ഡബ്ലിന്‍ : അയര്‍ലണ്ടിലെ ക്‌ളൈമറ്റ് ആക്ഷന്‍ പദ്ധതിയുടെ ഭാഗമായി സീറോ എമിഷന്‍ എനര്‍ജിയിലേക്ക് മാറുന്നതിനായി ഇലക്ട്രിസിറ്റി നെറ്റ്വര്‍ക്ക് നവീകരിക്കുന്നതിന്റെ ഭാഗമായി 1,500 പുതിയ തൊഴിലാളികളെ നിയമിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനം.
/sathyam/media/post_attachments/70Vt00eUeKqScjG5ZPkg.jpg)
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളിലായാണ് നിയമനത്തിനായുള്ള റിക്രൂട്ട്മെന്റ് നടക്കുക, രണ്ട് വര്‍ഷത്തിനുള്ളില്‍ ആദ്യത്തെ 900 പുതിയ ജീവനക്കാരെ നിയമിക്കും.
പദ്ധതി നവീകരണത്തിനായി 10 ബില്യണ്‍ യൂറോയുടെ നിക്ഷേപ തന്ത്രമാണ് രൂപീകരിച്ചിരിക്കുന്നത്. 2030 ന് മുമ്പായി പദ്ധതി പൂര്‍ത്തിയാക്കും., ആ സമയത്തിനുള്ളില്‍ ദേശീയ കാലാവസ്ഥാ പ്രവര്‍ത്തന പദ്ധതി പ്രകാരം രാജ്യത്തിന്റെ വൈദ്യുതി ആവശ്യത്തിന്റെ 80 ശതമാനം കാറ്റ്, സൗരോര്‍ജ്ജം, മറ്റ് പുനരുപയോഗ സ്രോതസ്സുകള്‍ എന്നിവയില്‍ നിന്നായിരിക്കണം എന്ന ലക്ഷ്യമാണ് സര്‍ക്കാരിനുള്ളത്.
വര്‍ദ്ധിച്ചുവരുന്ന ജനസംഖ്യ, സാമ്പത്തിക വളര്‍ച്ച, വ്യാവസായിക വികസനം, ലക്ഷക്കണക്കിന് പുതിയ വീടുകള്‍, അടുത്ത രണ്ട് പതിറ്റാണ്ടിനുള്ളില്‍ ഗതാഗതത്തിന്റെയും ഹീറ്റിങിന്റെയും വൈദ്യുതീകരണം എന്നിവയ്ക്ക് ആവശ്യമായ വൈദ്യുതിയുടെ വര്‍ദ്ധനവ് ഇത് വഴി ഉറപ്പിക്കാമെന്ന് സര്‍ക്കാര്‍ പ്രത്യാശ പ്രകടിപ്പിക്കുന്നത്.
ഉയര്‍ന്ന വോള്‍ട്ടേജ് സ്റ്റേഷനുകള്‍, ഓവര്‍ഹെഡ് പവര്‍ ലൈനുകള്‍, ഭൂഗര്‍ഭ കേബിളുകള്‍, സബ്സ്റ്റേഷനുകള്‍, തൂണുകള്‍, സ്മാര്‍ട്ട് മീറ്ററുകള്‍ എന്നിവയുടെ രാജ്യവ്യാപക ശൃംഖല ഇഎസ്ബി നെറ്റ്വര്‍ക്കുകള്‍ വഴിയാണ് നിയന്ത്രിക്കുന്നത്.
സീറോ എമിഷന്‍ ഊര്‍ജത്തിലേക്കുള്ള നീക്കത്തോടൊപ്പം, ആവശ്യമായ ഉയര്‍ന്ന അളവിലുള്ള വൈദ്യുതിയും വൈവിധ്യമാര്‍ന്ന ഊര്‍ജ്ജോത്പാദന സ്രോതസ്സുകളും രൂപപ്പെടുത്താന്‍ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുകയും നവീകരിക്കുകയും വേണം.
നിലവില്‍ അയര്‍ലണ്ടില്‍ പ്രധാനമായും ഗ്യാസ് , എണ്ണ, കല്‍ക്കരി എന്നിവ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പ്ലാന്റുകളും തീരത്തെ കാറ്റാടിപ്പാടങ്ങളും വഴിയാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്.
ദശാബ്ദത്തിന്റെ അവസാനത്തോടെ, പ്രധാനമായും ഓണ്‍ഷോര്‍, ഓഫ്ഷോര്‍ കാറ്റാടി ഫാമുകള്‍, വ്യാവസായിക സൗരോര്‍ജ്ജ ഫാമുകള്‍, കമ്മ്യൂണിറ്റി, വാണിജ്യ, ഗാര്‍ഹിക സോളാര്‍ മൈക്രോജനറേറ്ററുകള്‍ എന്നിവയില്‍ നിന്നുമായി ഇന്ധനം കണ്ടെത്താനാണ് സര്‍ക്കാര്‍ ശ്രമം.