ബൾഗേറിയ: പഴയ കാലത്തെ ഗള്‍ഫ് കുടിയേറ്റം പോലെ മലയാളി യുവാക്കള്‍ ഇന്ന് ഏറ്റെടുത്തിരിക്കുകയാണ് യൂറോപ്യന്‍ കുടിയേറ്റം എന്ന മോഹം. ഇതിനായി ലക്ഷക്കണക്കിനു രൂപയും പലരും ചെലവാക്കുന്നു. എന്നാല്‍, ഏജന്‍സിയോ റിക്രൂട്ട്മെന്റ് ഫീസോ അങ്ങനെ ഒരു പണച്ചെലവുമില്ലാതെയും യൂറോപ്പില്‍ നല്ല ജോലി നേടാന്‍ സാധിക്കും എന്നതാണ് വസ്തുത.
മെഡിക്കല്‍, എന്‍ജിനിയറിങ്, ഐടി എന്നീ മേഖലയില്‍ ആണ് ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ സാധ്യത. അതതു രാജ്യങ്ങളിലെ ഭാഷയില്‍ പ്രാവീണ്യം ആവശ്യമുള്ള ചില തൊഴില്‍ മേഖലകളുണ്ട്, മെഡിക്കല്‍, നഴ്സിങ് എന്നിങ്ങനെ. എന്നാല്‍, തദ്ദേശവാസികളുമായി നേരിട്ട് ആശയവിനിമയം ആവശ്യമില്ലാത്ത മേഖലകളിള്‍ ഇംഗ്ളീഷ് പരിജ്ഞാനം മാത്രം മതിയാകും.
സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങളായ നോര്‍വേ, സ്വീഡന്‍, ഡെന്‍മാര്‍ക്ക്, ഫിന്‍ലന്‍ഡ് തുടങ്ങിയവയെല്ലാം മികച്ച തൊഴില്‍ സാഹചര്യങ്ങളും ജീവിത സാഹചര്യങ്ങളും ഉറപ്പു നല്‍കുന്നു. അപേക്ഷകള്‍ അയച്ചു തുടങ്ങുമ്പോള്‍ പ്രൊഫഷണലായി തയാറാക്കിയ ഒരു ബയോഡാറ്റയ്ക്കൊപ്പം ശക്തമായ ഒരു കവറിങ് ലെറ്ററും അനിവാര്യമാണ്. നല്ല കവര്‍ ലെറ്റര്‍ ഇല്ലാത്ത എല്ലാ അപേക്ഷകളും നിരസിക്കപ്പെടും.
ബയോഡേറ്റയില്‍ സ്കില്‍ സെറ്റിനു വലിയ പ്രാധാന്യമാണുള്ളത്. ക്വാളിഫിക്കേഷനിലോ മാര്‍ക്കിലോ വലിയ കാര്യമില്ല. അതിനാല്‍ തന്നെ, അപേക്ഷിക്കുന്ന ജോലിക്ക് അനുസൃതമായി വേണം ബയോഡേറ്റയും കവറിങ് ലെറ്ററും തയാറ്ക്കാന്‍. ജോലി വിവരണത്തില്‍ പറഞ്ഞിരിക്കുന്ന എല്ലാ കീവേഡുകളും നിങ്ങളുടെ സിവിയില്‍ ഉള്‍പ്പെടണം.
അപേക്ഷിക്കുന്നതിന് മുന്‍പ്, ഇന്ത്യയിലോ വിദേശത്തോ ഉള്ള ഒരു കമ്പനിയിലോ പ്രോജക്റ്റിലോ കുറഞ്ഞത് രണ്ടു വര്‍ഷത്തെ പരിചയം ഉണ്ടെങ്കില്‍ പ്രത്യേകം പരിഗണന ലഭിക്കും. സര്‍ട്ടിഫിക്കേഷനുകളും ഹ്രസ്വ ഓണ്‍ലൈന്‍ കോഴ്സുകളുമെല്ലാം ഇത്തരത്തില്‍ തൊഴില്‍ വൈദഗ്ധ്യം തെളിയിക്കാന്‍ സഹായിക്കും.
ലിങ്ക്ഡ്ഇന്‍ പോലുള്ള സമൂഹ മാധ്യമ പ്ളാറ്റ്ഫോമുകളില്‍ സജീവമായിരിക്കുന്നത് നല്ലതാണ്. പ്രോജക്റ്റുകളും അസൈന്‍മെന്റുകളും അടക്കം ഇതില്‍ ഉള്‍പ്പെടുത്തുക. ചെയ്യാന്‍ ആഗ്രഹിക്കുന്ന ജോലിയുടെ സ്വഭാവമനുസരിച്ച്, ഗവേഷണത്തിലും പ്രസിദ്ധീകരണത്തിലും സജീവമായിരിക്കേണ്ടതും അനിവാര്യം. പ്രോജക്റ്റുകള്‍ക്ക് പേറ്റന്റ് നേടാനും ശ്രമിക്കുക. കോണ്‍ഫറന്‍സുകളില്‍ പങ്കെടുത്ത് പ്രൊഫഷണല്‍ നെറ്റ്വര്‍ക്ക് മെച്ചപ്പെടുത്തുക.
ഇന്റര്‍വ്യൂ ഘട്ടം വരെയെത്തിയാല്‍, ജനറല്‍, ടെക്നിക്കല്‍, എച്ച്ആര്‍ അഭിമുഖങ്ങള്‍ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത തലങ്ങളുണ്ടാകും. തൊഴില്‍ ആവശ്യകതകള്‍ നിറവേറ്റുന്നതിനായുള്ള വൈദഗ്ധ്യമാണ് ഇന്റര്‍വ്യൂവില്‍ പരിശോധിക്കുക. വിഷയത്തിലെ സൈദ്ധാന്തികമായ അറിവിനല്ല പ്രഥമ സ്ഥാനം. തെരഞ്ഞെടുക്കപ്പെട്ടാല്‍ വീസയ്ക്കും ഫാമിലി ഇമിഗ്രേഷനുമുള്ള ചെലവുകള്‍ തൊഴിലുടമ തന്നെ വഹിക്കുന്നതാണ് നോര്‍വേ പോലുള്ള രാജ്യങ്ങളുടെ രീതി. വിമാന ടിക്കറ്റുകളും നല്‍കും. രണ്ടു മാസത്തേക്ക് പ്രാരംഭ ഭവനം ഉള്‍പ്പെടെയുള്ള മറ്റെല്ലാ സ്ഥലംമാറ്റ ചെലവുകളും നിറവേറ്റും. ഗള്‍ഫ് രാജ്യങ്ങളെപ്പോലുള്ള സ്പോണ്‍സര്‍ഷിപ്പ് രീതി നിലവില്‍ ഇല്ലാത്തതിനാല്‍ വീസ മാറ്റാതെ തന്നെ ജോലി മാറാനും സൗകര്യം ലഭിക്കും.