ഖാലിസ്ഥാന്‍ ആക്രമണം: ഇന്ത്യയെ നടപടി അറിയിക്കാതെ യുകെ

author-image
athira p
New Update

ലണ്ടന്‍: ബ്രിട്ടനിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തിന് നേരെ ഖലിസ്ഥാന്‍ അനുകൂലികളുടെ ആക്രമണമുണ്ടായി 20 ദിവസം പിന്നിട്ടിട്ടും സംഭവത്തില്‍ എന്ത് നടപടിയെടുത്തുവെന്ന വിശദാംശങ്ങള്‍ ഇന്ത്യയ്ക്കു കൈമാറാതെ ബ്രിട്ടന്‍.

Advertisment

publive-image

ഖലിസ്ഥാന്‍ വാദിയായ അമൃത്പാല്‍ സിങിനെതിരേ ഇന്ത്യയില്‍ നടപടി ശക്തമാക്കിയതിനെത്തുടര്‍ന്നായിരുന്നു ബ്രിട്ടനിലെയും ക്യാനഡയിലെയും ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങള്‍ ആക്രമിക്കപ്പെട്ടത്.

മാര്‍ച്ച് 19ന് നടന്ന അക്രമത്തില്‍ ഖലിസ്ഥാന്‍ അനുകൂലികള്‍ ലണ്ടനിലെ ഇന്ത്യന്‍ നയതന്ത്രകാര്യാലയത്തിന്‍റെ വളപ്പിലേക്ക് ഇരച്ചുകയറുകയും ഓഫിസിനു മുന്നിലെ ഇന്ത്യന്‍ പതാക താഴ്ത്തിക്കെട്ടുകയും ചെയ്തിരുന്നു.

സംഭവത്തില്‍ ഇന്ത്യ ആശങ്ക രേഖപ്പെടുത്തുകയും ബ്രിട്ടീഷ് നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നതാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ അത് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തെ ബാധിക്കുമെന്നും ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനു പുറമേ ഇന്ത്യയിലെ ബ്രിട്ടീഷ് നയതന്ത്ര കാര്യാലയത്തിനുള്ള അധിക സുരക്ഷ വെട്ടിച്ചുരുക്കുകയും ചെയ്തിരുന്നു.

ലണ്ടന്‍ വ്യാപാര മേഖലയില്‍ സ്ഥിതിചെയ്യുന്ന നയതന്ത്രകാര്യാലയത്തിന് ബ്രിട്ടണ്‍ മതിയായ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നില്ലെന്നാണ് ഇന്ത്യയുടെ ആരോപണം. ബ്രിട്ടണിലെ ചില ഗുരുദ്വാരകളില്‍ നിന്ന് പഞ്ചാബിലെ മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ തീവ്രവാദികള്‍ ഫണ്ട് സ്വരൂപിക്കുന്നതിന്റെ തെളിവുകള്‍ ബ്രിട്ടീഷ് ഇന്റലിജന്‍സ് മേധാവികള്‍ക്ക് വീണ്ടും നല്‍കിയിട്ടും അവ തടയാന്‍ നടപടിയെടുക്കുന്നില്ലെന്നും ഇന്ത്യ ആരോപിക്കുന്നു.

Advertisment