ഇറ്റലി : രാജ്യത്ത് പൊതു, സ്വകാര്യ സ്ഥാപനങ്ങളിൽ വിദേശ പദങ്ങള്‍, പ്രത്യേകിച്ച് ഇംഗ്ലീഷ്, ഔദ്യോഗിക ആശയവിനിമയങ്ങളില്‍ ഉപയോഗിക്കുന്നത് നിരോധിക്കാനുള്ള നിയമനിര്‍മാണത്തിനൊരുങ്ങി ഇറ്റാലിയന്‍ സര്‍ക്കാര്‍. ഭരണകക്ഷിയായ നാഷണലിസ്റ്റ് ബ്രദേഴ്സ് ഓഫ് ഇറ്റലി പാര്‍ട്ടിയുടെ നിയമനിര്‍മാതാക്കള്‍ തയ്യാറാക്കിയ ബില്‍, ഇറ്റാലിയന്‍ ഭാഷയെ പ്രോത്സാഹിപ്പിക്കാനും നിയമം ലംഘിക്കുന്നതായി കണ്ടെത്തിയാല്‍ 100,000 യൂറോ വരെ പിഴ ചുമത്താനും ആണ് ലക്ഷ്യമിടുന്നത്.
/sathyam/media/post_attachments/O8zS2XEsFNqsfVXgZv6N.jpg)
ബില്‍ നിയമമാകണമെങ്കില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും അംഗീകരിക്കണം. എന്നാല്‍ ഇത് ഉടനടി നടപ്പിലാക്കാന്‍ കഴിയില്ലെന്നാണ് സൂചന. ഇറ്റാലിയന്‍ ഭാഷയെ സംരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെടുന്ന കരട് ബില്‍, ഇംഗ്ലീഷുകാര്‍ ഇറ്റാലിയന്‍ ജനതയെ അപമാനിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്നുവെന്നും അതിനാല്‍ എല്ലാ പൊതു-സ്വകാര്യ സ്ഥാപനങ്ങളും ഇറ്റാലിയന്‍ ഭാഷ ഉപയോഗിക്കണമെന്നും പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
പേരുകളും ചുരുക്കെഴുത്തുകളും ഉള്‍പ്പെടെ ജോലിയുമായി ബന്ധപ്പെട്ട എല്ലാ അപേക്ഷകളും ഇറ്റാലിയന്‍ ഭാഷയില്‍ എഴുതണം. വിവര്‍ത്തനം ചെയ്യാന്‍ അസാധ്യമാണെങ്കില്‍ മാത്രം വിദേശ പദങ്ങള്‍ അനുവദിക്കണമെന്നും കരട് ബില്‍ വ്യക്തമാക്കുന്നു. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തായതിനാല്‍ യൂറോപ്പില്‍ ഇംഗ്ലീഷ് ഭാഷയുടെ വ്യാപകമായ ഉപയോഗം വിരോധാഭാസമാണെന്ന് ബില്ലില്‍ പ്രതിപാദിക്കുന്നു.
രണ്ടാം ലോകമഹാ യുദ്ധത്തിന് ശേഷം ആദ്യമായി ഇറ്റലിയില്‍ തീവ്ര വലതുപക്ഷം കഴിഞ്ഞവര്‍ഷം അധികാരത്തില്‍ വന്നതിന് ശേഷം നിരവധി സമാന നടപടികളാണ് കൈക്കൊള്ളുന്നത്. അടുത്തിടെ, രാജ്യത്തിന്റെ കാര്‍ഷിക-ഭക്ഷ്യ പൈതൃകം സംരക്ഷിക്കുന്നതിനായി ലാബില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഭക്ഷണം ഉപയോഗിക്കുന്നത് നിരോധിച്ചിരുന്നു.