റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം ഒരു വര്‍ഷം പിന്നിടുന്നു

author-image
athira p
New Update

മോസ്കോ: റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം ഫെബ്രുവരി 24ന് ഒരു വര്‍ഷം പൂര്‍ത്തിയാക്കി. 2022 ഫെബ്രുവരി 24ന് പുലര്‍ച്ചെ യുക്രെയ്ന്‍ തലസ്ഥാനമായ കിയവില്‍ അടക്കം ആക്രമണം നടത്തിയാണ് റഷ്യ അധിനിവേശത്തിന് തുടക്കമിട്ടത്.

Advertisment

publive-image

ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ ഇരുഭാഗത്തുമായി സാധാരണക്കാരും സൈനികരും അടക്കം ഒരു ലക്ഷത്തോളം പേരുടെ ജീവന്‍ നഷ്ടമായി. കോടിക്കണക്കിനാളുകള്‍ അഭയാര്‍ഥികളായി. 3600ഓളം മലയാളികള്‍ അടക്കം 22,500 ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് യുദ്ധം ആരംഭിച്ചയുടന്‍ യുക്രെയ്നില്‍ നിന്ന് മടങ്ങിയത്. ഇവരില്‍ ബഹുഭൂരിഭാഗം പേരും തുടര്‍പഠനം സംബന്ധിച്ച് ആശങ്കയിലാണ്.

ഇത്രയും കാലത്തിനിടെ സംഘര്‍ഷം കൂടുതല്‍ വഷളായതല്ലാതെ ഒരിക്കലും പരിഹാരത്തിന്റെ സൂചനകളുണ്ടായിട്ടില്ല. ഐക്യരാഷ്ട്രസഭ അടക്കം നടത്തിയ ശ്രമങ്ങളും പരാജയപ്പെട്ടു. ദിവസങ്ങള്‍ മുമ്പ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ യുക്രെയ്ന്‍ തലസ്ഥാനമായ കിയവില്‍ നടത്തിയ സന്ദര്‍ശനവും നാറ്റോ സഖ്യരാജ്യത്തലവന്‍മാരുമായി ചേര്‍ന്ന് യുക്രെയ്ന് പരിപൂര്‍ണ പിന്തുണ പ്രഖ്യാപിച്ചതും മറുപടിയായി അമേരിക്കയുമായുള്ള ആണവായുധ ഉടമ്പടിയില്‍ നിന്ന് റഷ്യ പിന്മാറിയതും സംഘര്‍ഷം രൂക്ഷമാക്കിയിരിക്കുകയാണ്.

യുക്രെയ്നിന്റെ കിഴക്കന്‍, തെക്കന്‍ മേഖലകളിലാണ് ഇപ്പോള്‍ രൂക്ഷമായ ആക്രമണം നടക്കുന്നത്. യുക്രെയ്ന് യുദ്ധവിമാനങ്ങളും ടാങ്കുകളുമടക്കം നല്‍കാനുള്ള ശ്രമത്തിലാണ് അമേരിക്കയും ജര്‍മനിയും ബ്രിട്ടനും ഫ്രാന്‍സും. ഭൂഖണ്ഡാനന്തര മിസൈല്‍ പദ്ധതി അടക്കം പുനരാരംഭിക്കുമെന്ന പ്രഖ്യാപനം റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനും നടത്തിയിട്ടുണ്ട്.

റഷ്യക്ക് ഉപരോധം ഏര്‍പ്പെടുത്തിയതോടെ കടുത്ത ഊര്‍ജ പ്രതിസന്ധിയിലൂടെയാണ് യൂറോപ്പ് കടന്നുപോകുന്നത്. പണപ്പെരുപ്പവും സാമ്പത്തിക മാന്ദ്യവും വികസിത രാജ്യങ്ങളെ അടക്കം വീര്‍പ്പുമുട്ടിക്കുന്നു. യുക്രെയ്നില്‍ നിന്നുള്ള ഭക്ഷ്യ എണ്ണ, ധാന്യ വര്‍ഗങ്ങള്‍, വളം, സ്ററീല്‍ എന്നിവയുടെ കയറ്റുമതി തടസ്സപ്പെട്ടത് വിലക്കയറ്റത്തിനും കാരണമാകുന്നു.

Advertisment