ലിസ്ബണ്‍: പോര്‍ച്ചുഗീസ് തലസ്ഥാനമായ ലിസ്ബണില്‍ ആയിരക്കണക്കിനാളുകള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. ഉയര്‍ന്ന പണപ്പെരുപ്പവും വര്‍ധിച്ചുവരുന്ന ചലവുകളും കാരണം ജീവിതം ദുസ്സഹമായെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.
സമ്പത്തിന്റെ കാര്യത്തില്‍ പടിഞ്ഞാറന്‍ യൂറോപ്പില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളിലൊന്നാണ് പോര്‍ച്ചുഗല്‍. രാജ്യത്തെ 50 ശതമാനത്തിലധികം തൊഴിലാളികളും കഴിഞ്ഞ വര്‍ഷം പ്രതിമാസം ശരാശരി 1,000 യൂറോയില്‍ താഴെയാണ് സമ്പാദിച്ചത്. രാജ്യത്തെ കുറഞ്ഞ പ്രതിമാസ വേതനം 760 യൂറോയുമാണ്.
2022~ല്‍ പോര്‍ച്ചുഗലില്‍ വീടുകളുടെ വിലയില്‍ 18.7 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്. ഇത് മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്നതാണ്. വാടകയും ഗണ്യമായി വര്‍ധിച്ചു. കുറഞ്ഞ വേതനവും ഉയര്‍ന്ന വാടകയും ലിസ്ബണിനെ ലോകത്തെ ഏറ്റവും ജീവനയോഗ്യമല്ലാത്ത മൂന്നാമത്തെ നഗരമാക്കി മാറ്റിയിരിക്കുകയാണ്. 8.3 ശതമാനമാണ് ഇപ്പോള്‍ രാജ്യത്തെ പണപ്പെരുപ്പം.
ലിസ്ബണിന്റെ ദരിദ്ര പ്രാന്തപ്രദേശങ്ങളില്‍ താമസിക്കുന്ന ആളുകള്‍ തുടക്കമിട്ട 'ഫെയര്‍ ലൈഫ്' എന്ന പ്രസ്ഥാനമാണ് ഈ പശ്ചാത്തലത്തില്‍ പ്രക്ഷോഭങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. പണപ്പെരുപ്പം കുതിച്ചുയരുന്നതിന് മുമ്പ് തന്നെ ഏറ്റവും ദുര്‍ബല വിഭാഗമായിരുന്ന തങ്ങളെയാണ് നിലവിലെ "ജീവിതച്ചെലവുമായി ബന്ധപ്പെട്ട പ്രതിസന്ധി' ഏറ്റവും കൂടുതല്‍ ബാധിച്ചതെന്ന് അവര്‍ പറയുന്നു.