പാരീസ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഏപ്രിലില്‍ ചൈന സന്ദര്‍ശിക്കും. യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള നടപടികള്‍ക്ക് മുന്‍കൈയെടുക്കാമെന്ന ചൈനയുടെ വാഗ്ദാനത്തിന്റെ പശ്ചാത്തലത്തിലാണ് യാത്ര. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാന പദ്ധതി തയാറാക്കാന്‍ ചൈന സന്നദ്ധത അറിയിച്ചിരുന്നു.
അതേസമയം, യുദ്ധം അവസാനിപ്പിക്കുന്നതിന് റഷ്യക്കുമേല്‍ ചൈന സമ്മര്‍ദ്ദം ചെലുത്തണമെന്നും മാക്രോണ്‍ ആവശ്യപ്പെട്ടു. യുക്രെയ്നില്‍ സമാധാനത്തിനായി ചൈന മുന്‍കൈയെടുക്കുന്നത് നല്ല കാര്യമാണ്. റഷ്യ യുദ്ധം അവസാനിപ്പിക്കുകയും സൈന്യത്തെ പിന്‍വലിക്കുകയും യുക്രെയ്നിന്റെ പരമാധികാരം അംഗീകാരം ചെയ്താല്‍ മാത്രമേ സമാധാനമുണ്ടാകുവെന്നും മാക്രോണ്‍ കൂട്ടിച്ചേര്‍ത്തു.
നേരത്തെ, യുക്രെയ്ന്‍ പ്രസിഡന്റ് വോളോദിമിര്‍ സെലന്‍സ്കിയും ചൈനീസ് പ്രസിഡന്റ് ഷി ജിങ് പിങ്ങുമായി കൂടിക്കാഴ്ച നടത്താന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു.
ഇതിനിടെ, റഷ്യയുടെ സഖ്യകക്ഷിയായ ബെലറുസിന്റെ നേതാവ് അലക്സാണ്ടര്‍ ലുക്കാന്‍ഷോ ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് രണ്ട് വരെ ചൈന സന്ദര്‍ശിക്കുമെന്ന് വിദേശകാര്യമന്ത്രി അറിയിച്ചിരുന്നു. ചൈനീസ് പ്രസിഡന്റിന്റെ ക്ഷണപ്രകാരമാണ് ഈ സന്ദര്‍ശനം.