ന്യൂ ജേഴ്സി: ന്യൂ ജേഴ്സിയിൽ നഗരസഭാംഗമായ യൂനിസ് ഡാംഫോർ വീടിനടുത്തു വെടിയേറ്റു മരിച്ചു. ബുധനാഴ്ച രാത്രി ഏഴരയോടെ കാറോടിച്ചു വീട്ടിലേക്കു എത്തുമ്പോഴാണ് 30കാരിയായ ആഫ്രിക്കൻ അമേരിക്കൻ കൗൺസിലറുടെ നേരെ അജ്ഞാതർ തുരുതുരാ നിറയൊഴിച്ചത്.
വെടിയേറ്റു നിയന്ത്രണം വിട്ടതോടെ അവരുടെ നിസാൻ എസ് യു വി കാറിനു അപകടം സംഭവിച്ചു. സയർവില്ലിലെ സാമുവൽ സർക്കിളിൽ വച്ചായിരുന്നു ആക്രമണം. കാറിൽ തന്നെ അവർ മരിച്ചു വീണു.
വെടിവയ്പ്പു വിവരം അറിഞ്ഞെത്തിയ പോലീസ് ആളെ തിരിച്ചറിഞ്ഞില്ല.
കൊലയാളിയെ കുറിച്ച് ഒരു വിവരവുമില്ല. അയാൾ ഗാർഡൻ സ്റേറ് പാർക്വേയിൽ കൂടി പാഞ്ഞു പോയെന്നു ചില സമീപവാസികൾ പറയുന്നു. ആക്രമണത്തിനു പ്രകോപനം എന്തെന്നും വ്യക്തമല്ല.
റിപ്പബ്ലിക്കൻ പാർട്ടി അംഗമായ ഡാംഫോർ ഐ ടി വിദഗ്‌ധ ആയിരുന്നു. 2021ൽ ഡെമോക്രാറ്റുകളിൽ നിന്ന് ഈ സീറ്റ് പിടിച്ചെടുത്ത അവർ ചില പള്ളികളുടെയും ചാമ്പ്യൻസ് റോയൽ അസംബ്ലി എന്ന നൈജീരിയൻ അന്താരാഷ്ട്ര ഗ്രൂപ്പിന്റെയും ഡയറക്ടറായി പ്രവർത്തിച്ചു. ന്യൂ യോർക്ക് സിറ്റിയിൽ നിന്നു 35 മൈൽ തെക്കുവടക്കായുള്ള സയർവില്ലിൽ മനുഷ്യവകാശ കമ്മീഷനിലും അവർ അംഗമായിരുന്നു.
വില്യം പാറ്റേഴ്സൺ യൂണിവേഴ്സിറ്റിയിൽ നിന്ന് ബി എ എടുത്തതു സ്ത്രീകളെ സംബന്ധിച്ച പഠനത്തിലാണ്.