ന്യൂയോർക്ക് : കുടിയേറ്റ കാര്യങ്ങൾക്കുള്ള യുഎസ് ഹൗസ് ജുഡീഷ്യറി സബ് കമ്മിറ്റിയിൽ 'റാങ്കിങ് മെമ്പറാ'യി ഇന്ത്യൻ അമേരിക്കൻ പ്രമീള ജയ്‌പാലിനെ നിയമിച്ചു. ഈ ഉപസമിതിയിൽ നേതൃസ്ഥാനത്തു എത്തുന്ന ആദ്യ കുടിയേറ്റക്കാരിയാണ് ജയ്‌പാൽ.
/sathyam/media/post_attachments/3YXvEFhjRd9SkE6rBUyo.jpg)
ന്യൂനപക്ഷ പാർട്ടിയിൽ നിന്നുള്ള ഏറ്റവും മുതിർന്ന അംഗത്തിനാണ് യുഎസിൽ 'റാങ്കിങ് മെംബർ' പദവി ലഭിക്കുക. വാഷിംങ്ങ്ടണിലെ ഏഴാം ഡിസ്ട്രിക്ടിൽ നിന്നുള്ള ഡെമോക്രാറ്റിക് നേതാവാണ് റിപ്പബ്ലിക്കൻ ഭൂരിപക്ഷമുള്ള ഹൗസിൽ ജയ്‌പാൽ (57).
സോ ലോഫ്ഗ്രെൻ വിരമിച്ച ഒഴിവിലാണ് അവർ എത്തുന്നത്. ആദ്യ ദക്ഷിണേഷ്യൻ വനിതയായി ഈ സ്ഥാനത്തു എത്തുന്നതിൽ അവർ അഭിമാനം കൊണ്ടു. "പതിനാറു വയസിൽ കാലി കീശയുമായാണ്
ഈ രാജ്യത്തു ഞാൻ എത്തിയത്. അമേരിക്കൻ സ്വപ്നം ജീവിതത്തിൽ യാഥാർഥ്യമായതിൽ എന്റെ ഭാഗ്യം.
ഒട്ടേറെ കുടിയേറ്റക്കാർക്ക് ഇന്നും അത് അപ്രാപ്യമാണ്."
രാജ്യത്തെ ഉടഞ്ഞു പോയ കുടിയേറ്റ സംവിധാനം മെച്ചപ്പെടുത്താൻ അന്തസും മനുഷ്യത്വവും നീതിയും ഉയർത്തിപ്പിടിക്കുമെന്നു അവർ പറഞ്ഞു.
ജനുവരിയിലെ കണക്കനുസരിച്ചു 9,000 വിസ അപേക്ഷകൾ കെട്ടിക്കിടപ്പുണ്ട്. ഗ്രീൻ കാർഡിനുള്ള ഇന്റർവ്യൂ ഡിസംബറിനെ അപേക്ഷിച്ചു 3,000 കൂടി.
കുടിയേറ്റ നിയമം പരിഷ്കരിക്കുന്നത് ജയ്‌പാലിന്റെ കോൺഗ്രസിലെ പ്രവർത്തനത്തിൽ കാതലായ കാര്യമാണ്. അതിനു വേണ്ടി അവർ പല ബില്ലുകളും കൊണ്ടുവന്നിട്ടുണ്ട്. കോൺഗ്രസ് അംഗമാവുന്നതിനു മുൻപ് അവർ കുടിയേറ്റക്കാരുടെ അവകാശങ്ങൾക്കു വേണ്ടിയുള്ള പോരാട്ടത്തിൽ ആയിരുന്നു. 911 ആക്രമണം കഴിഞ്ഞു അവർ ആരംഭിച്ച വൺഅമെരിക്ക വാഷിംങ്ങ്ടൺ സ്റ്റേറ്റിലെ ഏറ്റവും വലിയ കുടിയേറ്റ അവകാശ സംഘടനയാണ്. നാലായിരം സോമാലികളെ പുറത്താക്കാനുള്ള ബുഷ് ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ അവർ പൊരുതി ജയിച്ചു.