ഡബ്ലിന്‍ : പുതിയ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഡബ്ലിന്‍ മേഖലയില്‍ ജലവിതരണം മുടങ്ങിയേക്കും. നോര്‍ത്ത് ഡബ്ലിനിലെ മൂന്നരലക്ഷത്തോളം ജനങ്ങള്‍ അധിവസിക്കുന്ന മേഖലയിലെ ജലവിതരണമാണ് തടസ്സപ്പെടുക.പഴയ പൈപ്പ് ലൈനിന് പകരം പുതിയത് സ്ഥാപിക്കുന്നതിനാലാണ് വെള്ളം മുടങ്ങുക.ജലവിതരണത്തിന് സംവിധാനമൊക്കെ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും പരമാവധി വെള്ളം സ്റ്റോര്‍ ചെയ്തുപയോഗിക്കുന്നതിന് ശ്രദ്ധിക്കണമെന്ന് ഐറിഷ് വാട്ടര്‍ ഉപദേശിച്ചു.ഈ വെള്ളം തിളപ്പിച്ച ശേഷം മാത്രമേ കുടിക്കാന്‍ ഉപയോഗിക്കാവൂ.
പുലര്‍ച്ചെ ഒരു മണി മുതല്‍ 11 മണി വരെയായിരിക്കും ജലവിതരണം തടസ്സപ്പെടുകയെന്ന് ഐറിഷ് വാട്ടര്‍ അറിയിച്ചു.ജലവിതരണം എല്ലായിടത്തും സാധാരണ നിലയിലാകാന്‍ പത്തു മണിക്കൂറെങ്കിലും വേണ്ടി വരുമെന്നാണ് കരുതുന്നത്.ദീര്‍ഘകാലത്തേയ്ക്ക് പ്രയോജനം കിട്ടുന്നതിനായി നേരിടുന്ന ഇപ്പോഴത്തെ ബുദ്ധിമുട്ടുകളും അസൗകര്യങ്ങളും താല്‍ക്കാലികമാണെന്നും ഐറിഷ് വാട്ടര്‍ പറഞ്ഞു.
സ്വോര്‍ഡ്സ്,സാന്‍ട്രി ,മാലഹൈഡ് ,പോര്‍ട്ട്മാര്‍നോക്ക്,കിന്‍സില,ബാലിബൗഗല്‍,ലിസെന്‍ഹാള്‍,ഡോണാബേറ്റ്,പോര്‍ട്രയിന്‍,ടര്‍വേ,ലോഫ്ഷിന്നി,പാമര്‍സ്റ്റൗണ്‍ (ഫിംഗല്‍),റഷ് ,ലസ്‌ക്,കൂടാതെ എം1 സര്‍വീസ് സ്റ്റേഷനുകളും പരിസര പ്രദേശങ്ങളും എന്നിവിടങ്ങളിലാണ് കുടിവെള്ളം മുടങ്ങുകയെന്ന് ഐറിഷ് വാട്ടര്‍ അറിയിച്ചു.
ഫിംഗല്‍ കൗണ്ടി കൗണ്‍സിലുമായി ചേര്‍ന്ന് കണ്ടെയ്നറുകളില്‍ വെള്ളമെത്തിക്കുന്നതിനും സംവിധാനമൊരുക്കിയിട്ടുണ്ട്. റഷിലെ ടെസ്‌കോ ഷോപ്പിംഗ് സെന്റര്‍, പോര്‍ട്രെയ്‌നിലെ സീവ്യൂ പാര്‍ക്ക് കാര്‍ പാര്‍ക്ക്, സ്വോര്‍ഡ്സിലെ സെന്റ് കോള്‍മിലിന്റെ ജി എ എ ക്ലബ്, പോര്‍ട്ട്മാര്‍നോക്ക് സ്‌പോര്‍ട്‌സ് ആന്‍ഡ് ലെഷര്‍ ക്ലബ് എന്നിവിടങ്ങളിലാണ് കണ്ടെയ്നറില്‍ വെള്ളമെത്തുക.
1960ല്‍ സ്ഥാപിച്ച സിംഗിള്‍ കോണ്‍ക്രീറ്റ് പൈപ്പ് ലൈനിലൂടെയാണ് നോര്‍ത്ത് ഡബ്ലിന്‍ കൗണ്ടിയിലേയ്ക്ക് ജലമെത്തിച്ചിരുന്നത്. 60മില്യണ്‍ ലിറ്റര്‍ വെള്ളമാണ് ബാലികൂളിന്‍ റിസര്‍വോയറില്‍ നിന്നും സ്വോര്‍ഡ്സിലേയ്ക്ക് കൊണ്ടുപോകുന്നത്. ആവശ്യകതയേറിയതോടെ ഈ പൈപ്പ്ലൈന്‍ അപര്യാപ്തമായിരുന്നു. ഇതേ തുടര്‍ന്നാണ് പ്രതിദിനം 90 മില്യണ്‍ ലിറ്റര്‍ കുടിവെള്ളം വിതരണം ചെയ്യാന്‍ കഴിയുന്ന 28 മില്യണ്‍ യൂറോയുടെ സമാന്തര പദ്ധതി വന്നത്.