വിവാദ ആള്‍ദൈവത്തിന്റെ പ്രതിനിധി യുഎന്‍ സമ്മേളനത്തില്‍

author-image
athira p
New Update

ജനീവ: ഇന്ത്യയില്‍ ബലാത്സംഗക്കേസില്‍ പ്രതിയായി നാടുവിട്ട് ദ്വീപ് വാങ്ങി രാജ്യം സ്ഥാപിച്ച സ്വയംപ്രഖ്യാപിത ആള്‍ദൈവം നിത്യാനന്ദയുടെ പ്രതിനിധി ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തില്‍ നടന്ന സമ്മേളനത്തില്‍ പങ്കെടുത്തു.

Advertisment

publive-image

നിത്യാനന്ദ സ്വന്തമായി സ്ഥാപിച്ച യുണൈറ്റഡ് സ്റേററ്റ്സ് ഓഫ് കൈലാസ എന്ന രാജ്യത്തിന്റെ പ്രതിനിധിയായ മാ വിജയപ്രിയ നിത്യാനന്ദ എന്ന യുവതിയാണ് സമ്മേളനത്തിനെത്തിയത്. സാമ്പത്തിക, സാംസ്കാരിക അവകാശങ്ങള്‍ക്കായുള്ള (സി.ഇ.എസ്.ആര്‍) 19 ~ാമത് യോഗത്തിന്‍റെ 73 മത്തെ സെഷനിലായിരുന്നു ഇത്.

2019ല്‍ ഇന്ത്യയില്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെട്ട ക്രിമിനലാണ് നിത്യാനന്ദ. ബലാത്സംഗം കൂടാതെ ബാല പീഡന കേസുകളും നിലവിലുണ്ട്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ രജിസ്ററര്‍ ചെയ്ത ലൈംഗികാതിക്രമ കേസുകളില്‍ നിന്ന് രക്ഷപെടാനാണ് രാജ്യം വിട്ടത്.

2010ല്‍ നിത്യാനന്ദക്കെതിരെ കര്‍ണാടക സെഷന്‍സ് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ആശ്രമത്തിലെ കുട്ടികളെ തട്ടിക്കൊണ്ട് പോയതിന് ഗുജറാത്തിലും കേസുകള്‍ നിലവിലുണ്ട്. ഇതിനിടെയാണ് രാജ്യത്തിന്റെ പ്രതിനിധി യു.എന്‍ സമ്മേളനത്തില്‍ പങ്കെടുത്തത്.

തന്റെ പ്രതിനിധി യുഎന്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന്റെ ചിത്രം നിത്യാനന്ദ തന്നെയാണ് ട്വീറ്റ് ചെയ്തത്. ഇയന്‍കുമാര്‍ എന്ന വ്യക്തിയും യോഗത്തില്‍ പങ്കെടുത്തു. ഇവര്‍ പങ്കെടുക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ യു.എന്‍ വെബ്സൈറ്റിലും പ്രത്യക്ഷപ്പെട്ടു. ഐക്യരാഷ്ട്ര സഭയുടെ വെബ്സൈറ്റില്‍ അപ്ളോഡ് ചെയ്ത വീഡിയോയില്‍ യോഗത്തില്‍ പങ്കെടുക്കുന്ന മാ വിജയപ്രിയയെ കാണാം. കൈലാസത്തില്‍ നിന്നുള്ള സ്ഥിരം അംബാസഡര്‍ എന്നാണ് ഇവരെ വിശേഷിപ്പിക്കുന്നത്.

നിത്യാനന്ദ ഹിന്ദുമതത്തിലെ പരമാചാര്യനാണെന്നും അദ്ദേഹത്തെ പീഡിപ്പിക്കുന്നുവെന്നുമാണ് യോഗത്തില്‍ മാ വിജയപ്രിയ പറഞ്ഞത്. കൈലാസയെ 'ഹിന്ദുമതത്തിന്‍റെ പ്രഥമ പരമാധികാര രാഷ്ട്രം' എന്നാണ് അവര്‍ വിശേഷിപ്പിച്ചത്. കൈലാസം സ്ഥാപിച്ചത് ഹിന്ദുമതത്തിന്‍റെ മഹാഗുരുവായ നിത്യാനന്ദ പരമശിവമാണെന്ന് മാ വിജയപ്രിയ അവകാശപ്പെട്ടു. ലോകത്തിലെ 150 ഓളം രാജ്യങ്ങളില്‍ തങ്ങളുടെ രാജ്യത്തിന് എംബസികളും എന്‍ജിയോകളും ഉണ്ടെന്നും അവര്‍ പറഞ്ഞു.

Advertisment