ലണ്ടന്‍: പുതിയ ഇന്‍ക്ളൂസീവ് നയത്തിന്റെ ഭാഗമായി, നടുവിനു ബെല്‍റ്റിട്ട പാവയെ ബാര്‍ബി അവതരിപ്പിച്ചു. നട്ടെല്ലിന് അസ്വാഭാവിക വളവുണ്ടാകുന്ന സ്കോളിയോസിസ് എന്ന രോഗാവസ്ഥയുള്ളവരെ പ്രതിനിധീകരിക്കുന്നതാണ് ഈ പാവ.
/sathyam/media/post_attachments/ssu3UQgiR3V5AHfLsZle.jpg)
കുട്ടികളിലാണ് സ്കോളിയോസിസ് കൂടുതലായി കാണപ്പെടുന്നത്. ഈ പ്രശ്നമുള്ളവര്‍ ഉപയോഗിക്കുന്ന സ്പൈനല്‍ ബ്രേസ് എന്ന ബെല്‍റ്റാണ് പാവയെ ധരിപ്പിച്ചിരിക്കുന്നത്. സ്പൈനല്‍ ബ്രേസ് ഉപയോഗത്തിന് കൂടുതല്‍ പ്രചാരം നല്‍കാനും ബോധവത്കരണത്തിനും കുട്ടികളില്‍ അപകര്‍ഷതാബോധം ഒഴിവാക്കാനുമായാണ് പാവയെ അവതരിപ്പിച്ചതെന്ന് നിര്‍മാതാക്കള്‍.
പാവയുടെ രൂപകല്‍പ്പനയില്‍ ഡോക്ടര്‍മാരുടെ സേവനവും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ബാര്‍ബി പാവയുടെ സഹോദരിയായ ചെല്‍സിയ പാവയെയാണ് സ്കോളിയോസിസിനുള്ള ബെല്‍റ്റ് ധരിപ്പിച്ചത്.
സ്കോളിയോസിസ് ബാധിച്ച കുട്ടികള്‍ക്ക് ഒരു വശത്തേക്കുള്ള വാരിയെല്ലുകള്‍ പുറത്തേക്ക് തള്ളിവരികയും തന്മൂലം നടുവിന്റെ ഭാഗത്ത് ഒരു വശത്തായി കൂനുപോലെ മുഴച്ചുനില്‍ക്കുകയും ചെയ്യും. നട്ടെല്ലിന്റെ വളവ് കൂടുന്നതിനനുസരിച്ച് നടുവിലെ മുഴയും തോളെല്ലും പുറത്തേക്ക് കൂടുതല്‍ തള്ളിവരും. കുട്ടികളുടെ ഉയരം കൂടുന്നതിനനുസരിച്ച് നട്ടെല്ലിന്റെ വളവ് കൂടിവരികയും കുനിയുമ്പോള്‍ നട്ടെല്ലിന്റെ ഉന്തിയ ഭാഗം കൂടുതല്‍ തെളിഞ്ഞുകാണുകയും ചെയ്യാം. ചെറിയ വളവുകള്‍ക്ക് നട്ടെല്ലിനുള്ള ബെല്‍റ്റുകള്‍ (സ്പൈനല്‍ ബ്രേസ്) ഡോക്ടറുടെ നിര്‍ദേശാനുസരണം ഉപയോഗിക്കേണ്ടി വരും. ചിലരില്‍ ശസ്ത്രക്രിയയും ആവശ്യമായി വരും.