മോസ്കോ: യുക്രെയ്ന്‍ അധിനിവേശത്തിന്റെ പേരില്‍ ആഗോളതലത്തില്‍ ഉപരോധങ്ങള്‍ നിലനില്‍ക്കുമ്പോഴും ബഹിരാകാശ രക്ഷാദൗത്യത്തിന് റഷ്യ തയാറെടുക്കുന്നു.
/sathyam/media/post_attachments/HCOW2LUVceZLZBGJrS6W.jpg)
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിപ്പോയ ഒരു അമേരിക്കക്കാരനെയും രണ്ട് റഷ്യക്കാരെയും തിരിച്ചെത്തിക്കുകയാണ് ലക്ഷ്യം. ഇവരെ തിരിച്ചെത്തിക്കേണ്ട റഷ്യയുടെ തന്നെ സോയൂസ് എംഎസ് 22 എന്ന പേടകത്തിനു തകരാര്‍ സംഭവിച്ചതോടെയാണ് രക്ഷാദൗത്യം അനിവാര്യമായി മാറിയത്.
ബഹിരാകാശ നിലയത്തില്‍ ഡോക് ചെയ്തിരിക്കുന്ന എംഎസ് 22വില്‍ കഴിഞ്ഞ മാസമാണ് ലീക്ക് കണ്ടെത്തിയത്. ചെറിയൊരു ഉല്‍ക്ക വന്നിടിച്ചതാണ് ഇതിനു കാരണമായതെന്നാണ് കരുതപ്പെടുന്നത്. 0.8 മില്ലിമീറ്റര്‍ വ്യാസമുള്ള ഒരു ദ്വാരം പേടകത്തിന്റെ ശിതീകരണസംവിധാനത്തില്‍ രൂപപ്പെട്ടിരിക്കുകയാണ്. ഇതെത്തുടര്‍ന്ന് പേടകത്തിലെ താപനില 40 ഡിഗ്രി വരെ ഉയര്‍ന്നു.
ഈ സാഹചര്യത്തില്‍, നിലയത്തിലുള്ള യാത്രികരെ തിരിച്ചെത്തിക്കാന്‍ മറ്റൊരു പേടകം അയയ്ക്കേണ്ടത് അനിവാര്യമായിരിക്കുകയാണ്. ഫെബ്രുവരി 20നാണ് എംഎസ് 23 എന്നു പേരുള്ള രക്ഷാപേടകം പുറപ്പെടാന്‍ തയാറെടുക്കുകയാണിപ്പോള്‍. ഇത് അവിടെ ചെന്ന ശേഷം എംഎസ് 22 പേടകം യാത്രികരില്ലാതെ ഭൂമിയിലെത്തിക്കും.
റഷ്യന്‍ രക്ഷാദൗത്യം പരാജയപ്പെട്ടാല്‍, സ്വകാര്യ കമ്പനിയായ സ്പേസ് എക്സിന്റെ പേടകം ഉപയോഗിച്ച് യാത്രികരെ തിരിച്ചെത്തിക്കാനാണ് യുഎസ് സ്പേസ്് ഏജന്‍സിയായ നാസ ആലോചിക്കുന്നത്.