Advertisment

അയര്‍ലണ്ടില്‍ ആര്‍ക്കുമാകാം സൈക്കോളജിസ്റ്റ്,വ്യാജന്മാര്‍ വിലസുന്നു

author-image
athira p
New Update

ഡബ്ലിന്‍ : അയര്‍ലണ്ടിന്റെ മനശാസ്ത്ര ചികില്‍സാ രംഗത്ത് വ്യാജന്മാരുടെ പെരുമഴക്കാലം. ഡോക്ടറേറ്റ് അടക്കമുള്ള വ്യാജ യോഗ്യതകളോടെ എച്ച് എസ് ഇയുടെ കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റായി ജോലി നേടിയ സ്ത്രീയുടെ കഥയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. അയോഗ്യയെന്ന് കണ്ടെത്തി പുറത്താക്കിയിട്ടും രാജ്യത്ത് ഇവര്‍ മനശാസ്ത്രജ്ഞയായി വിലസുകയാണെന്നതിനും തെളിവുകള്‍ പുറത്തുവന്നു. എന്നിട്ടും എന്തെങ്കിലും നിയമനടപടികള്‍ സ്വീകരിക്കുന്നതിന് സര്‍ക്കാരോ എച്ച് എസ് ഇയോ മെനക്കെടുന്നില്ലെന്ന ആക്ഷേപവും വളരെ ശക്തമാണ്.

Advertisment

publive-image

ഇത്തരം സംഭവം വിരല്‍ ചൂണ്ടുന്നത് രാജ്യത്തിന്റെ മനശാസ്ത്ര മേഖലയുടെ പരാധീനതകളിലേയ്ക്കാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. 1980 മുതലുള്ള ഇതു സംബന്ധിച്ച നിയമങ്ങളുടെ നിയന്ത്രണമില്ലാത്തതാണ് വ്യാജന്മാര്‍ വിലസുന്നതിന് കാരണമാകുന്നതെന്നാണ് ആക്ഷേപം.

മനശാസ്ത്രവുമായി ബന്ധപ്പെട്ട മേഖലകളെ നിയന്ത്രിക്കുന്നതിനായി 2007ല്‍ സി ഒ ആര്‍ യു സ്ഥാപിച്ചിരുന്നു.എന്നിരുന്നാലും ആവശ്യത്തിനനുസരിച്ച് മനശാസ്ത്രജ്ഞര്‍ ലഭ്യമാകുന്നില്ല.അതാണ് ഇത്തരം വ്യാജന്മാര്‍ പെരുകുന്നതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.

മൂക്കില്ലാ രാജ്യത്ത് മുറിമൂക്കന്മാര്‍ രാജാക്കന്മാര്‍

ഇത്തരമൊരു പശ്ചാത്തലം മുതലാക്കിയാണ് ‘മനശാസ്ത്രജ്ഞ’യായ കരോലിന്‍ ഗോള്‍ഡ്‌സ്മിത്ത് 2012ല്‍ എച്ച് എസ് ഇയില്‍ ജോലി നേടിയത്. ക്ലിനിക്കല്‍ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദവും പി എച്ച് ഡിയുമായിരുന്നു ഇവരുടെ യോഗ്യത.ഇവര്‍ക്ക് ബിരുദം പോലുമുണ്ടായിരുന്നില്ലെന്നാണ് ഇപ്പോഴത്തെ വിവരം.സെക്കന്റ് ലെവല്‍ പഠിച്ചിട്ടുണ്ടോയെന്ന സംശയവും ചില കോണുകളില്‍ നിന്നും ഉയരുന്നുണ്ട്.

രണ്ട് മാസം ഇവര്‍ എച്ച് എസ് ഇക്ക് വേണ്ടി കുട്ടികളില്‍ ഓട്ടിസത്തിന്റെ 19 ഡയഗ്നോസ്റ്റിക് അസസ്മെന്റുകള്‍ നടത്തി. അതോടെ ഇവരുടെ യോഗ്യതയെക്കുറിച്ച് സംശയമുയര്‍ന്നു.രക്ഷിതാക്കളിലും കുട്ടികളിലുമെല്ലാം ഇത് വ്യാപകമായ ആശങ്കകളുണ്ടാക്കി. ഈ കുട്ടികളെയെല്ലാം വീണ്ടും അസസ്മെന്റ് നടത്തേണ്ടി വന്നു.സംശയത്തെ തുടര്‍ന്ന് ഇവരുമായുള്ള കരാര്‍ റിക്രൂട്മെന്റ് ഏജന്‍സി 2012 സെപ്റ്റംബറില്‍ റദ്ദാക്കി.വ്യാജന്മാരുണ്ടെന്ന് ബോധ്യപ്പെട്ടിട്ടും അവരെ തടയാന്‍ യാതോരു നടപടിയും സര്‍ക്കാരോ എച്ച് എസ് ഇയോ സ്വീകരിച്ചിട്ടില്ല.ഇത് ഇത്തരം വ്യാജര്‍ക്ക് നിര്‍ബാധം സര്‍വ്വീസ് നല്‍കി ആളുകളെ കബളിപ്പിക്കുന്നതിന് അവസരം ഒരുക്കുകയാണ്.

17 ദിവസത്തിനുള്ളില്‍ രണ്ട് ഡോക്ടറേറ്റുകള്‍

നോട്ടിംഗ്ഹാം യൂണിവേഴ്സിറ്റിയില്‍ നിന്ന് 2000ല്‍ പി ജി നേടിയതെന്നാണ് ഇവര്‍ സി വിയില്‍ അവകാശപ്പെട്ടിരുന്നത്. അതിനെക്കുറിച്ച് നോട്ടിംഗ്ഹാം യൂണിവേഴ്സിറ്റിയ്ക്ക് യാതോരു അറിവുമുണ്ടായിരുന്നില്ലെന്ന് പിന്നീട് അന്വേഷണത്തില്‍ വ്യക്തമായി.പിന്നീട് ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍ ബന്ധപ്പെട്ടെങ്കിലും ഇങ്ങനെയൊരാള്‍ ബിരുദം നേടിയതായി അവിടെയും രേഖയുണ്ടായിരുന്നില്ല.ഗോള്‍ഡ്‌സ്മിത്തിന്റെ പി എച്ച് ഡി രേഖകള്‍ വ്യാജമാണെന്ന് യൂണിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ടും സര്‍വകലാശാലയും അറിയിച്ചു.

ഇവര്‍ക്ക് രണ്ട്് ഡോക്ടറേറ്റുകളുണ്ടായിരുന്നു. രണ്ടും അമേരിക്കന്‍ യൂണിവേഴ്സിറ്റികളില്‍ നിന്നായിരുന്നു.ഷെഫീല്‍ഡ് സ്റ്റേറ്റ് ഓണ്‍ലൈന്‍ യൂണിവേഴ്സിറ്റി,യൂണിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളില്‍ നിന്നാണ് ഇവര്‍ 17 ദിവസത്തിനുള്ളില്‍ രണ്ട് ഡോക്ടറേറ്റുകളും സ്വന്തമാക്കിയത്.ഇതിന്റെ സത്യമന്വേഷിച്ച് പോയവര്‍ക്കും പണമടച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ഡോക്ടറേറ്റ് ലഭിച്ചു.പത്തംഗ സമിതിയാണ് എല്ലാ പരിശോധനകളും നടത്തി നല്‍കാത്ത തീസിസിന് ഡോക്ടറേറ്റ് അവാര്‍ഡ് ചെയ്തത്.

പി എസ് ഐയിലും അംഗത്വം

എച്ച്എസ്ഇയില്‍ ചേരുന്നതിന് മാസങ്ങള്‍ക്ക് മുമ്പ്, ഇതേ വ്യാജ യോഗ്യതകളുപയോഗിച്ച് സൈക്കോളജിക്കല്‍ സൊസൈറ്റി ഓഫ് അയര്‍ലണ്ടില്‍ (പി എസ് ഐ) ഗോള്‍ഡ്‌സ്മിത്ത്് ചേര്‍ന്നിരുന്നു. മനശാസ്ത്രജ്ഞരുടെ സന്നദ്ധ പ്രൊഫഷണല്‍ ബോഡിയാണ് പി എസ് ഐ.

ഓപ്പണ്‍ യൂണിവേഴ്‌സിറ്റി, നോട്ടിംഗ്ഹാം യൂണിവേഴ്‌സിറ്റി, യൂണിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയില്‍ നിന്നുള്ള അതേ വ്യാജ യോഗ്യതകളോടെയാണ് അവര്‍ എച്ച എസ് ഇയിലും ഹാജരാക്കിയത്.

ഇപ്പോഴും കിടിലന്‍ മനശാസ്ത്രജ്ഞ തന്നെ

മനശാസ്ത്രജ്ഞയെന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നത് ഇപ്പോഴും തുടരുകയാണ്.സ്വകാര്യ ക്ലിനിക്കില്‍ ഇതേ യോഗ്യതകളുമായി ജോലി ചെയ്യുകയാണ്.അതിന്റെ വെബ്‌സൈറ്റില്‍ ഇവരെ ‘ഓട്ടിസം മേഖലയിലെ ലോകപ്രശസ്ത അതോറിറ്റിയെന്നാണ് ഇവരെ വിശേഷിപ്പിക്കുന്നത്.ക്ലിനിക്കല്‍ ന്യൂറോ സൈക്കോളജിസ്റ്റെന്ന നിലയില്‍ കുട്ടികളെ ഓട്ടിസത്തിന് ചികില്‍സിക്കുകയും ചെയ്യുന്നുണ്ട്.

ഈസ്റ്റ് ലണ്ടന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് അപ്ലൈഡ് പോസിറ്റീവ് സൈക്കോളജിയില്‍ മാസ്റ്റേഴ്സ് ഓഫ് സയന്‍സും ന്യൂമാന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് സൈക്കോളജിയുടെ ക്ലിനിക്കല്‍ ആപ്ലിക്കേഷനില്‍ മാസ്റ്റേഴ്സും നേടിയിട്ടുള്ളതായി ഇപ്പോള്‍ ഇവരുടെ വെബ്സൈറ്റ് പറയുന്നു.ഡോക്ടറെന്ന സംബോധനയൊഴിവാക്കി പകരം കണ്‍സള്‍ട്ടിംഗ് സൈക്കോളജിസ്റ്റ് എന്നാണ് ചേര്‍ത്തിട്ടുള്ളത്. ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ ഒരു പോസ്റ്റിലൊഴികെ പി എച്ച് ഡിയുടെ അവകാശവാദങ്ങളൊന്നും കാണാനില്ല.വര്‍ഷങ്ങളായി ആയിരക്കണക്കിന് കുട്ടികളെയും നിരവധി മുതിര്‍ന്നവരെയും ചികിത്സിക്കുന്നതായി വെബ് സൈറ്റ് പറയുന്നു.

ആര്‍ക്കുമാകാം സൈക്കോളജിസ്റ്റ്

രാജ്യത്തെ നിലവിലെ നിയമങ്ങളനുസരിച്ച് ആര്‍ക്കുവേണമെങ്കിലും മനശാസ്ത്രജ്ഞനാകാമെന്നതാണ് സ്ഥിതി.സ്വകാര്യമേഖലയിലെ മനശാസ്ത്രജ്ഞര്‍ക്കായി പ്രത്യേക രജിസ്റ്റര്‍ ഒന്നുമില്ല.സംശയാസ്പദമായ സിവിയുമായി കരോലിന്‍ ഗോള്‍ഡ്സ്മിത്ത് എങ്ങനെയാണ് എച്ച് എസ് ഇയില്‍ നിര്‍ണ്ണായക റോളില്‍ കയറിക്കൂടിയതെന്നത് അതിശയമായി തുടരുന്നു.

മറ്റു മേഖലകളിലും

ഐ ഇ എല്‍ ടി എസ് ,ഓ ഇ ടി ,എന്നിവയുടെ വ്യാജ സര്‍ട്ടിഫിക്കേറ്റുകളുമായി ജോലി നേടിയിരിക്കുന്നവരടക്കം നിരവധി പേരുടെ യോഗ്യതകളെക്കുറിച്ചും പരാതികള്‍ ഉയരുന്നുണ്ട്. ആരെങ്കിലും പരാതിപ്പെട്ടാല്‍ മാത്രം പരിശോധിക്കുക എന്ന രീതിയാണ് അധികൃതര്‍ സ്വീകരിച്ചിരിക്കുന്നത് എന്നതാണ് ഇവര്‍ക്ക് ഇപ്പോള്‍ തുണയായിരിക്കുന്നത്.എന്നാല്‍ ആദ്യ ഘട്ടത്തില്‍ തന്നെ കൂടുതല്‍ കര്‍ശനമായ പരിശോധനകള്‍ ഉണ്ടാവുമെന്നാണ് വിവിധ വകുപ്പുകള്‍ നല്‍കുന്ന സൂചന.

Advertisment