വരുമാനം കൂടി,പക്ഷെ ചിലവുകളൂം, അയര്‍ലണ്ടില്‍ ദരിദ്രരുടെ എണ്ണവും വര്‍ദ്ധിച്ചതായി സി എസ് ഒ കണക്കുകള്‍

author-image
athira p
New Update

ഡബ്ലിന്‍ : അയര്‍ലണ്ടിലെ കുതിച്ചുയരുന്ന വിലക്കയറ്റവും പണപ്പെരുപ്പവും ദരിദ്രരുടെ എണ്ണം വര്‍ധിപ്പിക്കുന്നതായും സാധാരണ കുടുംബങ്ങളുടെ വരുമാനവര്‍ധനവിന്റെ യഥാര്‍ത്ഥ ഫലത്തെ കുറക്കുന്നതായും സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സി എസ് ഒ) കണക്കുകള്‍ വെളിപ്പെടുത്തുന്നു.സാധാരണ കുടുംബങ്ങളുടെ ഡിസ്പോസിബിള്‍ വരുമാനം കഴിഞ്ഞ വര്‍ഷം 550 യൂറോ കുറഞ്ഞെന്ന് സി എസ് ഒ പറയുന്നു.

Advertisment

publive-image

ശരാശരിക്കാരുടെയും സാധാരണക്കാരുടെയും കുടുംബത്തിന്റെ യഥാര്‍ഥ വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 46,076 യൂറോയായി കുറഞ്ഞതായി സി എസ് ഒയുടെ ഇന്‍കം ആന്റ് ലിവിംഗ് കണ്ടീഷന്‍സ് സര്‍വെ പറയുന്നു.കുടുംബങ്ങളുടെ വരുമാനത്തിലുണ്ടായ ഉയര്‍ച്ചകളൊക്കെ വിലക്കയറ്റം കൊണ്ടുപോയെന്നാണ് സര്‍വെയുടെ കണ്ടെത്തല്‍.

2021നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം ദാരിദ്ര്യം നേരിടുന്നവരുടെ എണ്ണം വര്‍ധിച്ചെന്നും കണക്കുകള്‍ പറയുന്നു.അയര്‍ലണ്ടില്‍ 6,71,183 പേര്‍ ദാരിദ്ര്യത്തിലാണ് കഴിയുന്നതെന്ന് സി എസ് ഒ പറയുന്നു. ഇതില്‍, 1,88,600 പേര്‍ 18 വയസ്സിന് താഴെയുള്ളവരും 1,43,600 പേര്‍ 65 വയസ്സിന് മേല്‍ പ്രായമുള്ളവരുമാണ്.2022ല്‍ 5.3 ശതമാനം ആളുകള്‍ നിത്യ ദാരിദ്ര്യത്തിലാണെന്ന് കണ്ടെത്തി. 2021-ല്‍ ഇത് നാല് ശതമാനമായിരുന്നു.

ദാരിദ്രരുടെ അനുപാതം 2021ല്‍ 11.6 ശതമാനമായിരുന്നത് കഴിഞ്ഞ വര്‍ഷം 13.1 ശതമാനമായാണ് ഉയര്‍ന്നത്.കോവിഡ് കാലത്ത് സാമ്പത്തിക പിന്തുണ നല്‍കിയിരുന്നില്ലെങ്കില്‍ ഇത് 20.5 ശതമാനമാകുമായിരുന്നെന്ന് സി എസ് ഒ പറയുന്നു.

ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം ജോലി ചെയ്യാന്‍ കഴിയാത്തവരുടെ എണ്ണം വര്‍ധിച്ചതാണ് ദാരിദ്രരുടെ എണ്ണം കൂട്ടുന്നതെന്ന് നിരീക്ഷകര്‍ പറയുന്നു.തൊഴിലില്ലാത്തവരില്‍ മൂന്നിലൊരാളും ദീര്‍ഘകാല ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം ജോലി ചെയ്യാന്‍ കഴിയാത്തവരാണെന്നും ഇവര്‍ ദാരിദ്ര്യത്തിന്റെ ഭീഷണിയിലാണെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു.ഇവരും ഒറ്റയ്ക്ക് കഴിയുന്ന പ്രായമായവരും വാടകയ്ക്ക് താമസിക്കുന്നവരുമൊക്കെ ദാരിദ്ര്യത്തിന്റെ സാധ്യത കൂട്ടുന്ന ഘടകങ്ങളാണ്- സി എസ് ഒ സര്‍വേ പറയുന്നു.

ഈ കണ്ടെത്തലുകള്‍ വളരെ ആശങ്കാജനകമാണെന്നും സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കുടുംബങ്ങളില്‍ ജീവിതച്ചെലവ് പ്രതിസന്ധി കൂടുതല്‍ സങ്കീര്‍ണമാക്കുമെന്ന്് സോഷ്യല്‍ ജസ്റ്റിസ് അയര്‍ലണ്ട് ഡയറക്ടര്‍ ഡോ. സീന്‍ ഹീലി പറഞ്ഞു.

Advertisment