വീണ്ടുമൊരു തൊഴിലാളി ദിനം കൂടി വന്നെത്തുകയാണ്. ഒരു അനുസ്മരണ ദിനമെന്നതിലപ്പുറം ലോകമാകമാനമുള്ള തൊഴിലാളികളുടെ ജീവിതത്തിലേക്ക് പുതിയൊരു വെളിച്ചം നല്‍കുകയും അതുവഴി ലോകത്തെ ഭൂരിപക്ഷം മനുഷ്യരുടെയും ജീവിതത്തിന് ഒരു നിശാബോധം നല്‍കിയ ദിനം കൂടിയാണ് മെയ് ഒന്ന്.
സമ്പത്ത് ഒരു ന്യൂനപക്ഷത്തിലേക്ക് കേന്ദ്രീകരിക്കപ്പെടുമ്പോള്‍ ഭൂരിപക്ഷം വരുന്ന തൊഴിലാളികള്‍ എല്ലാ മേഖലയിലും അതിരുവത്ക്കരിക്കപ്പെടുന്നു. ഈ മാറ്റി നിര്‍ത്തല്‍ ഒരു കാലഘട്ടത്തില്‍ ശക്തമാവുകയും ലോകമെങ്ങുമുള്ള ജനം ഉയര്‍ത്തിയ പ്രതിഷേധം അതിന്‍റെ ഏറ്റവും ഭാവനാപൂര്‍ണ്ണമായ തലത്തിലേക്ക് ഉയരുകയും ചെയ്ത കാലത്താണ് 'മെയ് ഒന്ന്' ലോകമെങ്ങും തൊഴിലാളികളുടെ ദിവസമായി അംഗീകരിക്കപ്പെടുന്നത്.
ഇതിലേക്ക് എത്തിചേരുന്നതിനായി അക്കാലത്തെ യൂറോപ്പിലെയും അമേരിക്കയിലെയും പ്രധാനപ്പെട്ട എല്ലാം നഗരങ്ങളിലും സ്വാഭാവിക പ്രക്രിയയായി തന്നെ തൊഴിലാളികള്‍ തങ്ങളുടെ അവകാശങ്ങള്‍ക്കായി ശബ്ദം ഉയര്‍ത്തിയിരുന്നു.
വാണിജ്യ താത്പര്യത്തിന്‍റെ പുറത്ത് ലോകം മുഴുവനും തങ്ങളുടെ കാല്‍ക്കീഴിലാക്കുക എന്ന ആശയത്തെ മുന്‍നിര്‍ത്തി യൂറോപ്പിലെ ശക്തരായ രാജ്യങ്ങള്‍ ലോകമെങ്ങും കപ്പലോടിച്ചെത്തി, തദ്ദേശീയ സംസ്കാരവും ജീവിതവും അടിമുടി പിഴുതെടുത്ത് അവിടങ്ങളില്‍ കോളനികള്‍ നിര്‍മ്മിച്ചു. കോളനികളില്‍ നിന്ന് അവശ്യത്തിലും അധികം വിഭവങ്ങള്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് ഒഴുകിയെത്തിയത് വ്യാവസായിക യുഗത്തിലേക്ക് മനുഷ്യനെ കൊണ്ടെത്തിച്ചു.
'കൂടുതല്‍ ഉത്പാദനം, കൂടുതല്‍ ലാഭം' എന്ന് മനോഭാവത്തിലേക്ക് യൂറോപ്യന്‍ രാജ്യങ്ങളും അവിടുത്തെ സമ്പന്നരും വ്യവസായികളും നീങ്ങിയപ്പോള്‍ കോളനികളിലെന്ന പോലെ യൂറോപ്യന്‍ രാജ്യങ്ങളിലും റഷ്യയിലും അമേരിക്കയിലും ഒരു വലിയ വിഭാഗം ജനത തൊഴിലാളികളാക്കി മാറ്റപ്പെട്ടു. ഈ തൊഴില്‍ ശക്തിക്ക് പക്ഷേ അധികാരത്തിലോ സമ്പത്തിലോ അവകാശമുണ്ടായിരുന്നില്ല. മൂലധനം ഇറക്കുന്നയാള്‍ക്ക് കൂടുതല്‍ ലാഭം നേടിക്കൊടുക്കുക എന്നത് മാത്രമായി അവരുടെ ജീവിതങ്ങള്‍ മാറ്റപ്പെട്ടു.
സമൂഹത്തിന്റെ വിവിധ മേഖലകളെ സാധാരണക്കാരായ തൊഴിലാളികളെ 15 മണിക്കൂറോളം ജോലി ചെയ്യിപ്പിച്ചാണ് മുതലാളിമാർ ചൂഷണം ചെയ്തിരുന്നത്. മുതലാളിമാരുടെ ഇത്തരം ചൂഷണങ്ങളിൽ നിന്നും സമരത്തിലൂടെയാണ് തൊഴിലാളികൾ അവകാശം നേടിയെടുത്തത്. 8 മണിക്കൂർ ജോലി, 8 മണിക്കൂർ വിശ്രമം, 8 മണിക്കൂർ വിനോദം എന്ന തൊഴിലാളി വർഗ്ഗത്തിന്റെ മുന്നേറ്റ ചരിത്രം കൂടി മെയ് ദിനത്തിന് പിന്നിലുണ്ട്.
1889 ജൂലായ് 14- ന് ഫ്രാന്‍സിലെ പാരീസില്‍ നടന്ന യൂറോപ്പിലെ സോഷ്യലിസ്റ്റ് പാര്‍ട്ടികളുടെ ആദ്യ അന്താരാഷ്ട്ര കോണ്‍ഗ്രസിലാണ് എല്ലാ വര്‍ഷവും മെയ് 1 തൊഴിലാളി ദിനമായി ആചരിക്കുന്നതിന് പ്രഖ്യാപനം ഉണ്ടാവുന്നത്. ഇതിനു ശേഷം 1890 മെയ് 1 ന് ആദ്യത്തെ മെയ് ദിനാഘോഷം നടന്നു.
തൊഴിലാളികള്‍ക്ക് ഐക്യദാര്‍ഢ്യവും അന്താരാഷ്ട്ര ഐക്യവും പ്രഖ്യാപിക്കുന്ന ദിനം കൂടിയാണ് മെയ് 1. ഇന്ത്യയില്‍ ആദ്യമായി മദ്രാസിലാണ് മെയ് ദിനം ആഘോഷിച്ചത്. ലേബര്‍ കിസാന്‍ പാര്‍ട്ടി ഓഫ് ഹിന്ദുസ്ഥാനാണ് 1923 മെയ് 1 നു തൊഴിലാളിദിനം ആചരിച്ചത്. കമ്മ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുവേണ്ടിയുള്ള തൊഴിലാളി പ്രസ്ഥാനങ്ങളുമായി ഈ ദിവസം ബന്ധപ്പെട്ടിരിക്കുന്നു.