ലണ്ടന്‍: ബ്രിട്ടന്റെ പുതിയ രാജാവായി ചുമതലയേറ്റ ചാള്‍സ് മൂന്നാമന് ഇഷ്ടപ്പെട്ട രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇതിനു പുറമേ, പഴയ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന 56 രാജ്യങ്ങളുടെ സംഘടനയായ കോമണ്‍വെല്‍ത്തിനോടും അദ്ദേഹത്തിനു പ്രത്യേക താത്പര്യമാണുള്ളത്.
/sathyam/media/post_attachments/nNFjv2jVw3hQ972hFPcE.jpg)
ഇന്ത്യയോടും ആയുര്‍വേദത്തോടും തികഞ്ഞ ആദരവും സ്നേഹവും വെച്ചുപുലര്‍ത്തുന്ന വ്യക്തിയാണ് ചാള്‍സ് മൂന്നാമന്‍. കിരീടാവകാശിയെന്ന നിലയില്‍ നിരവധി തവണ അദ്ദേഹം ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ട്. ദക്ഷിണേഷ്യയിലെ ദാരിദ്യ്രവും കഷ്ടപ്പാടുകളും ഇല്ലായ്മ ചെയ്യുക എന്ന ലക്ഷ്യത്തോടെ 2007ല്‍ അദ്ദേഹം സ്ഥാപിച്ച ബ്രിട്ടീഷ് ഏഷ്യന്‍ ട്രസ്ററ് വഴി നടപ്പാക്കിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യക്കും വലിയ പ്രാധാന്യം നല്‍കിയിരുന്നു.
2021ല്‍ ഇന്ത്യ കടുത്ത കോവിഡ് പ്രതിസന്ധിയിലൂടെ കടന്നുപോയപ്പോള്‍ സഹായത്തിന് ആഹ്വാനം ചെയ്തവരില്‍ ചാള്‍സും മുന്നിലുണ്ടായിരുന്നു. ഇന്ത്യ മറ്റുള്ളവരെ സഹായിച്ചതുപോലെ, ഇപ്പോള്‍ നമ്മള്‍ ഇന്ത്യയെ സഹായിക്കണമെന്ന് അദ്ദേഹം അന്ന് ആഹ്വാനം ചെയ്തിരുന്നു.
കോവിഡിന്റെ പശ്ചാത്തലത്തില്‍ യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം ഓര്‍മിപ്പിച്ചിരുന്നു. സമ്മര്‍ദം നിയന്ത്രിക്കാന്‍ സഹായിക്കുന്ന, ഏവര്‍ക്കും പ്രാപ്യമായ ചികിത്സാരീതി എന്നാണ് അദ്ദേഹം യോഗയെ വിശേഷിപ്പിച്ചത്. 2018 ഏപ്രിലില്‍, യോഗയെയും ആയുര്‍വേദത്തെയും കുറിച്ചുള്ള ഗവേഷണത്തിനായി ആയുര്‍വേദ എക്സലന്‍സ് സെന്ററിന് അദ്ദേഹം ലണ്ടനില്‍ തുടക്കമിട്ടു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ലണ്ടനിലെ സയന്‍സ് മ്യൂസിയത്തില്‍ നടന്ന ചടങ്ങിലായിരുന്നു സെന്ററിന്റെ ഉദ്ഘാടനം.
2019 നവംബറിലാണ് ചാള്‍സ് അവസാനമായി ഇന്ത്യ സന്ദര്‍ശിച്ചത്. മുംബൈയിലെ സ്കൂള്‍ കുട്ടികളോടൊപ്പം തന്റെ 71ാം ജന്മദിനവും അദ്ദേഹം ആഘോഷിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us