കാഠ്മണ്ഡു: നേപ്പാളിലെ പൊഖറ എയര്‍പോര്‍ട്ടിനടുത്തുണ്ടായ വിമാനാപകടത്തില്‍ കൊല്ലപ്പെട്ട 68 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. നാല് ജീവനക്കാരടക്കം ആകെ 72 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.
/sathyam/media/post_attachments/Prz2PaksA9rFCzAyDmx8.jpg)
മറ്റുള്ളവരെ കണ്ടെത്താന്‍ തെരച്ചില്‍ തുടരുകയാണ്. കാഠ്മണ്ഡുവില്‍നിന്ന് കസ്കി ജില്ലയിലെ പൊഖാറയിലേക്ക് പുറപ്പെട്ട യതി എയര്‍ലൈന്‍സിന്‍റെ എ.ടി.ആര്‍~72 വിമാനമാണ് ഞായറാഴ്ച രാവിലെ അപകടത്തില്‍പെട്ടത്. അഞ്ച് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 15 വിദേശികള്‍ വിമാനത്തിലുണ്ടായിരുന്നു. ബാക്കി 53 പേരും നേപ്പാളികളാണ്. മൂന്ന് കൈക്കുഞ്ഞുങ്ങളടക്കം ആറു കുട്ടികളും ഇതിലുള്‍പ്പെടുന്നു. നാലു റഷ്യക്കാരും രണ്ട് കൊറിയക്കാരും അര്‍ജന്റീന, അയര്‍ലന്‍ഡ്, ആസ്ട്രേലിയ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നായി ഓരോരുത്തരുമാണ് മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രികര്‍.
വിമാനം പൂര്‍ണമായി കത്തിനശിച്ചു. ഏതെങ്കിലും യാത്രികര്‍ രക്ഷപ്പെട്ടിരിക്കാന്‍ സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍. ലാന്‍ഡിങ്ങിന് തയാറെടുക്കുന്നതിനിടെയാണ് അപകടമെന്നാണ് വിവരം. വിമാനത്താവളത്തിനു സമീപം വലിയ ഗര്‍ത്തത്തിലേക്ക് വിമാനം തകര്‍ന്നു വീഴുകയായിരുന്നു.
അപകടത്തെ തുടര്‍ന്ന് പൊഖറ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് താല്‍ക്കാലികമായി അടച്ചു. ചൈനീസ് സഹായത്തോടെ നിര്‍മിച്ച പുതിയ പൊഖറ വിമാനത്താവളം 15 ദിവസം മുമ്പാണ് തുറന്നത്. നേപ്പാളിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് പൊഖറ.
നേപ്പാളില്‍ 30 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വിമാനദുരന്തമാണ് ഇവിടെയുണ്ടായിരിക്കുന്നത്. 1992ല്‍ പാകിസ്താന്‍ ഇന്റനാഷനല്‍ എയര്‍ലൈന്‍സിന്‍റെ എയര്‍ബസ് എ 300 കാഠ്ണണ്ഡു വിമാനത്താവളത്തിനു സമീപം തകര്‍ന്നു വീണ് 167 യാത്രക്കാരും മരിച്ചിരുന്നു.
എവറസ്ററ് ഉള്‍പ്പെടെ ലോകത്തിലെ ഏറ്റവും ഉയരമുള്ള 14 പര്‍വതങ്ങളില്‍ എട്ടെണ്ണവും സ്ഥിതി ചെയ്യുന്ന നേപ്പാളില്‍ വിമാനാപകടങ്ങള്‍ അസാധാരണമല്ല. കാലാവസ്ഥയില്‍ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങളാണ് അപകടകരമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നത്.