വാഷിങ്ടണ്‍: ചൈനീസ് നിരീക്ഷണ ബലൂണ്‍ വെടിവച്ചിട്ടതിനു പിന്നാലെ അമേരിക്കന്‍ ആകാശത്ത് വീണ്ടും അജ്ഞാത വസ്തു പ്രത്യക്ഷപ്പെട്ടു. ഇതും യുഎസ് വ്യോമസേന വെടിവച്ചിട്ടു. യു.എസ്. കനേഡിയന്‍ അതിര്‍ത്തിയിലെ ഹുറോണ്‍ തടാകത്തിനു മേലെയാണ് വസ്തു കണ്ടെത്തിയത്.
/sathyam/media/post_attachments/IgmmigSj5sQma26c4Rvx.jpg)
ചരടുകള്‍ തൂങ്ങിക്കിടക്കുന്ന വിധത്തില്‍ എട്ട് ഭുജങ്ങളുള്ള ആകൃതിയിലായിരുന്നു ഈ വസ്തു. ഭൗമോപരിതലത്തില്‍നിന്ന് ഏകദേശം ആറായിരം മീറ്റര്‍ ഉയരത്തിലാണ് പറന്നിരുന്നത്. നിരീക്ഷണത്തിനുപയോഗിക്കുന്ന ഡ്രോണോ പൈലറ്റില്ലാ വിമാനമോ മറ്റോ ആണോ എന്ന് ഇനിയും വ്യക്തമായിട്ടില്ല.
റഡാര്‍ വഴി വസ്തുവിനെ അമേരിക്ക നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആളുകളെ ദോഷകരമായി ബാധിക്കാതിരിക്കാനാണ് തടാകത്തില്‍ വീഴുന്ന തരത്തില്‍ വെടിവച്ചിട്ടത്. അവിശിഷ്ടങ്ങള്‍ പരിശോധിക്കാന്‍ തെരച്ചില്‍ തുടരുകയാണ്.
കഴിഞ്ഞദിവസം അലാസ്കന്‍ ആകാശത്ത് കണ്ടെത്തിയ അജ്ഞാതവസ്തു വെടിവെച്ചിട്ടതിനു പിന്നാലെ കാനഡയുടെ വ്യോമമേഖലയിലൂടെ പറന്ന അജ്ഞാതപേടകത്തെയും യു.എസ്. യുദ്ധവിമാനം തകര്‍ത്തിരുന്നു.