ബ്രസല്‍സ്: അഞ്ചു മക്കളെ കൊലപ്പെടുത്തിയ ബെല്‍ജിയംകാരിയുടെ ദയാവധം നടപ്പാക്കാന്‍ കോടതി അനുമതി നല്‍കി. പതിനാറ് വര്‍ഷം മുന്‍പ് കുട്ടികളെ കൊന്ന് സ്വയം ജീവനൊടുക്കാനായിരുന്നു ജനവീവ് ഹെര്‍മിറ്റയുടെ ശ്രമം. കുട്ടികള്‍ മരിച്ചെങ്കിലും അവരുടെ ആത്മഹത്യാശ്രമം പരാജയപ്പെടുകയായിരുന്നു.
തുടര്‍ന്ന് കോടതി വിധിച്ച ജീവപര്യന്തം അനുഭവിച്ചു വരുന്ന ജനവീവിന് ഇപ്പോള്‍ 56 വയസായി. കുട്ടികളോടുള്ള ആദരസൂചകമായി ദയാവധത്തിനു വിധേയയാകാന്‍ അനുമതി നല്‍കണമെന്നാണ് അവര്‍ ആവശ്യപ്പെട്ടത്. മൂന്നിനും പതിനാലിനുമിടയില്‍ പ്രായമുള്ള മക്കളെയാണ് അവര്‍ കറിക്കത്തി ഉപയോഗിച്ച് കഴുത്തറുത്തു കൊന്നത്. ഇതില്‍ നാലും പെണ്‍കുട്ടികളായിരുന്നു.
ഭര്‍ത്താവ് വീട്ടിലില്ലാത്ത സമയത്തായിരുന്നു സംഭവം. സ്വയം കുത്തി ആത്മഹത്യ ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ടതോടെ ഹെര്‍മിറ്റെ സ്വയം എമര്‍ജന്‍സി സര്‍വീസിനെ വിളിച്ച് വിവരമറിയിച്ചു. 2019 മുതല്‍ ഇവര്‍ മാനസികാരോഗ്യ കേന്ദ്രത്തിലാണ്. ബെല്‍ജിയത്തിലെ നിയമമനുസരിച്ച് ഒരിക്കലും സുഖപ്പെടുത്താന്‍ കഴിയാത്ത മാനസികാസ്വാസ്ഥ്യം ബാധിച്ച ആളുകള്‍ക്ക് ദയാവധം സ്വീകരിക്കാം.