ലോംഗ്ഫോര്‍ഡ് : ഡ്രൈവിംഗ് സ്‌കൂളിലെത്താന്‍ വൈകുമെന്ന കാരണത്താല്‍ നൂറു കിലോമീറ്റര്‍ വേഗതയില്‍ കാറോടിച്ച വിദ്വാന്‍, ലോംഗ്ഫോര്‍ഡ് ഗാര്‍ഡയുടെ പിടിയിലായി. അമിതവേഗതയ്ക്കൊപ്പം മയക്കുമരുന്നുപയോഗിച്ച ശേഷം ഡ്രൈവ് ചെയ്തതിനും ഇയാള്‍ക്കെതിരെ കേസെടുത്തു. 50 കിലോ മീറ്റര്‍ വേഗതയില്‍ പോകേണ്ട പാതയില്‍ 94 കിലോമീറ്റര്‍ സ്പീഡിലാണ് പരിശീലകനോ , അംഗീകൃത ഡ്രൈവറോ കൂടെയില്ലാതെ ഇയാള്‍ കുതിച്ചുപാഞ്ഞത്.
/sathyam/media/post_attachments/yEhb4GzJVeG1A4q6YnkN.jpg)
ഒടുവില്‍ അമിതവേഗതയ്ക്ക് ഡ്രൈവര്‍ പറഞ്ഞ കാരണം കേട്ടാണ് ഗാര്‍ഡ ശരിക്കും ഞെട്ടിയത്.”ഡ്രൈവിംഗ് സ്‌കൂളില്‍ എത്താന്‍ സമയം പോയതിനാലാണ് വേഗതയില്‍ പോയത്” . വിചിത്ര മറുപടി കേട്ടതോടെ സംശയം തോന്നിയ ഇയാളെ മെഡിക്കല്‍ പരിശോധന നടത്തി. അപ്പോഴാണ് ഇയാള്‍ കഞ്ചാവ് ഉപയോഗിച്ച ശേഷമാണ് വാഹനം ഓടിച്ചതെന്ന് മനസ്സിലായത്.
അമിത വേഗതയില്‍ വന്നതിനെ തുടര്‍ന്നാണ് ലോംഗ് ഫോര്‍ഡ് റോഡ്സ് പോലീസിംഗ് യൂണിറ്റ് ഇയാളുടെ സ്‌കോഡ ഒക്ടാവിയ തടഞ്ഞുനിര്‍ത്തിയത്.അത്ര ശരിയല്ലാത്ത ഇയാളുടെ വിശദീകരണത്തില്‍ കുഴപ്പം മണത്ത ഉദ്യോഗസ്ഥര്‍ അപ്പോള്‍ത്തന്നെ മയക്കുമരുന്ന് പരിശോധന നടത്തുകയായിരുന്നു. അപ്പോഴാണ് യഥാര്‍ഥ കാരണം വ്യക്തമായത്.സോഷ്യല്‍ മീഡിയയിലെ പോസ്റ്റിലൂടെ ഗാര്‍ഡ തന്നെയാണ് ഈ വാര്‍ത്തയും ചിത്രവും പുറത്തുവിട്ടത്.