മനുഷ്യ ശരീരത്തിന്റെ നാഡീവ്യൂഹം വളരെ സങ്കീർണ്ണമാണ്. കാഴ്ച, മണം, ചലനം, സംസാരം എന്നിവയിലൂടെ നമ്മെ ചുറ്റുമുള്ള ലോകവുമായി ബന്ധിപ്പിക്കുന്ന ഘടകമാണ് നാഡീവ്യൂഹം.നാഡീസംബന്ധമായ രോഗങ്ങളുടെ ചില ലക്ഷണങ്ങൾ താഴെ പറയുന്നു.
തലകറക്കം
ശരീരത്തിന്റെ ബാലന്‍സ് നഷ്ടപ്പെടുമ്ബോഴാണ് തലകറക്കമുണ്ടാകുന്നത്. പെരിഫറല്‍ വെര്‍ട്ടിഗോ, സെന്‍ട്രല്‍ വെര്‍ട്ടിഗോ എന്നിങ്ങനെ തലകറക്കത്തെ രണ്ടായി തിരിച്ചിരിക്കുന്നു. തലയ്ക്ക് പെട്ടെന്നുണ്ടാകുന്ന അനക്കം മൂലമാണ് പെരിഫറല്‍ വെര്‍ട്ടിഗോ ഉണ്ടാകുന്നത്. ഇത് വളരെ പെട്ടെന്ന് കുറയും. എന്നാല്‍ തലച്ചോറിലെ പ്രശ്നങ്ങള്‍ മൂലമാണ് സെന്‍ട്രല്‍ വെര്‍ട്ടിഗോ ഉണ്ടാകുന്നത്. സെന്‍ട്രല്‍ വെര്‍ട്ടിഗോ കുറച്ചധികം കാലം നീണ്ടുനില്‍ക്കാം. കാഴ്ച മങ്ങുക, ശരീരത്തിന്റെ മരവിപ്പ്, നാഡീകളുടെ ബലഹീനത എന്നിവയും മറ്റ് അനുബന്ധ ലക്ഷണങ്ങളാണ്.
അപസ്മാരം
മസ്തിഷ്ക കോശങ്ങള്‍ക്കിടയിലുണ്ടാകുന്ന അനിയന്ത്രിതമായ വൈദ്യുത പ്രവര്‍ത്തനം മൂലമാണ് ഇത് സംഭവിക്കുന്നത്. പനി, ചില മരുന്നുകളുടെ ഉപയോഗം എന്നിവ മൂലവും അപസ്മാരം അനുഭവപ്പെടാം. അപസ്മാരം പലതരത്തില്‍ ഉണ്ടാകാം. ശരീരത്തിന്റെ ഒരു ഭാഗത്തുണ്ടാകുന്ന കോച്ചിപിടുത്തം മുതല്‍ ശരീരം മുഴുവന്‍ ബാധിക്കുന്ന തരത്തിലും ഇത് അനുഭവപ്പെടാം. ഇലക്‌ട്രോഎന്‍സെഫലോഗ്രാം ഉപയോഗിച്ചുള്ള വിലയിരുത്തല്‍, എംആര്‍ഐ സ്കാനിംഗ് എന്നിവയിലൂടെ കാരണം കണ്ടെത്തി ചികിത്സ ആരംഭിക്കാം.
തളര്‍ച്ച, പക്ഷാഘാതം
പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമായ ശരീരം വളരെ പ്രധാനമാണ്. ചില അവയവങ്ങളുടെ ബലഹീനത പോലും മനുഷ്യ ശരീരത്തെ മൊത്തത്തില്‍ ബാധിച്ചേക്കാം. മുഖത്തെ പേശികള്‍ക്കുണ്ടാകുന്ന ബലഹീനതയെ ഫേഷ്യല്‍ പാള്‍സി എന്നാണ് വിളിക്കുന്നത്.
ഒരു അവയവത്തിന്റെ ബലഹീനതയെ മോണോപാരെസിസ് എന്നും ശരീരത്തിന്റെ പകുതി ഭാഗത്തിനുണ്ടാകുന്ന ബലഹീനതയെ ഹെമിപാരെസിസ് എന്നും വിളിക്കുന്നു. രണ്ട് കാലുകള്‍ക്കുമുണ്ടാകുന്ന തളര്‍ച്ചയെ പാരാപാരെസിസ് എന്ന് വിളിക്കുന്നു
ഓര്‍മക്കുറവ്
ഓര്‍മക്കുറവ് സാധാരണ എല്ലാവരുടെയും പരാതിയാണ്, പ്രത്യേകിച്ച് പ്രായമായവരില്‍. ഒരു നിശ്ചിത പ്രായത്തിന് ശേഷം ഓര്‍മ്മക്കുറവ് വളരെ സാധാരണയായി കണ്ടുവരാറുണ്ട്. പണം കൈകാര്യം ചെയ്യാനുള്ള ബുദ്ധിമുട്ട്, ദൈനംദിന ജീവിതത്തില്‍ ചെയ്യേണ്ട കാര്യങ്ങള്‍ മറന്നു പോകുക, അടുത്ത കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പേരുകള്‍ മറന്നു പോകുക തുടങ്ങിയവ ഡിമെന്‍ഷ്യയുടെ പ്രാരംഭ ലക്ഷണങ്ങളാകാം.