ന്യൂഡെല്‍ഹി: ഇറ്റലി സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഐ ടി എ എയര്‍വേയ്സ് ഏറ്റെടുക്കാനുള്ള ജര്‍മ്മന്‍ വിമാനക്കമ്പനി ലുഫ്താന്‍സയുടെ നീക്കങ്ങള്‍ പുരോഗമിക്കുന്നു. ഐ ടി എയുമായുള്ള ഇതു സംബന്ധിച്ച കരാര്‍ ദിവസങ്ങള്‍ക്കുള്ളിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.പുതിയ നീക്കത്തിന്റെ ഭാഗമായി ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ വര്‍ദ്ധിപ്പിക്കാന്‍ ലുഫ്താന്‍സ തീരുമാനിച്ചത് ആഗോള തലത്തില്‍ ശ്രദ്ധേയമാവുണ്ട്. ഗള്‍ഫ് വിമാനകമ്പനികളുമായി മത്സരിച്ച് നേട്ടം കൊയ്യാനാണ് ലുഫ്താന്‍സയുടെ പരിശ്രമം.
/sathyam/media/post_attachments/VL2DYOy8COA0w7r2zceh.jpg)
കരാറിന്റെ വിശദാംശങ്ങള്‍ ഇരു പക്ഷവും പുറത്തുവിട്ടിട്ടില്ല. എന്നിരുന്നാലും ഏതാണ്ട് 200 മില്യണ്‍ യൂറോ വിലമതിക്കുന്ന ഐ ടി എയുടെ 40% ഓഹരികളാണ് ജര്‍മ്മന്‍ കമ്പനിയ്ക്ക് വില്‍ക്കുന്നതെന്നാണ് വിവരം.ഇടപാടിന്റെ വിശദാംശങ്ങള്‍ ഐ ടി എ ഉടന്‍ പ്രഖ്യാപിക്കുമെന്ന് ഇറ്റാലിയന്‍ എയര്‍ലൈന്‍ ചെയര്‍മാന്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഐ ടി എയുമായി കരാറിലെത്തുന്നതിലൂടെ ഇന്ത്യയില്‍ നിന്ന് കൂടുതല്‍ യാത്രികരെ നേടാന്‍ ലുഫ്താന്‍സയ്ക്ക് കഴിയുമെന്നാണ് കരുതുന്നത്.ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന വ്യോമയാന വിപണിയാണ് ഇന്ത്യ.ഇന്ത്യന്‍ വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമാണ് ഇറ്റലി.ഐ ടി എ ഇതിനകം ചില നോണ്‍സ്റ്റോപ്പ് ഇറ്റലി-ഇന്ത്യ ഫ്‌ളൈറ്റുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്.ദക്ഷിണേന്ത്യന്‍ നഗരങ്ങളായ ബെങ്കളൂരു, ഹൈദ്രാബാദ് എന്നിവിടങ്ങളില്‍ നിന്നും ഉടന്‍ തന്നെ വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ലുഫ്താന്‍സ അറിയിച്ചു.
ഇറ്റാലിയന്‍ സര്‍ക്കാരുമായുള്ള ചര്‍ച്ചകള്‍ വളരെ നല്ല നിലയില്‍ മുന്നോട്ടു പോവുകയാണെന്ന് ലുഫ്താന്‍സ ഗ്രൂപ്പ് മേധാവി ഹാരി ഹോമിസ്റ്റര്‍ പറഞ്ഞു.എങ്ങനെ ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്ന് കാര്യത്തില്‍ രണ്ട് എയര്‍ലൈനുകളും ധാരണയിലെത്തിയിട്ടുണ്ടെന്ന് ഇദ്ദേഹം പറഞ്ഞു.
ടാറ്റയുടെ എയര്‍ ഇന്ത്യ യൂറോപ്പിലേക്കും യു എസിലേക്കും നോണ്‍-സ്റ്റോപ്പ് ഫ്‌ളൈറ്റുകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ലുഫ്താന്‍സയുടെ പ്രഖ്യാപനവും വന്നത്.ബജറ്റ് കാരിയറായ ഇന്‍ഡിഗോ, കോഡ്ഷെയര്‍ പാര്‍ട്ണറായ ടര്‍ക്കിഷ് എയര്‍ലൈന്‍സുമായി ചേര്‍ന്ന് അതിന്റെ അതിന്റെ ആഗോള ശൃംഖലയും വിശാലമാക്കുകയാണ്.ഇന്ത്യയുടെ മുന്നേറ്റം ഗൗരവത്തോടെയാണ് കാണുന്നതെന്ന് ഹോമിസ്റ്റര്‍ പറഞ്ഞു.
എന്നാല്‍ മിഡില്‍ ഈസ്റ്റേണ്‍ കാരിയറുകളില്‍ നിന്നുള്ള മത്സരമാണ് വലിയ ആശങ്കയുയര്‍ത്തുന്നതെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടു.ഇപ്പോഴും നിറഞ്ഞോടുന്ന വിമാനങ്ങള്‍ക്ക് നിരക്ക് കുറയ്ക്കാന്‍ മിഡില്‍ ഈസ്റ്റിലെ വിമാനകമ്പനികള്‍ തയാറായിട്ടില്ല.
ടിക്കറ്റ് നിരക്കു കുറച്ചും, ഭക്ഷണവിതരണമുള്‍പ്പെടെ ആതിഥ്യ മര്യാദകളില്‍ മികവ് കാട്ടിയും എയര്‍ ലൈന്‍സുകള്‍ തമ്മിലുള്ള മത്സരം തുടരുമ്പോള്‍ അതിന്റെ പ്രയോജനം അന്താരാഷ്ട്ര യാത്രക്കാര്‍ക്കാവും ഉണ്ടാവുകയെന്ന് വ്യോമയാന മേഖലയിലെ വിദഗ്ദര്‍ വിലയിരുത്തുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us