ക്യാപിറ്റോൾ പോലീസ് ഓഫീസറുടെ മരണം:  ട്രംപ് ഉത്തരവാദിയെന്ന് ആരോപിച്ചു കേസ് 

author-image
athira kk
New Update

ന്യൂയോർക്ക് : 2021 ജനുവരി 6 കലാപത്തിൽ മരിച്ച യുഎസ് ക്യാപിറ്റോൾ പോലീസ് ഓഫീസർ ബ്രയാൻ സിക്‌നികിന്റെ ദീർഘകാല പാർട്നർ സാന്ദ്ര ഗാർസാ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ കേസ് ഫയൽ ചെയ്തു. സിക്‌നികിന്റെ മരണത്തിനു കാരണമായ കലാപം ഇളക്കി വിട്ടത് ട്രംപ് ആണെന്ന് അവർ ആരോപിക്കുന്നു.

Advertisment

publive-image

പച്ചക്കള്ളവും വ്യാജ അവകാശവാദങ്ങളും പ്രചരിപ്പിച്ചാണ് ട്രംപ് അനുയായികളെ അക്രമത്തിനു ഇളക്കി വിട്ടതെന്ന് അവർ പറയുന്നു. 2020 നവംബറിൽ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജോ ബൈഡനോടു തോറ്റ ട്രംപ് ആ തിരഞ്ഞടുപ്പിൽ തട്ടിപ്പു നടന്നുവെന്നും താനാണ് വിജയി എന്നും അവകാശപ്പെട്ടു. യുഎസ് കോൺഗ്രസ് ബൈഡന്റെ വിജയം അംഗീകരിക്കാൻ സമ്മേളിച്ചപ്പോഴാണ് ട്രംപ് അനുയായികൾ അത് തടയാൻ ക്യാപിറ്റോളിൽ ഇരച്ചു കയറിയത്.

ട്രംപിന്റെ അനുയായികളായ ജൂലിയൻ ഖട്ടർ, ജോർജ് തനിയോസ് എന്നിവരെയും ഗാർസ പ്രതികളാക്കിയിട്ടുണ്ട്. ഇരുവരും സിക്‌നികിനെ മാരകമായി മർദിച്ചു എന്നതിന്റെ പേരിൽ വെള്ളിയാഴ്ച കോടതി ശിക്ഷിച്ചിരുന്നു.

അക്രമത്തിൽ പരുക്കേറ്റ  സിക്‌നികിന്റെ മരണം സ്വാഭാവിക കാരണങ്ങൾ മൂലമാണെന്നു ഡോക്ടർ എഴുതിക്കൊടുത്തിരുന്നു. എന്നാൽ ചുമതല നിർവഹിക്കുന്ന നേരത്തു ധീരമായി കോൺഗ്രസിനെയും ക്യാപിറ്റോളിനെയും കാത്തു സൂക്ഷിക്കാൻ ശ്രമിച്ചതാണ് അദ്ദേഹത്തിന്റെ മരണത്തിനു കാരണമായതെന്നു ക്യാപിറ്റോൾ പോലീസ് പറഞ്ഞു.

വ്യാജ അവകാശവാദം ഉന്നയിച്ച ട്രംപിന് നിരവധി കോടതികൾ കയറിയിട്ടും ഒരിടത്തും അതൊന്നും തെളിയിക്കാൻ കഴിഞ്ഞില്ലെന്നു ഗാർസ ചൂണ്ടിക്കാട്ടി. ബൈഡന്റെ വിജയം ആസൂത്രിത അട്ടിമറിയാണെന്ന് അദ്ദേഹം അനുയായികളോട് നുണ പറഞ്ഞു.

എല്ലാ പോരാട്ടങ്ങളും തൊട്ടപ്പോൾ ട്രംപ് അനുയായികളെ വാഷിംഗ്ടണിലേക്കു വരുത്തി അക്രമം അഴിച്ചു വിടാൻ ആഹ്വാനം ചെയ്‌തു. അഴിഞ്ഞാട്ടത്തിന്റെ ദിവസമാവണം ജനുവരി 6 എന്നദ്ദേഹം പറഞ്ഞു.

 

 

 

 

Advertisment