ഡബ്ലിന്‍ : അയര്‍ലണ്ടില്‍ വാടകക്കാരെ ഒഴിവാക്കുന്നത് വീടുകള്‍ വില്‍പ്പന നടത്തുന്നതിനായാണെന്ന് ആര്‍ ടി ബിയുടെ കണക്കുകള്‍ വെളിപ്പെടുത്തുന്നു. കഴിഞ്ഞ വര്‍ഷം അവസാന പാദത്തില്‍ മാത്രം ഇക്കാരണത്തിന്റെ പേരില്‍ 4329 ടെര്‍മിനേഷന്‍ നോട്ടീസുകള്‍ നല്‍കിയതായി ആര്‍ ടി ബി പറയുന്നു. വാടക്കാരെ ഒഴിവാക്കുന്ന ഭൂഉടമകളില്‍ പകുതിയിലേറെ പേരും (58%) പറയുന്ന കാരണവും ഇതാണ്. കഴിഞ്ഞ വര്‍ഷത്തിലാകെ 11,868 പേര്‍ക്കാണ് കുടിയൊഴിപ്പിക്കല്‍ നോട്ടീസുകള്‍ നല്‍കിയത്. ഈ നോട്ടീസ് ലഭിച്ചവരില്‍ 3329 വാടകക്കാരും ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ തെരുവിലാകുമെന്ന ആശങ്കയാണ് ഉയരുന്നത്.
/sathyam/media/post_attachments/S4c1p9XFZh4xwzF2fGX3.jpg)
കഴിഞ്ഞ ജൂലൈയില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമപ്രകാരം വാടകക്കാരന് ഭൂവുടമകള്‍ നല്‍കുന്ന ടെര്‍മിനേഷന്‍ നോട്ടീസിന്റെ കോപ്പി ആര്‍ ടി ബിയ്ക്കും അയക്കേണ്ടതുണ്ട്.അങ്ങനെയാണ് ഈ കണക്കുകള്‍ പുറത്തുവന്നത്.
കുടുബാംഗത്തിന് താമസിക്കാനെന്ന പേരില്‍ 16.38% വാടകക്കാരെയാണ് ഒഴിപ്പിച്ചത്.വാടകക്കരാര്‍ ലംഘനത്തിന്റെ പേരിലാണ് 16.10% നോട്ടീസുകളും നല്‍കിയതെന്നും കണക്കുകള്‍ പറയുന്നു.ടെര്‍മിനേഷന്‍ നോട്ടീസുകള്‍ നല്‍കിയവയില്‍ 43% കേസുകളും ഡബ്ലിനിലും 11% കോര്‍ക്കിലുമാണെന്ന് ആര്‍ ടി ബി പറയുന്നു.
ഈ കണക്കുകളുടെ പശ്ചാത്തലത്തില്‍ കുടിയൊഴിപ്പിക്കല്‍ നിരോധനം പിന്‍വലിക്കണമെന്ന ആവശ്യം കൂടുതല്‍ ശക്തമായി ഉന്നയിച്ചുകൊണ്ട് പ്രതിപക്ഷവും ഹോംലെസ്നെസ് ചാരിറ്റികളും രംഗത്തുവന്നു.വന്‍ പ്രതിസന്ധിയിലേയ്ക്കാണ് ഭവനമേഖല നീങ്ങുന്നതെന്ന് സിന്‍ ഫെയ്‌നിന്റെ ഭവന വക്താവ് ഇഓയിന്‍ ബ്രോയിന്‍ പറഞ്ഞു.
വാടകക്കാര്‍ നേരിടുന്ന പ്രശ്നത്തിന്റെ വ്യാപ്തി ഉയര്‍ത്തിക്കാട്ടുന്നതാണ് ഈ കണക്കുകളെന്ന് ലേബര്‍ നേതാവ് ഇവാന ബാസിക് ടി ഡി പറഞ്ഞു.കുടയൊഴിപ്പിക്കല്‍ നിരോധനം ഉടന്‍ പുനസ്ഥാപിക്കണമെന്ന് ടി ഡി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. യാതോരു പ്ലാനും പദ്ധതികളുമില്ലാതെയാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തതെന്നും ടി ഡി ആരോപിച്ചു.
കുടിയൊഴിപ്പിക്കലിന്റെ സുനാമി കൊടുങ്കാറ്റായിരിക്കും വരുംനാളുകളിലുണ്ടാവുകയെന്ന് സോഷ്യല്‍ ഡെമോക്രാറ്റ്‌സ് ഹൗസിംഗ് വക്താവ് സിയാന്‍ ഒ’കല്ലഗന്‍ പറഞ്ഞു. ഈ കണക്കുകള്‍ ആശങ്കാജനകമാണെന്ന് സൈമണ്‍ കമ്മ്യൂണിറ്റീസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വെയ്ന്‍ സ്റ്റാന്‍ലി പറഞ്ഞു.
അതേ സമയം വാടകവിപണിയിലെ സാഹചര്യം അപകടകരമല്ലെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രൊഫഷണല്‍ ഓക്ഷനേഴ്സ് ആന്‍ഡ് വാല്യൂവേഴ്‌സ് സിഇഒ പാറ്റ് ഡേവിറ്റ് പറഞ്ഞു.വാടക വീട് നഷ്ടപ്പെടുന്നവര്‍ പുതിയ വീടുകള്‍ വാങ്ങുമെന്നും ഒഴിവായ വീടുകളില്‍ പുതിയ ആളുകള്‍ എത്തുമെന്നും ഇദ്ദേഹം പറയുന്നു.
വാടകക്കാരില്‍ ഏറെയും ഇന്ത്യക്കാരും,മറ്റ് ഏഷ്യന്‍ രാജ്യക്കാരും
അയര്‍ലണ്ടിലെ ഏറ്റവും അധികം കുടിയേറ്റക്കാരുള്ള രാജ്യക്കാര്‍ എന്ന നിലയില്‍ വാടകകയ്ക്ക് താമസിക്കുന്നവരില്‍ അധികവും ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും എത്തിയവരാണ്. പൊതുവെ ഭീഷണിക്ക് വഴങ്ങുന്നവരാണ് അവരെന്നെ ബോധ്യത്തിലും കൂടിയാണ് വീട്ടുടമസ്ഥന്‍ അവരോട് പെരുമാറുന്നത്.
വാടകക്കാരന്റെ ഭാഗത്ത് വാടക മുടക്കിയത് ഉള്‍പ്പെടെ യാതൊരു തെറ്റും ഇല്ലെങ്കില്‍ , നിയമ സഹായത്തോടെ അതേ വീട്ടില്‍ തുടരാനാവുമെങ്കിലും ,പൊതുവെ പ്രശ്നത്തിന് പോകാതെ വീട് വിട്ടു മറ്റൊരു വീട് കണ്ടു പിടിക്കാനാണ് വാടകക്കാര്‍ ശ്രമിക്കുക.ആയിരക്കണക്കിന് പേര്‍ ഇപ്രകാരം തെരുവില്‍ ഇറങ്ങുന്നതോടെ വീടുകള്‍ക്ക് വില കൂടുന്നത് വീട്ടുടമകള്‍ മുതലാക്കുകയും ചെയ്യും.
നിയമസഹായമുള്‍പ്പെടെയുള്ള കാര്യത്തില്‍ വാടകക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന അതേ സംഘടനയാണ് വീട്ടുടമകള്‍ക്ക് വേണ്ടിയും പ്രവര്‍ത്തിക്കുന്ന ആര്‍ ടി ബി എന്നത് വൈരുദ്ധ്യമാണ്. വാടകക്കാര്‍ അന്യായമായി ശിക്ഷിക്കപ്പെടുന്നുണ്ടെങ്കില്‍ അതിനെ നേരിടാനുള്ള ഒരു സംഘം പോലും അയര്‍ലണ്ടില്‍ ഇല്ലെന്നത് വാടകക്കാരന്റെ അവസാന ആശ്രയവും നഷ്ടപ്പെടാന്‍ ഇടയാക്കുകയും ചെയ്യുന്നു,
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us