ഇമ്രാന്റെ അറസ്ററ്: പാക്കിസ്ഥാന്‍ കത്തുന്നു

author-image
athira p
New Update

ലാഹോര്‍: പാക്കിസ്ഥാനില്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ബലപ്രയോഗത്തിലൂടെ അറസ്ററ് ചെയ്തതിനു പിന്നാലെ രാജ്യത്ത് അക്രമം അഴിച്ചു വിട്ട് പാക്കിസ്ഥാന്‍ ടെഹ്രീക് ഇന്‍സാഫ് (പിടിഐ) പാര്‍ട്ടി അനുകൂലികള്‍. റാവല്‍പിണ്ടിയിലെ പാക് സൈനിക ഹെഡ് ക്വാര്‍ട്ടേഴ്സിലേക്ക് ഇമ്രാനെ പിന്തുണയ്ക്കുന്നവര്‍ പാഞ്ഞു കയറിയത് വന്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ലാഹോറിലെ സൈനിക കമാന്‍ഡറുടെ വസതിയിലേക്കും ആള്‍ക്കൂട്ടം ഇടിച്ചു കയറി.

Advertisment

publive-image

ഇമ്രാനെ അറസ്ററ് ചെയ്തതായുള്ള വാര്‍ത്തകള്‍ പുറത്തു വന്നതിനു പിന്നാലെ പാക്കിസ്ഥാനിലെ പല നഗരങ്ങളിലായി വലിയ രീതിയിലുള്ള പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറിയിരുന്നു. പലയിടങ്ങളിലും പ്രതിഷേധം അക്രമത്തിലേക്കു കടന്നു. പിടിഐ പ്രവര്‍ത്തകര്‍ കറാച്ചിയില്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ കത്തിക്കുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ലാഹോറില്‍ സൈനിക കമാന്‍ഡറുടെ വസതിയിലേക്ക് ഇരച്ചെത്തിയ പിടിഐ അനുഭാവികള്‍ വസതിയുടെ ഗേറ്റും ജനലും തകര്‍ത്തു.

പ്രധാന റോഡുകളെല്ലാം പ്രതിഷേധകാരികള്‍ കൈയടക്കിയതോടെ ലാഹോര്‍ മറ്റു പ്രവിശ്യകളില്‍ നിന്നും ഏതാണ്ട് ഒറ്റപ്പെട്ട അവസ്ഥയിലാണ്. സംഘര്‍ഷാവസ്ഥ നിയന്ത്രിക്കാനായി പ്രദേശത്ത് സെക്ഷന്‍ 144 പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടു ദിവസത്തേക്ക് കൂട്ടം കൂടുന്നത് പ്രദേശത്ത് വിലക്കിയിട്ടുണ്ടെന്നും ആഭ്യന്തര വകുപ്പ് വ്യക്തമാക്കി. അക്രമങ്ങള്‍ പടരുന്ന പ്രദേശങ്ങളില്‍ മൊബൈല്‍ നെറ്റ് വര്‍ക്ക്, ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

പാക് മന്ത്രി റാണ സനുല്ലായുടെ വീട്ടിലേക്ക് പ്രതിഷേധകാരികള്‍ കല്ലേറ് നടത്തി. മുള്‍ട്ടാന്‍, ഝാങ്, ഗുജ്റാന്‍ വാല, ഷെയ്ഖുപുര, കസൂര്‍, ഖനേവാള്‍, വേഹാരി, ഹഫീസാബാദ് എന്നീ നഗരങ്ങളിലും സംഘര്‍ഷാവസ്ഥ നില നില്‍ക്കുകയാണ്.

Advertisment