ഹിറ്റ്ലറുടെ ജന്മവീട് മനുഷ്യാവകാശ പഠനകേന്ദ്രമാക്കുന്നു

author-image
athira p
New Update

വിയന്ന: ജര്‍മന്‍ ഏകാധിപതി അഡോള്‍ഫ് ഹിറ്റ്ലര്‍ ജനിച്ച വീട് പോലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള മനുഷ്യാവകാശ പഠനകേന്ദ്രമാക്കാന്‍ ഓസ്ട്രിയന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

Advertisment

publive-image

ഓസ്ട്രിയയിലെ ബ്രൗണൗ അം ഇന്‍ പട്ടണത്തിലെ മൂന്ന് നില കെട്ടിടത്തില്‍ 1889~ലാണ് ഹിറ്റ്ലര്‍ ജനിച്ചത്. പിന്നീട് ജര്‍മനിയിലേക്ക് കുടിയേറിയ ഹിറ്റ്ലറിന്‍റെ കുടുംബം 17~ാം നൂറ്റാണ്ടില്‍ നിര്‍മിച്ച ഈ കെട്ടിടത്തിന്‍റെ മുകള്‍നിലയില്‍ ഏതാനും മാസങ്ങള്‍ മാത്രമാണ് താമസിച്ചത്.

2011 മുതല്‍ ഒഴിഞ്ഞുകിടക്കുന്ന കെട്ടിടം 2016~ലാണ് ഓസ്ട്രിയന്‍ സര്‍ക്കാര്‍ ഏറ്റെടുത്തത്. നാസി അനുകൂലികള്‍ കെട്ടിടത്തെ മഹത്വവല്‍ക്കരിച്ച് ടൂറിസ്ററ് കേന്ദ്രമാക്കുന്നത് തടയാനായി സര്‍ക്കാര്‍ പഴയ ഉടമയ്ക്ക് വന്‍തുക വാടക നല്‍കിയിരുന്നു. എന്നാല്‍ കെട്ടിടത്തിന്‍റെ ഉടമസ്ഥാവകാശം വിട്ടുനല്‍കാന്‍ ഇയാള്‍ തയാറാകാതിരുന്നതോടെ കോടതി വിധി വഴിയാണ് സര്‍ക്കാര്‍ കെട്ടിടം സ്വന്തമാക്കിയത്.

തുടര്‍ന്ന്, പൊതുജന സര്‍വേ നടത്തിയ ശേഷമാണ് കെട്ടിടം മനുഷ്യാവാകാശ പഠനകേന്ദ്രമാക്കാന്‍ തീരുമാനിച്ചത്. കെട്ടിടം പൊളിച്ചുകളഞ്ഞാല്‍ നാസി ചരിത്രം മായ്ച്ചുകളയുന്ന നടപടിയാകുമെന്നും ഫാസിസ്ററ് വിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ഇത് ഉപയോഗിക്കണമെന്നുമാണ് ജനം അഭിപ്രായപ്പെട്ടത്.

20 മില്യണ്‍ യൂറോ മുടക്കി ആരംഭിക്കുന്ന പഠനകേന്ദ്രം 2026~ല്‍ പ്രവര്‍ത്തനക്ഷമമാകുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്.

Advertisment