ട്രിപ്പോളി: ലിബിയന്‍ തീരത്തുണ്ടായ കപ്പല്‍ അപകടത്തില്‍ 73 ആഫ്രിക്കന്‍ അഭയാര്‍ഥികള്‍ മരിച്ചതായി സൂചന. യൂറോപ്പിലേക്ക് കുടിയേറാനുള്ള ശ്രമത്തിനിടെയാണ് അപകടം.
ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയില്‍നിന്ന് 75 കിലോമീറ്റര്‍ അകലെ ഖസര്‍ അല്‍ അഖ് യറില്‍നിന്ന് യൂറോപ്പിലേക്ക് പുറപ്പെട്ട കപ്പലില്‍ 80 പേരാണുണ്ടായിരുന്നത്. ഏഴു പേര്‍ രക്ഷപെട്ടെന്നാണ് വിവരം. അവശനിലയില്‍ തീരത്ത് കണ്ടെത്തിയ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
11 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. ബാക്കിയുള്ളവരെ ജീവനോടെ രക്ഷിക്കാന്‍ സാധ്യത വിരളമാണെന്ന് ഐക്യരാഷ്ട്ര സഭാ അഭയാര്‍ഥി ഏജന്‍സി അറിയിച്ചു.
ലിബിയന്‍ റെഡ് ക്രെസന്റും പ്രാദേശിക പൊലീസും കടലില്‍ തെരച്ചില്‍ തുടരുകയാണ്. അഭയാര്‍ഥികളുടെ സ്ഥിരം കടല്‍മാര്‍ഗമായ സെന്‍ട്രല്‍ മെഡിറ്ററേനിയനില്‍ നേരത്തെയും നിരവധി പേര്‍ അപകടത്തില്‍ മരിച്ചിട്ടുണ്ട്. 2023ല്‍ മാത്രം 130 പേര്‍ മരിച്ചു.