മോസ്കോ: യുക്രെയ്നില്‍ അധിനിവേശം നടത്തുന്ന റഷ്യന്‍ സേനയ്ക്ക് നിര്‍ണായക നേട്ടം. കിഴക്കന്‍ യുക്രെയ്നിലെ ഉപ്പു ഖനന നഗരമായ സൊളീദാര്‍ പിടിച്ചെടുത്തതോടെയാണിത്.
/sathyam/media/post_attachments/4H14eDHfglZSf1VN3zW1.jpg)
എന്നാല്‍, യുക്രെയ്ന്‍ സൈന്യം ഇപ്പോഴും സൊളീദാറിലുണ്ടെന്നും പോരാട്ടം തുടരുകയാണെന്നും കിഴക്കന്‍ യുക്രെയ്ന്‍ സേനാ കമാന്‍ഡ് വക്താവ് അവകാശപ്പെട്ടു. ഏതായാലും കനത്ത പോരാട്ടം നടന്നതായും ഇരുഭാഗത്തും കാര്യമായ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
സൊളീദാര്‍ പിടിച്ചതോടെ കനത്ത പോരാട്ടം നടക്കുന്ന ബഖ്മുത്തിലേക്ക് യുക്രെയ്ന്‍ സേനയ്ക്ക് സാധനസാമഗ്രികള്‍ എത്തിക്കുന്നതു തടയാന്‍ റഷ്യയ്ക്ക് കഴിയും. ബഖ്മുത്തിലെ യുക്രെയ്ന്‍ സേനയെ വളയാനും നഗരം പിടിക്കാനുമുള്ള റഷ്യയുടെ ശ്രമങ്ങള്‍ ശക്തിപ്പെടുകയും ചെയ്യും.
റഷ്യന്‍ സേനയുടെ സര്‍വസൈന്യാധിപന്‍ വലേറി ജെറാസിമോവ് യുദ്ധത്തിന്റെ നേരിട്ടുള്ള ചുമതല ഏറ്റെടുത്ത് രണ്ട് ദിവസത്തിനുള്ളില്‍ സൊളീദാര്‍ പിടിക്കാനായത് അവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. യുക്രെയ്നിലെ റഷ്യന്‍ അധിനിവേശത്തിന് ഒരു വര്‍ഷം തികയാന്‍ ഒരു മാസത്തോളം മാത്രമാണ് ബാക്കി.