ബ്രസല്‍സ് : യൂറോപ്യന്‍ യൂണിയനിലുടനീളം ഉപയോഗിക്കാനാകുന്ന ഡിജിറ്റല്‍ ഡ്രൈവിംഗ് ലൈസന്‍സ് വരുന്നു. ഇതിനനുസൃതമായി ഡ്രൈവിംഗ് ലൈസന്‍സ് നിയമങ്ങള്‍ പരിഷ്‌കരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ യൂറോപ്യന്‍ കമ്മീഷന്‍ അവതരിപ്പിച്ചു. ലോകത്ത് ആദ്യമായി ഇ യൂറോപ്യന്‍ യൂണിയനാണ് ഡ്രൈവിംഗ് ലൈസന്‍സ് ഡിജിറ്റൈസ് ചെയ്യുന്നത്.
സീറോ എമിഷന്‍ വാഹനങ്ങളിലേക്കുള്ള മാറ്റം കണക്കിലെടുത്ത് ഡ്രൈവര്‍മാര്‍ക്കുള്ള ടെസ്റ്റിംഗ് നിയമങ്ങളും കാലാനുസൃതമാക്കുന്നതടക്കമുള്ള ഒട്ടേറെ നിര്‍ദേശങ്ങളടങ്ങിയ കമ്ീഷന്റെ പായ്ക്കേജ് യൂറോപ്യന്‍ പാര്‍ലമെന്റും യൂറോപ്യന്‍ കൗണ്‍സിലും പരിഗണിക്കേണ്ടതുണ്ട്.ഫിസിക്കല്‍ ലൈസന്‍സ് പ്രോസസ്സ് ചെയ്യുന്നതിലെ ഭരണപരമായ ഭാരം ലഘൂകരിക്കാന്‍ ഈ നിര്‍ദ്ദേശം സഹായകമാകുമെന്നാണ് കരുതുന്നത്.
ഡ്രൈവര്‍മാര്‍ക്ക് ലൈസന്‍സ് എളുപ്പത്തില്‍ മാറ്റാനും പുതുക്കാനും കൈമാറ്റം ചെയ്യാനും ഡിജിറ്റല്‍ ലൈസന്‍സ് അവസരമൊരുക്കും.കൂടാതെ നോണ്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് അവരുടെ ഡ്രൈവിംഗ് ലൈസന്‍സ് ഇയുവിലേയ്ക്ക് മാറ്റുന്നതും ഈ സംവിധാനം വേഗത്തിലാക്കും.
ലൈസന്‍സ് ഡിജിറ്റലാക്കുമ്പോഴും ഫിസിക്കല്‍ പതിപ്പിന്റെ ഓപ്ഷന്‍ നിലനിര്‍ത്തുമെന്ന് യൂറോപ്യന്‍ യൂണിയന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അഡിന വാലന്‍ പറഞ്ഞു.സമീപ ഭാവിയില്‍ ഫോണിലു മറ്റും ഡ്രൈവിംഗ് ലൈസന്‍സ് ലഭ്യമാകും. യുവാക്കള്‍ക്കും മറ്റും ഡിജിറ്റല്‍ ലൈസന്‍സ് വളരെ സൗകര്യപ്രദവും അതുകൊണ്ടുതന്നെ പ്രിയങ്കരവുമാകുമെന്നാണ് കരുതുന്നത്.ആവശ്യമുള്ളവര്‍ക്ക് ഫിസിക്കല്‍ വേര്‍ഷനും ലഭ്യമാകുമെന്നും ഇദ്ദേഹം പറഞ്ഞു..
പുതിയ ഡ്രൈവര്‍മാര്‍ക്ക് ടെസ്റ്റ് പാസായ ശേഷം കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രൊബേഷന്‍ കാലയളവുണ്ടാകും. അത് വിജയകരമായി പൂര്‍ത്തിയാക്കിയാലേ പൂര്‍ണ്ണമായും ലൈസന്‍സ് ലഭിക്കുകയുള്ളു. മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്കുള്ള സീറോ ടോളറന്‍സ് നിയമവും വരും. കൂടാതെ ഡ്രൈവിംഗ് ടെസ്റ്റിനുള്ള പ്രായം 17 വയസ്സാക്കുന്നതിനും നിയമത്തില്‍ ഭേദഗതിയുണ്ടാകും. 17ാം വയസ്സില്‍ ടെസ്റ്റ് വിജയിക്കുന്നവര്‍ക്ക് അവരുടെ 18 വയസ്സുമുതല്‍ ഒറ്റയ്ക്ക് ഡ്രൈവ് ചെയ്യാം. പ്രൊഫഷണല്‍ ഡ്രൈവറാകാനും കഴിയും. ലോറികളും കാറുകളും ഓടിക്കാനും സാധിക്കും.
2050ഓടെ റോഡുകളില്‍ മരണം ഇല്ലാതാക്കുന്നതിനുള്ള ഇ യുവിന്റെ ‘വിഷന്‍ സീറോ’ എന്ന പുതിയ റോഡ് സുരക്ഷാ നിയമങ്ങളും കമ്മീഷന്റെ പാക്കേജില്‍ ഉള്‍പ്പെടുന്നു.2022ല്‍, ഇ യു റോഡുകളില്‍ 20,000ലധികം പേരുടെ ജീവനുകളാണ് നഷ്ടപ്പെട്ടത്. കാല്‍നടയാത്രക്കാരും സൈക്ലിസ്റ്റുകളും ഇരുചക്ര വാഹനയാത്രികരുമായിരുന്നു ഇവരിലേറെയും.