ഇറ്റലിയില്‍ അങ്ങനെ ഇംഗ്ലീഷ് പറയേണ്ട….ഇംഗ്ലീഷ് ഉപയോഗം നിയന്ത്രിക്കാന്‍ കടുത്ത നിയമവുമായി ഇറ്റലി…

author-image
athira p
New Update

റോം : വിദേശ ഭാഷയുടെ പ്രത്യേകിച്ചും ഇംഗ്ലീഷ് ഉപയോഗം നിയന്ത്രിക്കാന്‍ കടുത്ത നടപടികള്‍ക്ക് തയ്യാറെടുക്കുകയാണ് ഇറ്റലി സര്‍ക്കാര്‍. നിയമം ലംഘിച്ച് ഇംഗ്ലീഷും മറ്റ് വിദേശ ഭാഷകളുമുപയോഗിക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കനത്ത പിഴ ചുമത്തുന്നതടക്കമുള്ള വ്യവസ്ഥകളടങ്ങിയ പുതിയ നിയമം കൊണ്ടുവരികയാണ് പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലോണി.

Advertisment

publive-image

ഔദ്യോഗിക ആശയവിനിമയങ്ങളിലും ഡോക്യുമെന്റേഷനുകളിലും വിദേശ ഭാഷകള്‍ ഉപയോഗിക്കുന്നതിനാകും പിഴ ചുമത്തുക.ഇറ്റാലിയന്‍ ഭാഷയെ അവഗണിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്നവരെ ലക്ഷ്യമിടുന്ന നിയമം ഈ കുറ്റത്തിന് 5000യൂറോ മുതല്‍ ഒരു ലക്ഷം യൂറോ വരെ പിഴ ചുമത്തും.

ഇറ്റാലിയന്‍ ഭാഷയുടെ ശരിയായ ഉപയോഗവും അതിന്റെ ഉച്ചാരണവും ഉറപ്പാക്കുന്നതിനായി സാംസ്‌കാരിക വകുപ്പിന്റെ കീഴില്‍ ഭാഷാ നിയന്ത്രണത്തിനായി കമ്മിറ്റി രൂപീകരിക്കും.ഈ കമ്മിറ്റി സ്‌കൂളുകള്‍, മാധ്യമങ്ങള്‍, വാണിജ്യം, പരസ്യം എന്നിവയില്‍ ഇറ്റാലിയന്‍ ഭാഷാ പ്രയോഗം കുറ്റമറ്റതാണോയെന്ന് നിരീക്ഷിക്കും.

പ്രധാനമന്ത്രിയുടെ പിന്തുണയോടെ ലോവര്‍ ചേംബര്‍ ഓഫ് ഡെപ്യൂട്ടീസ് അംഗമായ ഫാബിയോ റാംപെല്ലിയാണ് ഇതു സംബന്ധിച്ച നിയമം തയ്യാറാക്കുന്നത്.ഇറ്റലിയിലെ സ്ഥാപനങ്ങള്‍ക്ക് ഇറ്റാലിയന്‍ ഭാഷയില്‍ അറിവും വൈദഗ്ധ്യവും ഉറപ്പാകുന്ന ബില്‍ പാര്‍ലമെന്ററി ചര്‍ച്ചയ്ക്ക് ഇനിയും എത്തിയിട്ടില്ല.എല്ലാ വിദേശ ഭാഷകളെയും നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഇംഗ്ലീഷിനെയാണ് (ആംഗ്ലോമാനിയ) സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നാണ് നിരീക്ഷണം.

രാജ്യത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ ചുരുക്കെഴുത്തുകളും പേരുകളുമടക്കമുള്ള ഔദ്യോഗിക ഡോക്യുമെന്റേഷനില്‍ ഇംഗ്ലീഷ് ഉപയോഗിക്കാന്‍ പാടില്ലെന്ന് പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു.വിദേശ സ്ഥാപനങ്ങളുടെ ഇന്റേണല്‍ റഗുലേഷനുകളുടെയും തൊഴില്‍ കരാറുകളുടെയും ഇറ്റാലിയന്‍ ഭാഷാ വേര്‍ഷനുകള്‍ കമ്പനിയില്‍ ഉണ്ടായിരിക്കണം.ഇറ്റാലിയന്‍ സംസാരിക്കാത്ത വിദേശികളെ കൈകാര്യം ചെയ്യുന്ന ഓഫീസുകളില്‍ പോലും പ്രാഥമിക ഭാഷ ഇറ്റാലിയന്‍ ആയിരിക്കണമെന്ന് നിയമം പറയുന്നു.

Advertisment