ബര്‍ലിന്‍: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാലമാണ് വരാന്‍ പോകുന്നത്. എന്നാല്‍, സാങ്കേതിക മുന്നേറ്റത്തിന്റെ ഈ അതിപ്രസരം മാനവരാശിയുടെ തന്നെ അന്ത്യം കുറിച്ചേക്കാമെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടാറുള്ള ജൊഫ്രി ഹിന്റണ്‍.
/sathyam/media/post_attachments/jHF7OpnxtfIUmONElrTG.jpg)
ഒരു പതിറ്റാണ്ടിലേറെ ഗൂഗ്ളില്‍ ജോലി ചെയ്ത ശേഷം അതവസാനിപ്പിച്ചാണ് ഹിന്റണ്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെതിരായ പ്രചാരണവുമായി പൊതുജന മധ്യത്തിലേക്കിറങ്ങുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ചാറ്റ് ജി.പി.ടി പോലുള്ള ചാറ്റ്ബോട്ടുകള്‍ വൈകാതെ സമൂഹത്തില്‍ വന്‍ദുരന്തം തന്നെ വരുത്തുമെന്ന് അദ്ദേഹം പറയുന്നു.
1990ല്‍ വെബ് ബ്രൗസറുകള്‍ അവതരിപ്പിക്കപ്പെട്ടതിന് സമാനമായാണ് തുടക്കത്തില്‍ ചാറ്റ് ബോട്ടുകള്‍ വിലയിരുത്തപ്പെട്ടത്. എന്നാല്‍, അതിഭീകരനായ ഒരു ജീവിയെ തുറന്നുവിടുംപോലെയാണ് ഇതെന്ന് വിമര്‍ശകര്‍ പറയുന്നു. തെറ്റായ വിവരങ്ങള്‍ പരത്താനുള്ള ഒരു ഉപകരണമായി ചാറ്റ്ബോട്ടുകള്‍ മാറുമെന്നാണ് ഒരു മുന്നറിയിപ്പ്. തൊഴില്‍ മേഖലയിലും ഭീഷണി സൃഷ്ടിക്കുമെന്നും പറയുന്നു.
ചാറ്റ്ജിപിടിക്കു സമാനമായ മറ്റു പ്ളാറ്റ്ഫോമുകള്‍ അവതരിപ്പിക്കുന്നത് ആറു മാസത്തേക്ക് മരവിപ്പിക്കണമെന്ന് ടെക്നോളജി രംഗത്തെ പ്രമുഖരായ ആയിരം പേര്‍ തുറന്ന കത്തും എഴുതിയിട്ടുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തെ അക്കാഡമിക് സംഘടനയായ അസോസിയേഷന്‍ ഫോര്‍ ദി അഡ്വാന്‍സ്മെന്റ് ഓഫ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ നിലവിലുള്ള ഭാരവാഹികളും മുന്‍ ഭാരവാഹികളുമടക്കം 19 പേര്‍ ചേര്‍ന്ന് തയാറാക്കിയ കത്തും സമാനമായ മുന്നറിയിപ്പുകള്‍ നല്‍കുന്നു. മൈക്രോസോഫ്റ്റ് ചീഫ് സയന്റിഫിക് ഓഫീസര്‍ എറിക് ഹോര്‍വിറ്റ്സ് അടക്കമുള്ളവര്‍ ഇതില്‍പ്പെടുന്നു. അന്ന് ഗൂഗ്ളില്‍ ഉദ്യോഗസ്ഥനായിരുന്നതിനാല്‍ പരസ്യമായി രംഗത്തിറങ്ങാതിരുന്ന ഹിന്റണാണ് ഒടുവില്‍ അവിടെ ജോലി ഉപേക്ഷിച്ച് ഈ ദൗത്യവുമായി ഇറങ്ങുന്നത്.
അടുത്തിടെ മൈക്രോസോഫ്റ്റ് സെര്‍ച്ച് എഞ്ചിനായ ബിങ് ഇതോടൊപ്പം ചാറ്റ്ബോട്ട് സേവനവും ഉള്‍പ്പെടുത്തിയിരുന്നു. ഇതോടെ, സമാന സേവനം വൈകാതെ ലഭ്യമാക്കാനുള്ള തിരക്കിട്ട ശ്രമങ്ങളിലാണ് ഗൂഗ്ള്‍. ഇത്തരം പ്ളാറ്റ്ഫോമുകള്‍ വ്യാപകമാകുന്നതോടെ ഇന്റര്‍നെറ്റില്‍ വ്യാജ ചിത്രങ്ങള്‍, വിഡിയോകള്‍, എഴുത്തുകള്‍ എന്നിവയുടെ പ്രളയമാകുമെന്ന് വിദഗ്ധര്‍ ആശങ്ക പ്രകടിപ്പിക്കുന്നു. ഭാവിയില്‍ സ്വന്തം കമ്പ്യൂട്ടര്‍ കോഡുകള്‍ ഉണ്ടാക്കുന്ന നിര്‍മിത ബുദ്ധി സംവിധാനങ്ങള്‍ അത്യപകടകരമായ ആയുധങ്ങള്‍ വരെ സ്വയം ഉല്‍പാദിപ്പിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ഇതിന് ഏറെ കാത്തിരിപ്പ് വേണ്ടിവരില്ലെന്ന് ഹിന്റണ്‍ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us