ബര്‍ലിന്‍: ജര്‍മനിയില്‍ പുതിയതായി എത്തിച്ചേരുന്ന വിദേശികളില്‍ പലര്‍ക്കും പറ്റിപ്പോകുന്ന ചില പതിവ് പിഴവുകളും അബദ്ധങ്ങളുമുണ്ട്. അതൊഴിവാക്കാന്‍ മുന്‍കൂട്ടി അറിഞ്ഞിരിക്കുന്നത് നല്ലതായിരിക്കും. അത്തരം ചില പിഴവുകളിലൂടെ....
സമയക്രമം പാലിക്കുക എന്നത് ജര്‍മനിക്കാരെ സംബന്ധിച്ച് സുപ്രധാനമാണ്. ഔദ്യോഗികമായാലും വ്യക്തിപരമായാലും സമയക്രമം പാലിക്കുന്നു എന്ന് ഉറപ്പാക്കുക.
ജര്‍മനിയുടെ മിക്ക പ്രദേശങ്ങളിലും പതിനഞ്ച് ശതമാനത്തോളം വിദേശികളാണ് താമസിക്കുന്നത്. അതിനാല്‍ തന്നെ പുതിയതായി അവിടെയെത്തുന്നവര്‍ക്ക് വിദേശികളുമായി ചങ്ങാത്തം സ്ഥാപിക്കാന്‍ എളുപ്പമാണ്. എന്നാല്‍, തദ്ദേശവാസികളുമായി പരിചയവും അടുപ്പവും സ്ഥാപിച്ചില്ലെങ്കില്‍ ജര്‍മന്‍ സമൂഹവുമായി ഇന്റഗ്രേറ്റ് ചെയ്യാനാവില്ലെന്ന് പലരും മനസിലാക്കുന്നില്ല.
അതേസമയം, പരിചയം സ്ഥാപിക്കാനുള്ള കൊച്ചുവര്‍ത്തമാനം ജര്‍മനിക്കാര്‍ പ്രോത്സാഹിപ്പിക്കില്ല എന്നും ഓര്‍ക്കുക. യുക്തിഭദ്രമായി, ആവശ്യമുള്ള കാര്യങ്ങള്‍ വേണം സംസാരിക്കാന്‍.
ജര്‍മന്‍ ഭാഷ പഠിക്കാന്‍ കുറച്ച് ബുദ്ധിമുട്ടാണ്. എന്നുവച്ച്, ജര്‍മനിയില്‍ താമസിക്കാന്‍ ഉദ്ദേശിക്കുന്ന ഒരാള്‍ക്കും അതു പഠിക്കുന്നതില്‍നിന്ന് ഒഴിഞ്ഞു നില്‍ക്കാന്‍ സാധിക്കില്ല. ജര്‍മനിക്കാരില്‍ പലരും നന്നായി ഇംഗ്ളീഷ് കൈകാര്യം ചെയ്യുന്നവരാണ്, വിദേശികളുമായി ഇംഗ്ളീഷില്‍ സംസാരിക്കാന്‍ അവര്‍ ഇഷ്ടപ്പെടുകയും ചെയ്യുന്നു. പക്ഷേ, ജര്‍മന്‍ ഭാഷയില്‍ തന്നെ ആശയവിനിമയം നടത്തുക എന്നത് അവിടെ ചെല്ലുന്നവരുടെ ആവശ്യം തന്നെയായി കണക്കാക്കണം.
മറ്റു പല രാജ്യങ്ങളിലെയും പോലെ കാര്‍ഡ് ഉപയോഗിച്ച് പേയ്മെന്റുകള്‍ നടത്താമെന്നു കരുതിയാല്‍ ജര്‍മനിയില്‍ മിക്കയിടത്തും പെട്ടുപോകാനാണ് സാധ്യത. ഡിജിറ്റല്‍ മണിയിലേക്ക് മാറാതെ പേപ്പര്‍ കറന്‍സി മുറുകെ പിടിക്കുന്നവരാണ് പൊതുവേ ജര്‍മനിക്കാര്‍.
ജര്‍മനിയിലെ വന്‍നഗരങ്ങളില്‍ പോലും ഞായറാഴ്ചകളില്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ അവധിയായിരിക്കും. വലിയ റെയില്‍വേ സ്റേറഷനുകളില്‍ പ്രവര്‍ത്തിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റുകള്‍ മാത്രമാണ് അന്നു പ്രവര്‍ത്തിക്കുക.
പെയിന്‍കില്ലറുകള്‍ പോലെ അത്യാവശ്യ മരുന്നുകള്‍ കൈയില്‍ സൂക്ഷിക്കുന്നത് പ്രധാനമാണ്. ഫാര്‍മസികളില്‍ മാത്രമേ ഇവ കിട്ടൂ. ഫാര്‍മസികള്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രമേ ഇവ നല്‍കൂ. മിക്ക ഫാര്‍മസികളും വാരാന്ത്യങ്ങളിലും വൈകുന്നേരങ്ങളിലും പ്രവര്‍ത്തിക്കുകയുമില്ല.
പെഡസ്ട്രിയന്‍ ക്രോസിങ്ങില്‍ സിഗ്നല്‍ തെറ്റിക്കുന്നത് ജര്‍മനിയില്‍ വലിയ തെറ്റായി കണക്കാക്കപ്പെടുന്നു. വാഹനത്തിരക്ക് തീരെയില്ലാത്ത സമയമായാലും അതു ചെയ്യരുത്. ചെയ്താല്‍ പലരും പരിഹസിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുമെന്നു മാത്രമല്ല, പോലീസ് ഉണ്ടെങ്കില്‍ പിഴയും കിട്ടും.
സൈക്കിള്‍ പാതകളിലൂടെ നടക്കുന്നത് പലര്‍ക്കും പ്രശ്നമായി തോന്നില്ല. പക്ഷേ, ജര്‍മനിക്കാര്‍ക്ക് അതു വലിയ പ്രശ്നമാണ്, സൈക്കിള്‍ പാതയില്‍ സൈക്കിള്‍ ഇല്ലെങ്കില്‍പ്പോലും.