കീവ്: റഷ്യന്‍ അധിനിവേശം നേരിടാന്‍ യുദ്ധവിമാനങ്ങള്‍ വേണമെന്ന യുക്രെയ്ന്റെ ആവശ്യം യുഎസ് നിരാകരിച്ചു. നിലവില്‍ നല്‍കുന്ന പ്രതിരോധ സംവിധാനങ്ങള്‍ക്കു പുറമെ മറ്റൊന്നും നല്‍കാനാവില്ലെന്നാണ് യുഎസ് നിലപാട്. എഫ്~16 യുദ്ധവിമാനങ്ങള്‍ യുക്രെയ്ന് കൈമാറില്ലെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ നേരിട്ട് വ്യക്തമാക്കി.
/sathyam/media/post_attachments/h4kqpsxaeQ6zYOiIs9PL.jpg)
യുദ്ധവിമാനം കൊടുക്കല്‍ പ്രായോഗികമല്ലെന്ന നിലപാടാണ് ബ്രിട്ടനും സ്വീകരിച്ചിട്ടുള്ളത്. യുക്രെയ്ന് യുദ്ധവിമാനം നല്‍കുന്നത് യുദ്ധമേഖലയില്‍ കൂടുതല്‍ ആയുധപ്രയോഗത്തിന് വഴിയൊരുക്കുമെന്ന ആശങ്കയാണ് അമേരിക്കക്കും സഖ്യരാജ്യങ്ങള്‍ക്കുമുള്ളത്.
യുദ്ധവിമാനങ്ങള്‍ കിയവിലേക്ക് അയയ്ക്കുന്നത് സഖ്യരാജ്യമായ പോളണ്ട് തള്ളിയിട്ടില്ല. എന്നാല്‍, ഇതില്‍ "നാറ്റോ' രാജ്യങ്ങളുമായി ചേര്‍ന്നുള്ള തീരുമാനമാകും ഉണ്ടാവുകയെന്ന് പോളിഷ് അധികൃതര്‍ വ്യക്തമാക്കി. കീവിന് ടാങ്കുകള്‍ നല്‍കുമെന്ന് കഴിഞ്ഞയാഴ്ച അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്. ഇതേ കാര്യം ബ്രിട്ടനും ജര്‍മനിയും അറിയിച്ചിരുന്നു.
യുക്രെയ്നുള്ള സഹായത്തില്‍ ഏതെങ്കിലും ഒരു സംഗതി പാടില്ല എന്ന നിബന്ധനയില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു. യുക്രെയ്ന്‍ പ്രതിരോധ മന്ത്രി ഒലെക്സി റെസ്നികോവ് ചര്‍ച്ചകള്‍ക്കായി പാരിസിലുണ്ട്.
പ്രതിരോധത്തിനായി ഇരുനൂറോളം വിമാനങ്ങള്‍ വേണമെന്ന് കഴിഞ്ഞ ദിവസം യുക്രെയ്ന്‍ വ്യോമസേന വക്താവ് പറഞ്ഞിരുന്നു. നിലവില്‍ സോവിയറ്റ് കാലത്തെ മിഗ് ഇനത്തില്‍പെട്ട യുദ്ധവിമാനങ്ങളാണ് യുക്രെയ്ന്റെ പക്കലുള്ളത്. ഇതാകട്ടെ, റഷ്യയുടെ വിമാനങ്ങളുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറവുമാണ്.