ഡബ്ലിന്‍ : നിയമവിരുദ്ധമായ മയക്കുമരുന്ന് കടത്തും ഉപയോഗവും അതിന്റെ ആഘാതവും കുറയ്ക്കുന്നത് ലക്ഷ്യമിട്ട് ശുപാര്‍ശകള്‍ രൂപീകരിക്കുന്നതിനും,ചര്‍ച്ച ചെയ്യുന്നതിനും മാത്രമായി അയര്‍ലണ്ടിലെ സര്‍ക്കാര്‍ ഒരു പുതിയ ” സിറ്റിസണ്‍സ് അസംബ്ലിയ്ക്ക് ” രൂപം നല്‍കുന്നു.
മയക്കുമരുന്നിന്റെ ഉപയോഗം കുറയ്ക്കുന്നതിനും വിതരണം തടയുന്നതുമടക്കമുള്ള കാര്യങ്ങളില്‍ ഈടുറ്റ ശുപാര്‍ശകള്‍ നല്‍കുന്നതിനാണ് പൊതുജന സഭ സര്‍ക്കാര്‍ രൂപീകരിക്കുന്നത്. സഹമന്ത്രി ഹില്‍ഡെഗാര്‍ഡ് നോടണ്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഇതു സംബന്ധിച്ച പ്രമേയം ഇന്ന് അവതരിപ്പിക്കുമെന്നാണ് കരുതുന്നത്.
മയക്കുമരുന്ന് തടയുകയെന്ന ലക്ഷ്യം കൈവരിക്കുന്നതിന് ഉതകുന്ന നിയമനിര്‍മ്മാണവും നയവും പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കുന്നതിന് സിറ്റിസണ്‍സ് അസംബ്ലിയെ പ്രയോജനപ്പെടുത്തുന്നതിനാണ് സര്‍ക്കാര്‍ ഉന്നമിടുന്നത്.സിറ്റിസണ്‍സ് അസംബ്ലി സമര്‍പ്പിക്കുന്ന ശുപാര്‍ശകള്‍ ടിഡിമാരും സെനറ്റര്‍മാരും ഉള്‍പ്പെട്ട പാര്‍ലമെന്ററി കമ്മിറ്റി പരിഗണിക്കും.ഇത് സംബന്ധിച്ച നിയമം നിശ്ചിത സമയ പരിധിക്കുള്ളില്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമായിരിക്കുമെന്നതാണ് ഏറെ പ്രതീക്ഷ നല്‍കുന്നത്.
വിവിധ മേഖലകളുമായി നേരിട്ട് ഇടപെട്ടും സംവാദം നടത്തിയും നിരീക്ഷണത്തിലൂടെയുമൊക്കെയാകും മയക്കുമരുന്നുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പരിഹാരവുമൊക്കെ സംബന്ധിച്ച ശുപാര്‍ശകള്‍ സിറ്റിസണ്‍സ് അസംബ്ലി തയ്യാറാക്കുക.ഇവയാകും പാര്‍ലമെന്ററി സമിതികള്‍ പരിഗണിക്കുന്നത്.
അസംബ്ലിയില്‍ ആരൊക്കെ
പൊതുജനങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 99 പേരും പ്രധാനമന്ത്രി നാമനിര്‍ദ്ദേശം ചെയ്യുന്ന സ്വതന്ത്ര ചെയര്‍പേഴ്‌സണും ഉള്‍പ്പടെ 100പേരടങ്ങിയതാകും സിറ്റിസണ്‍സ് അസംബ്ലി. ഈ അസംബ്ലി ഏപ്രിലില്‍ യോഗം ചേര്‍ന്ന് വര്‍ഷാവസാനത്തോടെ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുമെന്നാണ് കരുതുന്നത്.
രാജ്യത്ത് താമസിക്കുന്ന 18 വയസ്സിനു മുകളില്‍ പ്രായമുള്ളവരാണ് സിറ്റിസണ്‍ അസംബ്ലിയിലെത്തുക. ടിഡിമാര്‍, സെനറ്റര്‍മാര്‍, കൗണ്‍സിലര്‍മാര്‍, യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍, ലോബിയിസ്റ്റുകള്‍ എന്നിവര്‍ക്ക് അസംബ്ലിയില്‍ അംഗത്വമുണ്ടാകില്ല.
എല്ലാ ശുപാര്‍ശകളിലും വോട്ടെടുപ്പ്
അസംബ്ലിയുടെ എല്ലാ ശുപാര്‍ശകളും വോട്ടെടുപ്പിലൂടെയായിരിക്കും അംഗീകരിക്കപ്പെടുക. തുല്യ വോട്ടുകള്‍ വന്നാല്‍ അധ്യക്ഷന്റെ കാസ്റ്റിംഗ് വോട്ടായിരിക്കും നിര്‍ണ്ണായകമാവുക.അതിനാല്‍ സിറ്റിസണ്‍സ് അസംബ്ലി ചെയര്‍പേഴ്‌സണ്‍ ആരായിരിക്കുമെന്നതിന് വളരെ പ്രാധാന്യമുണ്ട്.വരും ദിവസങ്ങളില്‍ ഇക്കാര്യത്തില്‍ വ്യക്തത കൈവരുമെന്നാണ് കരുതുന്നത്.അതേ സമയം, പൊതുതിരഞ്ഞെടുപ്പിന് മുമ്പ് അസംബ്ലി ശുപാര്‍ശകളില്‍ നിയമനിര്‍മ്മാണം നടത്തുന്നത് ശ്രമകരമാകുമെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്.
പരിഗണനാ വിഷയങ്ങള്‍
വ്യക്തികളിലും കുടുംബങ്ങളിലും സമൂഹത്തിലും നിരോധിത മയക്കുമരുന്ന് ഉപയോഗത്തിന്റെ ആഘാതങ്ങള്‍ കുറയ്ക്കുന്നതിനുതകുന്ന ടേംഓഫ് റഫറന്‍സുകളോടെയാകും സിറ്റിസണ്‍സ് അസംബ്ലിയുടെ രൂപകല്‍പ്പന.
മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട സമസ്ത മേഖലകളെയും സിറ്റിസണ്‍ അസംബ്ലി പരിഗണിക്കും. മയക്കുമരുന്ന് വ്യാപനം, ആളുകളുടെ മനോഭാവം, പൊതുപ്രവണതകള്‍, വ്യക്തികള്‍, കുടുംബങ്ങള്‍, സമൂഹം എന്നിവയില്‍ മയക്കുമരുന്ന് ഉപയോഗമേല്‍പ്പിക്കുന്ന ആഘാതങ്ങള്‍ തുടങ്ങിയവയൊക്കെ അസംബ്ലി പരിഗണിക്കും.
മയക്കുമരുന്നിന് അടിമപ്പെട്ട യുവാക്കള്‍, മുതിര്‍ന്നവര്‍, അവരുടെ കുടുംബങ്ങള്‍ എന്നിവരുമായി അസംബ്ലി പ്രത്യേകം സംവദിക്കും.തുടര്‍ന്ന് മയക്കുമരുന്ന് ആസക്തിയില്‍ നിന്നുള്ള പുനരധിവാസവും വീണ്ടെടുക്കലും പ്രോത്സാഹിപ്പിക്കുന്നതിനു കര്‍മ്മപദ്ധതിയുണ്ടാക്കും.
അന്താരാഷ്ട്ര, യൂറോപ്യന്‍ യൂണിയന്‍, ദേശീയ, പ്രാദേശിക കാഴ്ചപ്പാടുകള്‍, നിലവിലെ മയക്കുമരുന്ന വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഫലപ്രാപ്തി എന്നിവയെക്കുറിച്ചൊക്കെ വിലയിരുത്തിയാകും സിറ്റിസണ്‍സ് അസംബ്ലി ശുപാര്‍ശകളുണ്ടാവുക. ഇതിനായി പ്രത്യേക ഹിയറിംഗുകളും സംഘടിപ്പിക്കും.
വിതരണം, ആവശ്യകത, ദോഷം എന്നിവ കുറയ്ക്കുന്നതിനുള്ള പദ്ധതികളാകും അസംബ്ലി പരിഗണിക്കുക.ഒപ്പം പ്രതിരോധശേഷി, ആരോഗ്യം, ക്ഷേമം എന്നിവ വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളുമുണ്ടാകും. ഇതിനായി മികച്ച അന്താരാഷ്ട്ര പരിശീലനവും പ്രായോഗിക കേസ് പഠനങ്ങളുമൊക്കെ അസംബ്ലി പരിശോധിക്കും.