ഇന്ത്യന്‍ റെയില്‍വേയേ നവീകരിക്കാന്‍ ജര്‍മന്‍ കമ്പനി

author-image
athira p
New Update

ബര്‍ലിന്‍: ജര്‍മന്‍ എന്‍ജിനീയറിങ് രംഗത്തെ വമ്പന്‍മാരായ സീമെന്‍സിന് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ലോക്കോമോട്ടീവ് ഓര്‍ഡറാണ് കഴിഞ്ഞ മാസം ഇന്ത്യന്‍ റെയില്‍വേയില്‍ നിന്നു ലഭിച്ചത്. മൂന്നു ബില്യന്‍ ഡോളറിന്റെ ഓര്‍ഡര്‍, 1200 ലോക്കോമോട്ടീവുകള്‍, 11 വര്‍ഷം കാലാവധി.

Advertisment

publive-image

9,000 ഹോഴ്സ്പവര്‍ വീതം കരുത്തുള്ള ലോക്കോമോട്ടീവുകളാണ് ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്. എല്ലാം ഉപയോഗിക്കാന്‍ പോകുന്നത് ചരക്ക് നീക്കത്തിന്. മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗത്തില്‍ 4500 മെട്രിക് ടണ്‍ ഭാരം വലിക്കാന്‍ ശേഷി.

ഇവയെല്ലാം പാളത്തിലേറുന്നതോടെ ഇന്ത്യന്‍ റെയില്‍വേ വഴിയുള്ള ചരക്ക് നീക്കം 40~45 ശതമാനം വരെയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ ഇത് 27 ശതമാനമാണ്.

ലോക്കോമോട്ടീവുകള്‍ ജര്‍മനിയില്‍നിന്ന് ഇറക്കുമതി ചെയ്യുകയാവില്ല, മറിച്ച്, ഇന്ത്യയിലെ തന്നെ സീമെന്‍സിന്റെ പ്ളാന്റില്‍ അസംബിള്‍ ചെയ്യുകയാവും ചെയ്യുക. ഗുജറാത്തിലുള്ള പ്ളാന്റില്‍ ഇന്ത്യന്‍ റെയില്‍വേയുടെ കൂടി പങ്കാളിത്തത്തോടെയായിരിക്കും അസംബ്ളി. ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് ഇതൊരു മുതല്‍ക്കൂട്ടാണ്. 35 വര്‍ഷത്തേക്കുള്ള അറ്റകുറ്റപ്പണികളും കരാറില്‍ ഉള്‍പ്പെടുന്നു.

ലോകത്തെ തന്നെ ഏറ്റവും വലിയ റെയില്‍വേ ശൃംഖലകളിലൊന്നാണ് ഇന്ത്യയിലേത്. രാജ്യത്തിന്റെ ജീവനാഡിയെന്നു പോലും വിശേഷണമുണ്ട്. ദിവസേന 23 മില്യന്‍ ആളുകള്‍ ഇതില്‍ സഞ്ചരിക്കുന്നു. പ്രതിവര്‍ഷം 8.4 ബില്യന്‍. 12,000 ട്രെയ്നുകളാണ് ഇന്ത്യന്‍ റെയില്‍വേയ്ക്കുള്ളത്. ആകെ 67,415 കിലോമീറ്റര്‍ ദൈര്‍ഘ്യം വരും ട്രാക്കിന്. 1.2 മില്യന്‍ ആളുകള്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ റെയില്‍വേ, രാജ്യത്തെ ഏറ്റവും വലിയ തൊഴില്‍ദാതാവ് കൂടിയാണ്.

ഇന്ത്യയും ജര്‍മനിയും തമ്മിലുള്ള വ്യാപാര ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താനും സീമെന്‍സ് ~ ഇന്ത്യന്‍ റെയില്‍വേ കരാര്‍ ഉപകരിക്കും. നിലവില്‍ 1800 ജര്‍മന്‍ കമ്പനികള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Advertisment