നാണയപ്പെരുപ്പം യൂറോ സോണിന്റെ സാമ്പത്തിക വളര്‍ച്ചയെ മന്ദഗതിയിലാക്കിയെന്ന് യൂറോസ്റ്റാറ്റ്

author-image
athira p
New Update

ബ്രസല്‍സ് : കുതിയ്ക്കുന്ന നാണയപ്പെരുപ്പം യൂറോ സോണിന്റെ സാമ്പത്തിക വളര്‍ച്ചയെയും ദോഷകരമായി ബാധിച്ചു തുടങ്ങിയെന്ന് യൂറോ സ്റ്റാറ്റിന്റെ കണക്കുകള്‍. യൂറോസോണിലാകെ പണപ്പെരുപ്പം റെക്കോര്‍ഡിലെത്തിയ ഈ വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ സാമ്പത്തിക വളര്‍ച്ച കുറഞ്ഞെന്നാണ് ഏജന്‍സി നിരീക്ഷിക്കുന്നത്. യൂറോ സോണിന്റെ സാമ്പത്തികവളര്‍ച്ചയെ സ്തംഭിപ്പിക്കുന്ന നിലയിലേയ്ക്ക് പണപ്പെരുപ്പത്തിന്റെ വളര്‍ച്ച ഇടയാക്കുമോയെന്ന ആശങ്കയാണ് വിദഗ്ധര്‍ പങ്കുവെയ്ക്കുന്നത്.യൂറോ ഏരിയ വാർഷിക പണപ്പെരുപ്പം 2023 ഫെബ്രുവരിയിലെ 8.5 ശതമാനത്തിൽ നിന്ന് 2023 മാർച്ചിൽ 6.9% ആയി കുറഞ്ഞറെങ്കിലും,വിലക്കയറ്റത്തിൽ കാര്യമായ കുറവൊന്നും ഉണ്ടായിട്ടില്ല.

Advertisment

publive-image

യൂറോ സോണിന്റെ സാമ്പത്തിക വളര്‍ച്ച കഴിഞ്ഞ വര്‍ഷത്തെ അവസാനപാദത്തില്‍ 0.3 ശതമാനമായിരുന്നു. അത് ഈ വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 0.2 ശതമാനമായി കുറഞ്ഞു. അംഗരാജ്യങ്ങളുടെ ജിഡിപിയെയും ഇത് മോശമായി ബാധിച്ചു. ഫ്രാന്‍സിന്റെ ജി ഡി പി വളര്‍ച്ച നിലച്ചപ്പോള്‍ ഇറ്റലിയുടെ ജി ഡി പി കുറഞ്ഞതായും കണക്കുകള്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം യൂറോസോണിന്റെ സാമ്പത്തിക വളര്‍ച്ച 5.0% ഉയര്‍ന്നിരുന്നു. ഉക്രൈനിലെ യുദ്ധം ഉയര്‍ത്തുന്ന അനിശ്ചിതത്വവും കുതിച്ചുയരുന്ന പണപ്പെരുപ്പവും സാമ്പത്തിക വളര്‍ച്ചയെ വീണ്ടും തളര്‍ത്തുമോയെന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്. യൂറോ സോണിലെ പണപ്പെരുപ്പമാണെങ്കില്‍ നിലം തൊടാതെ പായുകയാണ്.

ബാള്‍ട്ടിക് രാജ്യങ്ങളെയാണ് ഏറ്റവും കൂടുതല്‍ പണപ്പെരുപ്പവും വിലക്കയറ്റവും ബാധിച്ചത്. എസ്തോണിയയില്‍ 19 ശതമാനവും ലിത്വാനിയയില്‍ 16.6 ശതമാനവും ലാത്വിയയില്‍ 13.3 ശതമാനവുമാണ് വിലക്കയറ്റം. ഫ്രാന്‍സും ഇറ്റലിയും ജര്‍മ്മനിയുമുള്‍പ്പടെയുള്ള വലിയ രാജ്യങ്ങള്‍ക്ക് താരതമ്യേന പണപ്പെരുപ്പം പിടിച്ചുനിര്‍ത്താനായെന്നത് തെല്ല് ആശ്വാസം നല്‍കുന്നതാണ്.

എന്നിട്ടും വിലക്കയറ്റ വിഷയത്തിൽ കാര്യമായി ഇടപെടാന്‍ ഇ സി ബി തയ്യാറാകാത്തത് ആക്ഷേപത്തിനിടയാക്കിയിട്ടുണ്ട്. പണപ്പെരുപ്പവും വിലക്കയറ്റവുമൊക്കെ നിയന്ത്രിക്കുന്നതിന് ഇ സി ബി സത്വര നടപടിയെടുത്തില്ലെങ്കില്‍ യൂറോ സോണാകെ സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് നീങ്ങുമെന്ന അതിശക്തമായ മുന്നറിയിപ്പാണ് വിദഗ്ധര്‍ നല്‍കുന്നത്.

Advertisment