വടക്കന്‍ അയര്‍ലന്‍ഡ്: ഇയു ~ യുകെ ധാരണയായി

author-image
athira p
New Update

ലണ്ടന്‍: വടക്കന്‍ അയര്‍ലന്‍ഡിന്റെ കാര്യത്തില്‍ ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും തമ്മില്‍ ബ്രെക്സിറ്റ് അനന്തര ധാരണയിലെത്തി. ഒരു വര്‍ഷത്തിലേറെയായി നീളുന്ന പ്രതിസന്ധിയാണ് ഇതോടെ പരിഹരിക്കപ്പെട്ടിരിക്കുന്നത്.

Advertisment

publive-image

ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാകും യൂറോപ്യന്‍ കമ്മിഷന്‍ അധ്യക്ഷ ഉര്‍സുല വോണ്‍ ഡെര്‍ ലെയനും തമ്മിലുള്ള ചര്‍ച്ചയിലാണ് അന്തിമ ധാരണ യാഥാര്‍ഥ്യമായത്. കരാറിനെ സുനാകും വോന്‍ ഡെര്‍ ലെയനും ചരിത്രപരമെന്നാണ് വിശേഷിപ്പിച്ചത്. യൂറോപ്യന്‍ യൂണിയന്‍ ~ യുകെ ബന്ധത്തില്‍ ഇതൊരു പുതിയ അധ്യായമാണെന്ന് ഇരു നേതാക്കളും അഭിപ്രായപ്പെട്ടു.

യൂറോപ്യന്‍ യൂണിയനില്‍നിന്നു ബ്രിട്ടന്‍ വേര്‍പെട്ടുകഴിഞ്ഞ ശേഷമുള്ള നികുതി നിരക്കുകളുടെ കാര്യത്തിലാണ് പ്രധാനമായും അഭിപ്രായവ്യത്യാസങ്ങള്‍ നിലനിന്നിരുന്നത്. വാറ്റ്, കസ്റ്റംസ് തീരുവ, മരുന്നുകള്‍ എന്നിവയ്ക്കായി പ്രത്യേക കരാറുകളാണ് തയാറാകുന്നത്. ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗീകരിക്കുന്നതോടെ ഇവ പ്രാബല്യത്തില്‍ വരും.

പുതിയ കരാര്‍ പ്രകാരം, വടക്കന്‍ അയര്‍ലന്‍ഡിലേക്കുള്ള സാധനങ്ങള്‍ മിനിമം പരിശോധനയുള്ള ഗ്രീന്‍ ലെയ്നിലൂടെ കടന്നു പോകും. യൂറോപ്യന്‍ യൂണിയന്‍ ഏകീകൃത വിപണിയിലേക്കുള്ളവയ്ക്ക് പ്രത്യേകം റെഡ് ലെയ്നും ഏര്‍പ്പെടുത്തും.

ഇംഗ്ളണ്ടും സ്കോട്ട്ലന്‍ഡും വെയില്‍സും ചേര്‍ന്നതാണ് ഗ്രോറ്റ് ബ്രിട്ടന്‍. ഗ്രേറ്റ് ബ്രിട്ടനൊപ്പം വടക്കന്‍ അയര്‍ലന്‍ഡും കൂടി ചേരുന്നതാണ് യുകെ. യൂറോപ്യന്‍ യൂണിയന്‍ അംഗത്വം ഉപേക്ഷിക്കാന്‍ യുകെ തീരുമാനിച്ചപ്പോള്‍ വടക്കന്‍ അയര്‍ലന്‍ഡും യൂണിയനു പുറത്താകുകയായിരുന്നു. എന്നാല്‍, അയലത്തുള്ള റിപ്പബ്ളിക് ഓഫ് അയര്‍ലന്‍ഡ് യൂണിയനില്‍ തുടരുകയും ചെയ്യുന്നു. ഇതാണ് ഈ വിഷയത്തില്‍ പ്രതിസന്ധി നിലനില്‍ക്കാന്‍ കാരണമായത്.

Advertisment