ന്യൂയോര്‍ക്ക്: മില്‍ക്കിവേ നക്ഷത്ര സമൂഹത്തില്‍ ഉള്‍പ്പെടുന്ന 208 അതിവിദൂര നക്ഷത്രങ്ങളെക്കൂടി ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഭൂമിയും സൂര്യനുമെല്ലാം ഉള്‍പ്പെടുന്ന സൗരയൂഥം കൂടി ഭാഗമായ ക്ഷീരപഥത്തിന്റെ അതിര്‍ത്തിയിലുള്ള പ്രകാശവലയ മേഖലയിലാണ് ഈ നക്ഷത്രങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്.
/sathyam/media/post_attachments/R1D0dU7VCaFaAqEkDhC0.jpg)
പുതിയതായി കണ്ടെത്തിയവയില്‍ ഏറ്റവും ദൂരെയുള്ള നക്ഷത്രം ഭൂമിയില്‍നിന്ന് 10.8 ലക്ഷം പ്രകാശവര്‍ഷം അകലെയാണ്. അതായത്, ഈ നക്ഷത്രത്തിന്റെ പ്രകാശം ഭൂമിയിലെത്താന്‍ 10.8 ലക്ഷം വര്‍ഷം സമയമെടുക്കും. സൂര്യന്റെ പ്രകാശം ഭൂമിയിലെത്താന്‍ എട്ട് മിനിറ്റ് മാത്രമാണെടുക്കുന്നത്. സൂര്യനെ അപേക്ഷിച്ച് 70 മടങ്ങ് അധികമാണ് ഈ നക്ഷത്രത്തിന്റെ പിണ്ഡം കണക്കാക്കുന്നത്.
ക്ഷീരപഥത്തില്‍ 10,000 കോടി മുതല്‍ 40,000 കോടി വരെ നക്ഷത്രങ്ങളുണ്ടെന്നു കരുതപ്പെടുന്നു. ഹവായിയിലെ മൗന കിയ മലയില്‍ സ്ഥിതി ചെയ്യുന്ന വമ്പന്‍ ടെലിസ്കോപ് ഉപയോഗിച്ചാണു നക്ഷത്രങ്ങളെ കണ്ടെത്തിയത്. ഇവ ചില ചെറിയ താരാപഥങ്ങളുടെ ഭാഗമായിരുന്നെന്നും പിന്നീട് ആകാശഗംഗയുമായി കൂട്ടിച്ചേര്‍ക്കപ്പെടുകയായിരുന്നുവെന്നുമാണ് നിഗമനം.