കുടിയൊഴിപ്പിക്കല്‍ നിരോധനം ; തീരുമാനമെടുക്കാതെ ആടിക്കളിച്ച് സര്‍ക്കാര്‍

author-image
athira p
New Update

ഡബ്ലിന്‍: വാടകക്കാരുടെ കുടിയൊഴിപ്പിക്കല്‍ നിരോധനം നീട്ടുന്ന കാര്യത്തില്‍ തീരുമാനമെടുക്കാതെ സര്‍ക്കാര്‍ ആശയക്കുഴപ്പത്തില്‍ . അത്തരമൊരു നടപടി ഭവനപ്രതിസന്ധിയെ കൂടുതല്‍ വഷളാക്കുമോ എന്ന ആശങ്കയിലാണ് സര്‍ക്കാര്‍. വെളുക്കാന്‍ തേച്ചത് പാണ്ടാകുമോയെന്ന ചോദ്യമാണ് സര്‍ക്കാരിനെ അലട്ടുന്നത്. ഈ നിലപാടില്ലായ്മക്കെതിരെ സിന്‍ഫെയ്ന്‍ കടുത്ത വിമര്‍ശനമുയര്‍ത്തിയിട്ടുണ്ട്.

Advertisment

publive-image

കുടിയൊഴിപ്പിക്കല്‍ കാലാവധി നീട്ടിയാല്‍ അത് ഭൂഉടമകളെ വിപണിയില്‍ നിന്നും അകറ്റുമോയെന്നതാണ് സര്‍ക്കാരിന്റെ പ്രധാന ആശങ്ക.അതേസമയം, നിരോധനം പിന്‍വലിച്ചാല്‍ വാടകവീടുകളില്‍ നിന്നും ആളുകളെ കൂട്ടത്തോടെ പുറത്താക്കുമോയെന്നതും ആലോചിക്കുന്നു.

നവംബര്‍ മുതലാണ് കുടിയൊഴിപ്പിക്കല്‍ നിരോധനം നിലവില്‍ വന്നത്. തുടര്‍ച്ചയായി ഏഴുമാസമായി ഭവനരഹിതരുടെ എണ്ണം റെക്കോര്‍ഡ് നിലയില്‍ വര്‍ധിക്കുകയാണ്. എന്നിരുന്നാലും കുടിയിറക്കല്‍ നിരോധനം വിന്ററില്‍ വലിയ തോതില്‍ ഭവരരാഹിത്യം കുറച്ചെന്നും സര്‍ക്കാര്‍ വിലയിരുത്തുന്നു.

അതിനിടെ നിരോധനം കൂടി പിന്‍വലിച്ചാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നും സര്‍ക്കാര്‍ ഭയക്കുന്നു. ജനുവരി 23 മുതല്‍ 29 വരെയുള്ള ആഴ്ചയില്‍ പ്രായമായ 8,323 പേരും 3,431 കുട്ടികളും എമര്‍ജന്‍സി അക്കൊമൊഡേഷനിലാണ് കഴിയുന്നത്.അതിനാല്‍ ഇക്കാര്യത്തില്‍ സന്തുലിതമായ നിലപാട് ഉണ്ടാകേണ്ടതുണ്ട്. ഭൂഉടമസ്ഥര്‍ വിപണിയില്‍ തുടരുകയും വേണം കൂടുതല്‍ ഭവനരഹിതരുണ്ടാവുകയും ചെയ്യരുത് എന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്..

കഴിഞ്ഞ വര്‍ഷം 21,000 വീടുകള്‍ ഉടമസ്ഥര്‍ വിറ്റൊഴിഞ്ഞതായി കണക്കുകള്‍ പറയുന്നു. 7,500 വീടുകളേ പുതുതായി ഇക്കൂട്ടര്‍ വാങ്ങിയുള്ളു. ഇത് വിപണിയിലെ മോശം പ്രവണതയാണെന്നാണ് സര്‍ക്കാര്‍ നിരീക്ഷിക്കുന്നു.

നിരോധനം ഏപ്രിലിനുശേഷവും നീട്ടിയാല്‍, അത് അവസാനിക്കുന്നതോടെ വീട്ടുടമകള്‍ കൂട്ടത്തോടെ അവരുടെ സ്വത്തുക്കള്‍ വിറ്റൊഴിഞ്ഞാലോയെന്നും സര്‍ക്കാര്‍ ഭയപ്പെടുന്നു. അങ്ങനെ വന്നാല്‍ കുടിയൊഴിപ്പിക്കല്‍ നോട്ടീസുകളുടെ പ്രവാഹമായിരിക്കുമുണ്ടാവുക. ഇതും സര്‍ക്കാരിനെ വെട്ടിലാക്കുന്നു. മാര്‍ച്ചിന് ശേഷം നിരോധനം ഏര്‍പ്പെടുത്തേണ്ടതുണ്ടോയെന്നതു സംബന്ധിച്ച് ഇനിയും തീരുമാനമെടുത്തിട്ടില്ലെന്ന് സഹമന്ത്രി ജാക്ക് ചേംബേഴ്‌സ് വ്യക്തമാക്കി.

Advertisment