ലണ്ടൻ : ചാൾസ് മൂന്നാമൻ രാജാവിന്റെ രണ്ടാം ഭാര്യയായ കാമില പാർക്കർ ബൗൾസിനെ രാജ്ഞി എന്നു തന്നെ വിളിക്കുമെന്നു കൊട്ടാരവൃത്തങ്ങളെ ഉദ്ധരിച്ചു 'ഡെയ്‌ലി മെയിൽ' പത്രം റിപ്പോർട്ട് ചെയ്തു. അവരെ രാജപത്നി എന്നു വിളിച്ചാൽ മതി എന്നായിരുന്നു ചാൾസിന്റെ അന്തരിച്ച മാതാവ് എലിസബത്ത് രാജ്ഞിയുടെ നിർദേശം. ഇപ്പോൾ നൽകിയിട്ടുള്ള ആ സ്ഥാനപ്പേര് മെയ് 6 നു നടക്കുന്ന ചാൾസിന്റെ കിരീടധാരണത്തിനു ശേഷം മാറ്റുമെന്നാണ് റിപ്പോർട്ട്.
ആദ്യ ഭാര്യ ഡയാന പാരിസിൽ കാറപകടത്തിൽ മരിച്ച ശേഷം 2005 ലാണ് കാമുകിയായ കാമിലയെ ചാൾസ് വിവാഹം കഴിച്ചത്. കോൺവാൾ പ്രഭ്വി എന്ന പദവി അവർക്കു നൽകപ്പെട്ടു.
എലിസബത്ത് രാജ്ഞി അന്തരിച്ച ശേഷം ചാൾസ് രാജാവായതോടെ അവരെ രാജപത്നിയാക്കി.
2022 ഫെബ്രുവരിയിൽ എലിസബത്ത് രാജ്ഞി എഴുതിയ ഒരു കത്ത് പുറത്തു വന്നിട്ടുണ്ട്. അതിൽ കാമിലയുടെ പദവിയെപ്പറ്റി തന്റെ അഭിപ്രായം അവർ രേഖപ്പെടുത്തിയിരുന്നു.
കഴിഞ്ഞ ആഴ്ച കാമിലയുടെ ചാരിറ്റി സംഘടനയുടെ പേരിൽ 'രാജ്ഞിയുടെ വായനാ മുറി' എന്ന മാറ്റം വന്നു. വരാനിരിക്കുന്ന മാറ്റത്തിന്റെ സൂചന അതു നൽകി.
മെയ് 6നു വെസ്റ്റമിൻസ്റ്റർ ആബിയിലാണ് കിരീടധാരണം.