അയര്‍ലണ്ടിലെ കുട്ടികളുടെ സെക്സ് എജ്യൂക്കേഷന്‍ : അന്തിമ തീരുമാനം മാതാപിതാക്കളുടേതെന്ന് വിദ്യാഭ്യാസ മന്ത്രി

author-image
athira p
Updated On
New Update

ഡബ്ലിന്‍ : കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കുന്നത് രക്ഷിതാക്കളുടെ സമ്മതത്തോടെയാകണമെന്ന ആശയത്തെ പിന്തുണച്ച് സര്‍ക്കാര്‍. അനാവശ്യമെന്ന് കണ്ടാല്‍ രക്ഷിതാക്കള്‍ക്ക് വേണമെങ്കില്‍ ലൈംഗിക വിദ്യാഭ്യാസ ക്ലാസുകളില്‍ നിന്ന് കുട്ടികളെ മാറ്റാനും രക്ഷിതാക്കളെ അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി നോര്‍മഫോളി വ്യക്തമാക്കി.

Advertisment

publive-image

നാഷണല്‍ കൗണ്‍സില്‍ ഫോര്‍ കരിക്കുലം ആന്‍ഡ് അസസ്‌മെന്റ്, സോഷ്യല്‍ പേഴ്‌സണല്‍ ആന്‍ഡ് ഹെല്‍ത്ത് എജ്യുക്കേഷന്‍ പാഠ്യപദ്ധതിക്ക് അന്തിമരൂപം നല്‍കി വരികയാണ്. അതിനിടയിലാണ് സര്‍ക്കാര്‍ ഇതു സംബന്ധിച്ച് നിലപാട് വ്യക്തമാക്കിയത്. കുട്ടികള്‍ക്ക് ചെറുപ്രായത്തില്‍ ലൈംഗിക വിദ്യാഭ്യാസം നല്‍കുന്നത് ദോഷകരമാകുമോയെന്ന ആശങ്ക ചില കോണുകളില്‍ നിന്നും ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഇക്കാര്യത്തില്‍ അന്തിമതീരുമാനം മാതാപിതാക്കള്‍ക്കായിരിക്കുമെന്ന് മന്ത്രി വ്യക്തമാക്കിയത്.

കുട്ടികളെ പഠിപ്പിക്കുന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും രക്ഷിതാക്കള്‍ അറിഞ്ഞിരിക്കണമെന്ന് മന്ത്രി പറഞ്ഞു. എല്ലാത്തിനും അവരുടെ സമ്മതം ഉണ്ടായിരിക്കണം. അതിന് വളരെ വിലയുണ്ട്. ഏതു കാര്യത്തില്‍ നിന്നും അവരുടെ കുട്ടികളെ ഒഴിവാക്കാനുള്ള സ്വാതന്ത്ര്യവും മാതാപിതാക്കള്‍ക്ക് ഉണ്ടായിരിക്കണം, ഇത് വളരെ പ്രധാനമാണെന്നാണ് കരുതുന്നത്. ഒരു കാരണവശാലും ഈ സ്വാതന്ത്ര്യത്തെ ദുര്‍ബലപ്പെടുത്തില്ലെന്നും മന്ത്രി വിശദീകരിച്ചു.

കുട്ടികള്‍ക്ക് സ്‌കൂളില്‍ സുരക്ഷിതത്വമുണ്ടാകണം, ഒപ്പം ആദരവും ലഭിക്കണം. ഓരോ കുട്ടിയും സിസ്റ്റത്തെ വിലമതിക്കുന്നുവെന്ന് ഉറപ്പാക്കുക എന്നതാണ് സ്‌കൂളുകളുടെ പ്രാഥമിക ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.

ചെറു പ്രായത്തില്‍ത്തന്നെ അശ്ലീലം പഠിപ്പിക്കുകയാണെന്ന ആരോപണവുമായി ‘ഒന്റു പാര്‍ട്ടി ‘ നേതാവ് പീദര്‍ തോയ്ബിന്‍ ഡയലില്‍ എത്തിയിരുന്നു. ഈ നീക്കം മാതാപിതാക്കളെ ആശങ്കപ്പെടുത്തുന്നതാണെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ഗേള്‍സ് ബോയ്‌സ് വേര്‍തിരിവുകളുള്ള സ്‌കൂള്‍ സമ്പ്രദായം അവസാനിപ്പിക്കുന്നതിനെ കുറിച്ചും ഇപ്പോള്‍ ചര്‍ച്ച നടക്കുന്നുണ്ട്.

കുട്ടികള്‍ ഭാവി ജീവിതത്തിനായും വെല്ലുവിളികളെ നേരിടുന്നതിനായും തയ്യാറെടുക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി ലിയോ വരദ്കര്‍ പറഞ്ഞു.’ വളരുന്ന പ്രായത്തില്‍ത്തന്നെ ‘ അതു നടക്കേണ്ടതുണ്ട്.അതിന് വിരുദ്ധമായ ഒരു പാഠ്യപദ്ധതിയും ഗുണകരമാകില്ലെന്ന് ലിയോ വരദ്കര്‍ പറഞ്ഞു.

കുട്ടികള്‍ക്കെതിരായ അക്രമങ്ങളും ലൈംഗിക അതിക്രമങ്ങളുമെല്ലാം പെരുകുന്നത് ഞെട്ടിപ്പിക്കുന്നതാണ്.ഇത് കൂടുതല്‍ വ്യാപകമാവുകയാണ്, ലൈംഗികാതിക്രമങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കാന്‍ കഴിയുന്നതെല്ലാം ചെയ്യേണ്ടതുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

അധാര്‍മ്മികതയും , ലൈംഗീകവത്കരിക്കപ്പെട്ട ഉള്ളടക്കവും

സ്‌കൂളുകള്‍ക്കായുള്ള ലൈംഗികവിദ്യാഭ്യാസ പാഠ്യപദ്ധതിയില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന മാറ്റങ്ങളെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പിന് ഡസന്‍ കണക്കിന് പരാതികളാണ് വിദ്യാഭ്യാസ വകുപ്പിന് ലഭിക്കുന്നത്. നിരപരാധികളായ കുട്ടികളെ ‘ അവിവേകം പ്രബോധിപ്പിക്കാനുള്ള’ നിര്‍ദ്ദേശങ്ങള്‍ അലോസരമുണ്ടാക്കുന്നുവെന്ന് പ്രൊ ലൈഫ് അടക്കമുള്ള സംഘടനകള്‍ വ്യക്തമാക്കുന്നു. വിദ്യാഭ്യാസ വകുപ്പ് കുട്ടികളുടെ സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്യുന്നുവെന്നാണ് മറ്റൊരു ആരോപണം.

‘കുട്ടികള്‍ വീട്ടില്‍ വന്ന് അവരുടെ മാതാപിതാക്കളോട് സ്‌കൂളില്‍ എന്താണ് പഠിപ്പിക്കുന്നതെന്ന് പറയുമ്പോള്‍, യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് കൂടുതല്‍ ജനങ്ങള്‍ മനസ്സിലാക്കാന്‍ തുടങ്ങുമ്പോള്‍, അധികാരികള്‍ അതിന് ഉത്തരം നല്‍കേണ്ടിവരും.’ മറ്റൊരു സംഘടന പറയുന്നു.

ഡിപ്പാര്‍ട്ട്മെന്റ് ‘രാജ്യത്തിന്റെ അധാര്‍മികത’ക്ക് പിന്തുണ നല്‍കരുതെന്നും ‘വളരെ ലൈംഗികവല്‍ക്കരിക്കപ്പെട്ട’ ഉള്ളടക്കങ്ങള്‍ ഒഴിവാക്കണമെന്ന ആവശ്യവുമായി കത്തോലിക്കാ സഭയും രംഗത്തെത്തി.

വകുപ്പ് പുറത്തുവിട്ട ഇമെയിലുകള്‍ പ്രകാരം, ലിംഗ വ്യക്തിത്വവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ ഏതാണ്ട് ”ഒബ്സസീവ് ഫോക്കസ്” ഉണ്ടെന്ന് അവകാശപ്പെടുകയാണ്. പുതിയ പാഠ്യപദ്ധതിയില്‍ ”ക്രോസ് ഡ്രസ്സിംഗ്, ട്രാന്‍സ്ജെന്‍ഡറിസം എന്നിവയും അതിലേറെയും പോലുള്ള വിഷയങ്ങള്‍” ഉള്‍പ്പെടുത്തുന്നതില്‍ തങ്ങള്‍ക്ക് ആശങ്കയുണ്ടെന്ന് അധ്യാപകരുടെ സംഘടനയും പറയുന്നു.

ഐറിഷ് സ്‌കൂളുകളിലെ കത്തോലിക്കാ സഭയുടെ അമിതമായ ഇടപെടല്‍ വര്‍ഷങ്ങളോളം ലൈംഗികതയെക്കുറിച്ചുള്ള ഉചിതമായ വിദ്യാഭ്യാസം നടപ്പിലാക്കുന്നത് തടഞ്ഞുവെങ്കിലും, പ്രൈമറി സ്‌കൂള്‍ പ്രായത്തിലുള്ള കൊച്ചുകുട്ടികളെ അത്തരം വിഷയങ്ങള്‍ പഠിപ്പിക്കുന്നത് ഉചിതമാണെന്ന നിലപാടിലാണ് മനുഷ്യാവകാശ സംഘടനകളും.

”സ്വവര്‍ഗാനുരാഗി, ട്രാന്‍സ്, ക്വീര്‍ തുടങ്ങിയ വാക്കുകള്‍ അപമാനമായി മാത്രം കേള്‍ക്കുന്ന ഒരു സ്‌കൂള്‍ സംവിധാനത്തിലൂടെ കടന്നുപോകുന്ന അവസ്ഥ ഒഴിവാക്കുകയാണ് തങ്ങളുടെ ഉദ്ദേശ്യമെന്നാണ് വിദ്യാഭ്യാസ വിദഗ്ദര്‍ അവകാശപ്പെടുന്നത്.

”സ്ത്രീകള്‍ക്കെതിരായ പുരുഷ അതിക്രമങ്ങളുടെ വേലിയേറ്റം തടയാന്‍ നമുക്ക് ഒരു വലിയ സാംസ്‌കാരിക മാറ്റം ആവശ്യമാണെന്നും ലൈംഗിക വിദ്യാഭ്യാസത്തോടുള്ള പുരോഗമനപരമായ സമീപനത്തോടെയാണ് അത് ആരംഭിക്കുന്നതെന്നും വിദ്യാഭ്യാസ നയരേഖ വ്യക്തമാക്കുന്നു.

Advertisment