള്‍ക്ക് കാരണമെന്താണെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.
വിമാനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പൈലറ്റുമാര്‍ക്കും കാബിന്‍ ക്രൂവിനും നല്‍കുന്ന നോട്ടാം സംവിധാനം തകരാറിലായതോടെയാണ് യു.എസ് വ്യോമഗതാഗത മേഖല ഒന്നാകെ സ്തംഭിച്ചത്. കാലാവസ്ഥാ മുന്നറിയിപ്പ്, റണ്‍വേയിലെ പ്രശ്നങ്ങള്‍, ആകാശത്തെ പക്ഷി സാന്നിധ്യം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ പൈലറ്റിന് കൈമാറുന്ന സംവിധാനമാണിത്.