Advertisment

അയര്‍ലണ്ട് കനത്ത സ്നോയുടെ പിടിയില്‍… 10 സെന്റി മീറ്റര്‍ വരെ സ്നോ…. സ്‌കൂളുകള്‍ പൂട്ടുമെന്ന് ആശങ്ക

author-image
athira p
New Update

ഡബ്ലിന്‍ : അയര്‍ലണ്ട് കനത്ത സ്നോയുടെ പിടിയില്‍. കോര്‍ക്ക് , വാട്ടര്‍ ഫോര്‍ഡ് ,മേയോ, ഡോണഗേല്‍ കൗണ്ടികളില്‍ ആരംഭിച്ച മഴയും മഞ്ഞുവീഴ്ചയും സ്നോയും രാജ്യത്താകെ വ്യാപിക്കുകയാണ്. സ്നോ അതിശക്തമാകുന്നത് കണക്കിലെടുത്ത് നേരത്തേ പ്രഖ്യാപിച്ച യെല്ലോ അലേര്‍ട്ട് ഓറഞ്ചിലേക്ക് അപ്‌ഗ്രേഡുചെയ്തേക്കുമെന്ന സൂചനയാണ് മെറ്റ് ഏറാന്‍ നല്‍കുന്നത്. നിലവില്‍ വ്യാഴാഴ്ച രാവിലെ മൂന്നു മുതല്‍ രാത്രി 11 വരെയാണ് സ്നോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Advertisment

publive-image

ചില പ്രദേശങ്ങളില്‍ സ്നോ മൂലം പുറത്തിറങ്ങാനാകാത്ത സ്ഥിതിയുണ്ട്. പത്ത് സെന്റിമീറ്ററിലേറെ കനത്തിലാണ് സ്നോയുള്ളത്. ഇവിടങ്ങളില്‍ സ്‌കൂളുകളൊക്കെ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുകയാണ്. റോഡുകളൊക്കെ മഞ്ഞു മൂടിയതിനാല്‍ വാഹനഗതാഗതവും റിസ്‌കിലാണ്. കിഴക്കന്‍ കാറ്റ് ശക്തമാകുന്നതും ആശങ്കയുണ്ടാക്കുന്നു.

അതിശക്തമായ മഞ്ഞുവീഴ്ചയുടെ പശ്ചാത്തലത്തെക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്ന് ഭവന വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ജനങ്ങളെ ഓര്‍മ്മിപ്പിച്ചു. അപകടകരമായ യാത്രാ സാഹചര്യങ്ങളെക്കുറിച്ച് എല്ലാ റോഡ് ഉപയോക്താക്കളും അറിഞ്ഞിരിക്കണം. വാഹനമോടിക്കുന്നവര്‍ വളരെ ജാഗ്രത പാലിക്കണം. വേഗത കുറച്ച് പോകണം.റോഡുകളിലും നടപ്പാതകളിലും തെന്നി വീഴാനുള്ള സാധ്യതയുള്ളതിനാല്‍ കാല്‍നടയാത്രക്കാരും ശ്രദ്ധിക്കണമെന്നും വകുപ്പുകള്‍ അഭ്യര്‍ഥിച്ചു.

സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്നതിന് നാഷണല്‍ ഡയറക്ടറേറ്റ് ഫോര്‍ ഫയര്‍ ആന്റ് എമര്‍ജന്‍സി മാനേജ്‌മെന്റ് (എന്‍ ഡി എഫ് ഇ എം) ക്രൈസിസ് മാനേജ്‌മെന്റ് ടീം ഇന്നലെ ഓണ്‍ലൈനില്‍ യോഗം ചേര്‍ന്നിരുന്നു. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹൗസിംഗ്, ലോക്കല്‍ ഗവണ്‍മെന്റ്, ഹെറിറ്റേജ് ,മെറ്റ് ഏറാന്‍, ലോക്കല്‍ അതോറിറ്റികള്‍, മറ്റ് പ്രധാന വകുപ്പുകള്‍ എന്നിവര്‍ സംബന്ധിച്ചിരുന്നു. ഇന്ന് രാവിലെയും ടീം യോഗം ചേരുന്നുണ്ട്.

വരും ദിവസങ്ങളില്‍ മൂന്നു മുതല്‍ 10 സെന്റിമീറ്റര്‍ വരെ സ്നോയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകന്‍ ജെറി മര്‍ഫി പറഞ്ഞു. അതിനാല്‍ ഓറഞ്ച് അലേര്‍ട്ടിന് സാധ്യതയുണ്ട്.

യെല്ലോ അലേര്‍ട്ട് കാവന്‍, മൊണഗന്‍ എന്നീ കൗണ്ടികളില്‍ വെള്ളിയാഴ്ച രാവിലെ 7 മണി വരെ നീട്ടിയിട്ടുണ്ട്. രാജ്യവ്യാപകമായി ഇന്നു രാത്രി 9 മണി മുതല്‍ വെള്ളിയാഴ്ച രാവിലെ 10 മണി വരെ യെല്ലോ അലേര്‍ട്ടും നല്‍കിയിട്ടുണ്ട്. സ്‌കൂള്‍ ബസ്സുകള്‍ ഓടിക്കാനാകാത്ത സ്ഥിതിയുണ്ടെങ്കില്‍ സ്‌കൂളുകള്‍ തുറക്കണോയെന്ന് പ്രാദേശികമായി തീരുമാനിക്കാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. അതിന് റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കുന്നതിന് കാത്തിരിക്കേണ്ടതില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.

വിമാനത്താവളത്തിലെ സ്നോ നീക്കി പ്രവര്‍ത്തനം സുഗമമാക്കാന്‍ സ്പെഷ്യലിസ്റ്റ് ടീമുകളെ നിയോഗിച്ചിട്ടുണ്ടെന്ന് ഡബ്ലിന്‍ എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു. എങ്കിലും കഴിഞ്ഞ ദിവസം പെയ്ത മഴയുടെ സ്വാധീനത്തില്‍ ഡബ്ലിന്‍ മേഖലയില്‍ കാര്യമായ സ്‌നോ വീഴ്ച ഉണ്ടായിട്ടില്ല. ഞായറാഴ്ച സ്‌കോട്ട് ലന്റില്‍ നടക്കുന്ന റഗ്ബി മല്‍സരവും സെന്റ് പാട്രിക്സ് ഡേയിലേയ്ക്കുള്ള യാത്രികരുടെ ഒഴുക്കും മൂലം ഈ വാരാന്ത്യം തിരക്കേറുമെന്നാണ് കരുതുന്നത്. യാത്രക്കാര്‍ അവരുടെ ഫ്ളൈറ്റിനെക്കുറിച്ചറിയാന്‍ എയര്‍ലൈനുമായി ബന്ധപ്പെടണമെന്ന് ഡി എ എ വക്താവ് പറഞ്ഞു.

2010ന് ശേഷമുള്ള നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ഏറ്റവും കുറഞ്ഞ താപനിലയായ മൈനസ് 8.5 ഡിഗ്രി സെല്‍ഷ്യസ് ടൈറോണ്‍ കൗണ്ടിയിലെ കാസ്ലെഡര്‍ഗില്‍ രേഖപ്പെടുത്തിയതായി മര്‍ഫി പറഞ്ഞു. രാജ്യത്തിന് മുകളിലുള്ള വായു ഇപ്പോള്‍ത്തന്നെ വളരെ തണുത്തതാണ്. തെക്ക് നിന്നും മറ്റൊരു കാലാവസ്ഥാ സിസ്റ്റമെത്തുന്നുണ്ട്. അതും തണുത്ത വായുവുമായി ചേര്‍ന്നാല്‍ മഴയായും മഞ്ഞുവീഴ്ചയും സ്നോയും കനക്കും. ഇന്ന് രാവിലെ ആറിനും എട്ട് മണിക്കും ഇടയില്‍ തെക്കന്‍ പ്രദേശമായ മണ്‍സ്റ്റര്‍, സൗത്ത് ലെയിന്‍സ്റ്റര്‍, സൗത്ത് കൊണാട്ട് എന്നിവിടങ്ങളില്‍ കനത്ത സ്നോയുണ്ടാകും. ഉയര്‍ന്ന പ്രദേശങ്ങളില്‍ സ്നോ കൂടുതല്‍ ശക്തമാകുന്നതിന് സാധ്യതയുണ്ടെന്നും മര്‍ഫി പറഞ്ഞു.

അതേ സമയം, ബസ്, റെയില്‍, വിമാന യാത്രകള്‍ തടസ്സപ്പെട്ടേക്കാമെന്നും റദ്ദാക്കാനുമുള്ള സാധ്യതയുണ്ടെന്ന് യു കെ മെറ്റ് ഓഫീസ് അറിയിച്ചു. വെള്ളിയാഴ്ച വൈകിട്ട് 6 മണി വരെ സ്‌കോട്ട്‌ലന്റിന് സ്നോ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. വിമാന സര്‍വ്വീസില്‍ തടസ്സങ്ങളൊന്നുമുണ്ടാകില്ലെന്ന് എയര്‍ ലിംഗസ് പറഞ്ഞു.

Advertisment