ഡബ്ലിന്‍ : അയര്‍ലണ്ടിലേയ്ക്കുള്ള അനധികൃത കുടിയേറ്റക്കാരുടെ ഒഴുക്ക് പ്രശ്നമാകുന്നു. നിയമവിരുദ്ധമായി ആളുകള്‍ എത്തുന്നത് തടയാന്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. പ്രധാനമന്ത്രി ലിയോ വരദ്കറാണ് ഇതു സംബന്ധിച്ച് സൂചന നല്‍കിയത്. നിയന്ത്രണങ്ങള്‍ എങ്ങനെയൊക്കെയാകണമെന്നത് ചര്‍ച്ച ചെയ്തു വരികയാണെന്നും പ്രധാനമന്ത്രി വെളിപ്പെടുത്തി.
/sathyam/media/post_attachments/Hy1dlNynceA5g9G3dZmZ.jpg)
ഏതാനും ദിവസങ്ങളായി ബലിമൂണില്‍ അഭയാര്‍ഥി വിരുദ്ധ പ്രതിഷേധം നടന്നുവരികയാണ്. ഇതിനെതിരെ പരക്കെ വിമര്‍ശനമുയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വരദ്കറുടെ പരാമര്‍ശമുണ്ടായത്. നീതിന്യായ മന്ത്രി സൈമണ്‍ ഹാരിസും ഇതിനെ അപലപിച്ചിരുന്നു.
മുന്‍ വര്‍ഷങ്ങളില്‍ നാലായിരം വരെ പരമാവധിയെത്തിയിരുന്ന ഇന്റര്‍നാഷണല്‍ പ്രൊട്ടക്ഷന്‍ അപേക്ഷകരുടെ എണ്ണം 2022ല്‍ 14,000ത്തിലധികമായി വര്‍ധിച്ചു. ഉക്രൈയ്നടക്കമുള്ള വിവിധ രാജ്യങ്ങളില്‍ നിന്നും അയര്‍ലണ്ടിലേക്ക് എത്തുന്ന അഭയാര്‍ഥികള്‍ സിസ്റ്റത്തില്‍ വലിയ സമ്മര്‍ദ്ദമാണുണ്ടാക്കുന്നത്. താമസ സൗകര്യമൊരുക്കുന്നതാണ് ഏറ്റവും വലിയ പ്രശ്നം.അതിന് പുറമേ ഇവിടെ നിന്നുമുയരുന്ന പ്രതിഷേധങ്ങളും സര്‍ക്കാരിനെ അഭയാര്‍ഥി പ്രവേശനത്തെക്കുറിച്ച് മറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു.
2022 ഒക്ടോബര്‍ 21വരെ 280 അനധികൃത കുടിയേറ്റക്കാരെ നാടുകടത്തിയെന്നാണ് ജസ്റ്റീസ് വകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നത്.എന്നാല്‍ അഭയാര്‍ഥികളുടെ അപേക്ഷകളുടെ പ്രോസസ്സിംഗ് വേഗത്തിലാക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. അനര്‍ഹരെ നാടുകടത്തുന്നതു സംബന്ധിച്ച ഉത്തരവുകള്‍ വേഗത്തിലുണ്ടാകണം. ഇത് അന്താരാഷ്ട്ര സംരക്ഷണ സംവിധാനത്തെ സമഗ്രമാക്കി നിലനിര്‍ത്താന്‍ ഇത് വളരെ സഹായകമാകും.
യഥാര്‍ഥ അഭയാര്‍ഥികള്‍ക്ക് സംരക്ഷണം ഉറപ്പാക്കുന്നതിനൊപ്പം മറ്റുള്ളവരുടെ കാര്യത്തിലും ഉചിതമായ തീരുമാനങ്ങളുണ്ടാകണം. ഇക്കാര്യങ്ങള്‍ മന്ത്രിസഭായോഗം ചര്‍ച്ചചെയ്തെന്ന് പ്രധാനമന്ത്രി പറഞ്ഞു.അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ ഈ വിഷയം പരിശോധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
നിലവില്‍ ഇയുവിന് പുറത്ത് നിന്ന് അയര്‍ലണ്ടിലേക്ക് എത്തുന്ന ആളുകള്‍ക്ക് വിസ ആവശ്യമാണ്. എന്നാല്‍ വംശം, മതം, ദേശീയത, തുടങ്ങിയ വിവിധ കാരണങ്ങളാല്‍ പീഡിപ്പിക്കപ്പെടുമെന്ന ഭയമുള്ളവര്‍ക്ക് ഇന്റര്‍നാഷണല്‍ പ്രൊട്ടക്ഷനും നല്‍കേണ്ടതുണ്ട് .2024 ല്‍ ഡയറക്ട് പ്രൊവിഷന്‍ അവസാനിപ്പിക്കുന്നത് വളരെ ബുദ്ധിമുട്ടാണെന്ന് ഇന്റഗ്രേഷന്‍ മന്ത്രി റോഡറിക് ഒ’ഗോര്‍മാന്‍ സമ്മതിച്ചിരുന്നു. അതിനാല്‍ അതിര്‍ത്തി നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.