അങ്കാറ: തുര്‍ക്കി പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ ഒരു സ്ഥാനാര്‍ഥി കൂടി പിന്‍മാറി. ഇനി മൂന്നു പേര്‍ മാത്രമാണ് മത്സരരംഗത്ത് ശേഷിക്കുന്നത്.
/sathyam/media/post_attachments/cYrkWuIwOpLmdnh9Mqvz.jpg)
മുഹറം ഇന്‍സെയാണ് ഏറ്റവുമൊടുവില്‍ തെരഞ്ഞെടുപ്പില്‍നിന്നു പിന്‍മാറിയിരിക്കുന്നത്. പ്രതിപക്ഷ ഐക്യത്തിന്റെ സ്ഥാനാര്‍ഥിയായ കെമാല്‍ കിലിക്ദരോഗ്ളുവിനു വേണ്ടിയുള്ള രാഷ്ട്രീയ തന്ത്രമായി ഇതു വിലയിരുത്തപ്പെടുന്നുണ്ട്. എന്നാല്‍, അശ്ളീല വിഡിയോ പുറത്തുവന്നതാണ് പിന്‍മാറ്റത്തിനു കാരണമെന്നാണ് ഭരണപക്ഷം പരിഹസിക്കുന്നത്.
ഞായറാഴ്ചയാണ് തുര്‍ക്കിയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്. പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിച്ചു പോകാതിരിക്കാന്‍ മത്സരത്തില്‍ നിന്നു പിന്‍മാറണമെന്ന് ഇന്‍സെയ്ക്കു മേല്‍ കടുത്ത സമ്മര്‍ദമുണ്ടായിരുന്നു.
കഴിഞ്ഞ 45 ദിവസമായി തനിക്കെതിരെ അപവാദ പ്രചാരണവും വ്യക്തിഹത്യയും നടക്കുകയായിരുന്നുവെന്ന് പിന്മാറ്റം പ്രഖ്യാപിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. തന്റെ അന്തസ്സ് സംരക്ഷിക്കാന്‍ തുര്‍ക്കി അധികൃതര്‍ക്ക് കഴിഞ്ഞില്ല. ഒരു ഇസ്രായേലി അശ്ളീല വെബ്സൈറ്റില്‍നിന്ന് എടുത്ത വിഡിയോയില്‍ തന്റെ മുഖം ചേര്‍ത്ത് എതിരാളികള്‍ പ്രചരിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം പരാജയപ്പെട്ടാല്‍ തന്റെ മേല്‍ കുറ്റം ചുമത്തപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മുഹറം ഇന്‍സെയുടെ പിന്മാറ്റം പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ മുഖ്യ എതിരാളിയായ കെമാല്‍ കിലിക്ദരോഗ്ളുവിന്റെ സാധ്യത വര്‍ധിപ്പിക്കുകയാണ്. ആറു പ്രതിപക്ഷ പാര്‍ട്ടികളാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നത്. ഏറ്റവും പുതിയ അഭിപ്രായ വോട്ടെടുപ്പില്‍ ഇദ്ദേഹത്തിന് 49 ശതമാനം വോട്ട് ലഭിക്കുമെന്നാണ് പ്രവചനം. ഇന്‍സെയുടെ പിന്‍മാറ്റത്തോടെ ഇത് അമ്പത് ശതമാനത്തിനു മുകളിലെത്തുമെന്നും കണക്കാക്കുന്നു. മൂന്നു സ്ഥാനാര്‍ഥികളില്‍ ആര്‍ക്കും 50 ശതമാനം വോട്ട് ലഭിച്ചില്ലെങ്കില്‍ രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും തെരഞ്ഞെടുപ്പ് നടക്കും. ഏറ്റവും കൂടുതല്‍ വോട്ട് കിട്ടിയ രണ്ടു പേരായിരിക്കും ഇതില്‍ മത്സരിക്കുക.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us