സ്കോട്ട്ലന്‍ഡിനെ നയിക്കാന്‍ പാക് വംശജന്‍

author-image
athira p
New Update

എഡിന്‍ബറോ: സ്കോട്ട്ലന്‍ഡിലെ ഭരണകക്ഷിയായ സ്കോട്ടിഷ് നാഷനല്‍ പാര്‍ട്ടിയുടെ പുതിയ നേതാവായി പാകിസ്താന്‍ വംശജനായ ഹംസ യൂസഫ് തെരഞ്ഞെടുക്കപ്പെട്ടു. സ്കോട്ടിഷ് പാര്‍ലമെന്റില്‍ അംഗീകാര വോട്ട് നേടിയാല്‍ അര്‍ധ സ്വയംഭരണ സര്‍ക്കാറിന്റെ തലവനായി അദ്ദേഹം ചുമതലയേല്‍ക്കും. ഒരു പാര്‍ട്ടിയെ നയിക്കുന്ന പടിഞ്ഞാറന്‍ യൂറോപ്പിലെ ആദ്യ മുസ്ലിം നേതാവായും അദ്ദേഹം മാറി.

Advertisment

publive-image

പാര്‍ട്ടിയിലെ പ്രമുഖരായ കേറ്റ് ഫോബ്സ്, ആഷ് റീഗന്‍ എന്നിവരെ മറികടന്നാണ് മുപ്പത്തേഴുകാരന്റെ മുന്നേറ്റം. 48.2 ശതമാനം വോട്ടും ഹംസ യൂസഫിനാണു ലഭിച്ചത്. കേറ്റ് ഫോബ്സിന് 40.7 ശതമാനവും ആഷ് റീഗന് 11.11 ശതമാനവും വോട്ട് മാത്രമാണ് നേടാനായത്.

നിലവില്‍ യു.കെയുടെ ഭാഗമായ സ്കോട്ട്ലന്‍ഡിനെ സ്വതന്ത്ര രാജ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് യൂസഫ് വ്യക്തമാക്കി. നമ്മള്‍ വീട് എന്ന് വിളിക്കുന്ന രാജ്യത്തെ നയിക്കാന്‍ തൊലിയുടെ നിറമോ വിശ്വാസമോ ഒരു തടസ്സമല്ലെന്ന വ്യക്തമായ സന്ദേശം നല്‍കാനായതില്‍ നാമെല്ലാവരും അഭിമാനിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്വവര്‍ഗാനുരാഗികളും ട്രാന്‍സ്ജെന്‍ഡേഴ്സും ഉള്‍പ്പെടെയുള്ള എല്ലാ വിഭാഗങ്ങളുടെയും സംരക്ഷണത്തിനായി പോരാടുമെന്നും യൂസഫ് ഉറപ്പു നല്‍കി.

1960കളില്‍ സ്കോട്ട്ലന്‍ഡിലേക്ക് കുടിയേറിയ പാകിസ്താന്‍ പിതാവിന്റെയും കെനിയന്‍ മാതാവിന്റെയും മകനായി പിറന്ന ഹംസ യൂസഫ് ഗ്ളാസ്ഗൊ സര്‍വകലാശാലയില്‍നിന്നാണ് പഠനം പൂര്‍ത്തിയാക്കിയത്. സ്കോട്ട്ലന്‍ഡിലെ മുന്‍ പ്രഥമ മന്ത്രി അലക്സ് സാല്‍മണ്ടിന്റെ സഹായിയാകുന്നതിന് മുമ്പ് ഒരു കോള്‍ സെന്ററില്‍ ജോലിക്കാരനായിരുന്നു. 2011ല്‍ ഗ്ളാസ്ഗോ റീജ്യണിലേക്കുള്ള അധിക അംഗമായി സ്കോട്ടിഷ് പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അടുത്ത വര്‍ഷം, സ്കോട്ടിഷ് മന്ത്രിസഭാംഗമായി. പിന്നീട് രാജ്യത്തിന്റെ ആരോഗ്യ സെക്രട്ടറിയായിരുന്നു. 2010ല്‍ ഗെയ്ല്‍ ലിത്ഗോയെ വിവാഹം കഴിച്ചെങ്കിലും ഏഴുവര്‍ഷത്തിനുശേഷം വിവാഹമോചനം നേടിയ ഹംസ യൂസഫ് 2019ല്‍ നാദിയ എല്‍~നക്ളയെ വിവാഹം കഴിച്ചു.

Advertisment